പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
വൈത്തിരി: വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലുള്ള പുതിയ വില്ലേജ്, അംബേദ്കര്‍, കുപ്പച്ചി ഉന്നതികളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 പ്രകാരം വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തി. അട്ടമലയിലെ 50ാം നമ്പര്‍ അങ്കണവാടി, ചൂരല്‍ മലയിലെ 54ാം നമ്പര്‍ അങ്കണവാടി എന്നിവ സന്ദര്‍ശിച്ച കമ്മീഷന്‍ അമൃതം പൊടി വിതരണത്തിലെ തടസ്സം സംബന്ധിച്ച് വിശദമായി അന്വേഷിച്ചു. അങ്കണവാടികളിലെ പോഷക വിതരണത്തിനായി ഉപയോഗിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് ഓണ്‍ലൈന്‍ പോര്‍ട്ടലായ പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടായതായി കമ്മീഷന്‍ വിലയിരുത്തി. ഇത് ജില്ലയില്‍ ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതിനും കേന്ദ്രത്തില്‍ നിന്നുള്ള ഗോതമ്പിന്റെ വിഹിതം കുറയാനും ആവശ്യത്തിനുള്ള ഗോതമ്പ് അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു. സാങ്കേതിക തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിച്ച് പോഷകാഹാര വിതരണം കൃത്യമായി നടത്തുവാന്‍ ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. നെറ്റ് വര്‍ക്ക് സംബന്ധമായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് എല്ലാ ഗുണഭോകതാക്കളേയും പോഷന്‍ ട്രാക്കറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് വനിതാശിശു വികസന ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചു.
പുതിയ വിലേജ്, അംബേദ്കര്‍ ഉന്നതി നിവാസികളോട് കമ്മീഷന്‍ സംവദിക്കുകയും മേഖലയിലെ ഭക്ഷ്യ വിതരണം സംബന്ധിച്ച് ചോദിച്ചറിയുകയും ചെയ്തു. ചുള്ളിക്ക ജി എല്‍ പി സ്‌കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ എ.പി.ജെ അബ്ദുള്‍ കലാം കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടകൈ ജി.എല്‍.പി സ്‌ക്കൂളിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തി. ഉച്ചഭക്ഷണ വിതരണം വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പൊതുവിതരണം, വിദ്യാഭ്യാസം, ട്രെബല്‍, വനിതാശിശു വികസനം, ഫോറസ്റ്റ്, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
