സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ്ണമായ ചുവപ്പുനാടകളും കൗണ്ടറുകള്‍ കയറിയിറങ്ങിയുള്ള നടപടിക്രമങ്ങളും രോഗികളെയും ബൈസ്റ്റാന്‍ഡര്‍മാരെയും വല്ലാതെ വലയ്ക്കുന്നുവെന്ന ആരോപണവുമായി മണിക്കുട്ടന്‍ പണിയന്‍ രംഗത്ത്. വെറും അഞ്ച് രൂപയുടെ മരുന്നിനായി വിവിധ കൗണ്ടറുകളും സൂപ്രണ്ട് ഓഫീസും ഫാര്‍മസികളും കയറിയിറങ്ങി ഒന്നര മണിക്കൂറോളം ഓടേണ്ടിവന്ന സ്വന്തം അനുഭവം പങ്കുവെച്ചാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ബിരുദധാരികളും വിവരമുള്ളവരുമായ ആളുകള്‍ക്ക് പോലും ഈ ദുരനുഭവം ഉണ്ടാകുന്നുവെങ്കില്‍ എഴുത്തും വായനയും അറിയാത്ത സാധാരണക്കാരും, പ്രത്യേകിച്ച് അതിദുര്‍ബല ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്നുകള്‍ക്കും ലാബ് പരിശോധനകള്‍ക്കുമായി സീലുകള്‍ വാങ്ങാനും ഫോമുകള്‍ പൂരിപ്പിക്കാനും രോഗിയുടെ കൂടെനില്‍ക്കേണ്ട ബൈസ്റ്റാന്‍ഡര്‍മാര്‍ നെട്ടോട്ടമോടേണ്ടിവരുന്നത് ഒഴിവാക്കാന്‍ ഏകജാലക സംവിധാനമോ (Single Window System) കേന്ദ്രീകൃത ഹെല്‍പ്പ് ഡെസ്‌കോ അടിയന്തരമായി ഏര്‍പ്പെടുത്തി മെഡിക്കല്‍ കോളേജിനെ രോഗിസൗഹൃദമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍ താഴെ നല്‍കുന്നു:
ഇത് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അഞ്ച് രൂപയുടെ മരുന്നിന് എനിക്ക് ചിലവായത് ഒന്നര മണിക്കൂര്‍
മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഈ അനുഭവം ആരോടാണ് പറയേണ്ടത്?
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എന്റെ മൂത്തമ്മ അഡ്മിറ്റാണ്.
അവരുടെ ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ എഴുതിയ ഒരു ടെസ്റ്റിന്റെ പേപ്പറും ഒരു മരുന്നിന്റെ കുറിപ്പുമായി ഇന്ന് ഞാന്‍ തന്നെ ആശുപത്രിയിലെ വിവിധ കൗണ്ടറുകളിലൂടെ ഓടിനടന്നു.
ഞാന്‍ എം.ബി.എ. ബിരുദധാരിയാണ്.എഴുത്തും വായനയും അറിയാം.
ആശുപത്രിയിലെ വിവിധ ഓഫീസുകള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഏകദേശ ധാരണയുമുണ്ട്.
എന്നിട്ടും വെറും ഒരു മരുന്ന് ലഭിക്കാന്‍ എനിക്ക് ഒന്നര മണിക്കൂറോളം വേണ്ടിവന്നു.
അപ്പോള്‍ ഞാന്‍ ചിന്തിച്ചു
എഴുത്തും വായനയും അറിയാത്ത ഒരാള്‍ എങ്ങനെ ഈ നടപടിക്രമത്തിലൂടെ കടന്നുപോകും?
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു വയോധികന്‍?
രോഗിയുടെ കൂടെ നില്‍ക്കുന്ന ഒരു സ്ത്രീ?
പ്രത്യേകിച്ച് അതിദുര്‍ബല ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം?
അവരുടെ അവസ്ഥ എന്തായിരിക്കും?
ഒരു ടെസ്റ്റിനായി തുടങ്ങുന്ന ഓട്ടം
?ഡോക്ടര്‍ ടെസ്റ്റ് എഴുതുന്നു.
ചീട്ടുമായി പ്രമോട്ടറുടെ അടുത്തേക്ക് പോകണം.
റേഷന്‍ കാര്‍ഡ്, യു.എച്ച്.ഐ.ഡി. തുടങ്ങിയ രേഖകള്‍ കാണിക്കണം.
സീല്‍ വാങ്ങണം.
പിന്നെ ബില്ലിംഗ് കൗണ്ടറിലേക്ക്.
അവിടെ കാത്തിരിക്കണം.
പലപ്പോഴും അരമണിക്കൂറോളം.
അതിനു ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിയുന്നത്.
