വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി പുല്‍പ്പള്ളി സ്വദേശിനിയായ വിധവയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫീസില്‍ ജോലി ചെയ്യുന്ന മുണ്ടേരി ഗവണ്‍മെന്റ് ഹൗസിംഗ് കോളനി സ്വദേശിയായ സുബ്രഹ്മണ്യന്‍ (56) ആണ് പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. ഏകദേശം അഞ്ച് വര്‍ഷം മുമ്പ് വയോധികയുടെ ബന്ധു മുഖേന പരിചയപ്പെട്ട സുബ്രഹ്മണ്യന്‍ താന്‍ അഭിഭാഷകനാണെന്നും ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണം ഉള്‍പ്പെടെയുള്ളവ കൈവശപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.
സഹായത്തിന് ആരുമില്ലാത്ത സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ നിയമപരമായ ആവശ്യങ്ങള്‍ക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വര്‍ണവും പണവും കൈവശപ്പെടുത്തുകയും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് പ്രതി പിന്തുടരുന്നതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.അപമാനഭയം, പ്രതിയുടെ ഭീഷണി തുടങ്ങിയ കാരണങ്ങളാല്‍ പലരും പരാതി നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സുബ്രഹ്മണ്യനെതിരെ കല്‍പ്പറ്റ പൊലീസ് സ്‌റ്റേഷനിലും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. വാടകവീട് ഒഴിഞ്ഞുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും അടിപിടിയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. നേരത്തെ സര്‍ക്കാര്‍ പണം തിരിമറി നടത്തിയെന്ന പരാതിയില്‍ നടപടിക്ക് വിധേയനായി സസ്‌പെന്‍ഷനിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അംഗവൈകല്യം ചൂണ്ടിക്കാട്ടി ആളുകളുടെ സഹാനുഭൂതി നേടിയെടുക്കുകയും അത് ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നതായും പരാതിയില്‍ ആരോപണമുണ്ട്. ഭാര്യ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന കാര്യം പ്രതി ചില സാഹചര്യങ്ങളില്‍ ദുരുപയോഗം ചെയ്തിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
