വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
ബത്തേരി: വയനാട്ടില്‍ ആനക്കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമിച്ച രണ്ട് പേരെ വനം വകുപ്പ് വിജിലന്‍സ് സംഘം പിടികൂടി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട്ട് റെയിഞ്ചില്‍ ഉള്‍പ്പെട്ട ചെതലയത്തുള്ള 'കാസ ഹോറിസോണ്‍' ഹോം സ്‌റ്റേയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.ചെതലയം ആറാം മൈല്‍ സ്വദേശി വെട്ടുപറപ്പുറത്ത് അഭിലാഷ് വി. ജി. (44), ബത്തേരി പണയമ്പം സ്വദേശി തെക്കേകുന്നത്ത് ഷെമിന്‍ ഫ്രാന്‍സിസ് (32) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്ന് രണ്ട് പൂര്‍ണ്ണമായ ആനക്കൊമ്പുകളും ഒരു ആനക്കൊമ്പ് കഷണവും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ചെതലയം ആറാം മൈലിലെ അശ്വനി ആയുര്‍വേദ ക്ലിനിക്കിന് എതിര്‍വശത്തുള്ള ഹോം സ്‌റ്റേയില്‍ ആനക്കൊമ്പ് വില്‍പ്പന നടക്കുന്നുണ്ടെന്ന് കല്‍പ്പറ്റ വനം വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ വിജിലന്‍സ് റെയിഞ്ച് സംഘവും കുറിച്യാട് റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.
കല്‍പ്പറ്റ വിജിലന്‍സ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫ്, കുറിച്യാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥ്, ബി.എഫ്.ഒമാരായ കെ. സി. വിപിന്‍ ദാസ്, സംഗീത് കരുണാകരന്‍, പി. എം. ബിനീഷ്, എം. എല്‍. നിശ, ഡ്രൈവര്‍ കെ. കെ. രവീന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അറിയാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്‍. രൂപേഷ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