ബ്ലഡ് ടെസ്റ്റിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഡോക്ടറുടെ കുറിപ്പുമായി പ്രമോട്ടറുടെ സീല്‍ വാങ്ങി, നീണ്ട ക്യൂവില്‍ നിന്ന് മെഡിക്കല്‍ കോളേജ് ലാബിലെത്തുമ്പോഴാണ് പലപ്പോഴും അറിയുന്നത്
'ഈ ടെസ്റ്റ് ഇവിടെ ലഭ്യമല്ല.'
അപ്പോള്‍ ലാബില്‍ നിന്ന് അതിന്റെ സീല്‍ വാങ്ങണം.
അത് സൂപ്രണ്ട് ഓഫീസില്‍ കൊണ്ടുപോയി വീണ്ടും സീല്‍ വാങ്ങണം.
ശേഷം പുറത്തുള്ള മൈക്രോ ലാബില്‍ എത്തണം.
അവിടെ ടെസ്റ്റ് ലഭ്യമാണെങ്കില്‍ വീണ്ടും പ്രമോട്ടറുടെ അടുത്തേക്ക് പോകണം.
പുതിയ ചീട്ട് വാങ്ങണം.
വീണ്ടും ലാബില്‍ എത്തണം.
ഒരു പരിശോധനയ്ക്കായി രോഗിയുടെ ബൈസ്റ്റാന്‍ഡര്‍ ഇത്രയും ഓഫീസുകളും കൗണ്ടറുകളും കയറിയിറങ്ങേണ്ടി വരുന്നത് എത്രത്തോളം രോഗിസൗഹൃദമാണ്?
ഇനി മരുന്നിന്റെ കാര്യം…
മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ പോകുന്നു.
മരുന്നില്ല.
'മരുന്നില്ല' എന്ന സീല്‍ വാങ്ങണം.
അത് സൂപ്രണ്ട് ഓഫീസില്‍ കൊണ്ടുപോകണം.
വീണ്ടും സീല്‍.
ശേഷം കാരുണ്യ ഫാര്‍മസിയിലേക്ക്.
അവിടെയും മരുന്നില്ലെങ്കില്‍ വീണ്ടും 'ലഭ്യമല്ല' എന്ന സീല്‍.
അവിടെ നിന്ന് ഒഇഘ ടൗൃഴശരമഹലേക്ക്.
അവിടെയും ഇല്ലെങ്കില്‍ വീണ്ടും സീല്‍.
ശേഷം മഡോണ ഫാര്‍മസിയിലേക്ക്.
അവിടെ മരുന്ന് ലഭ്യമാണെങ്കില്‍ പോലും നടപടിക്രമം അവസാനിക്കുന്നില്ല.
വീണ്ടും പ്രമോട്ടറുടെ അടുത്തേക്ക് പോകണം.
വേറെ ഫോമില്‍ അപേക്ഷ പൂരിപ്പിക്കണം.
ഒപ്പിടണം.
സൂപ്രണ്ട് ഓഫീസില്‍ നിന്ന് സീല്‍ വാങ്ങണം.
ഒ.പി. ചീട്ടിന്റെയും ഫോമിന്റെയും ഫോട്ടോസ്റ്റാറ്റ് എടുക്കണം.
അത് വീണ്ടും മഡോണ ഫാര്‍മസിയില്‍ എത്തിക്കണം.
ഇതെല്ലാം കഴിഞ്ഞാണ് മരുന്ന് ലഭിക്കുന്നത്.
ഇന്ന് ഞാന്‍ ഇത്രയും സ്ഥലങ്ങളിലൂടെ ഓടിയത് വിലകൂടിയ ഒരു മരുന്നിനുവേണ്ടിയല്ല.
വെറും അഞ്ച് രൂപ വിലയുള്ള ഒരു മരുന്നിനുവേണ്ടിയാണ്!
ആ മരുന്ന് ആശുപത്രിയിലെ ഒരു സ്ഥാപനത്തിലും ലഭ്യമല്ലെന്നും പുറത്തുനിന്ന് വാങ്ങേണ്ടിവരുമെന്നും ആദ്യം തന്നെ അറിയാമായിരുന്നെങ്കില്‍, അഞ്ച് രൂപ കൊടുത്ത് നേരിട്ട് വാങ്ങാമായിരുന്നു.
പക്ഷേ ആ വിവരം ലഭിക്കാന്‍ വേണ്ടി മാത്രം.
ഒരു കൗണ്ടറില്‍ നിന്ന് മറ്റൊരു കൗണ്ടറിലേക്ക്…
ഒരു ഓഫീസില്‍ നിന്ന് മറ്റൊരു ഓഫീസിലേക്ക്…
ഒരു സീലില്‍ നിന്ന് മറ്റൊരു സീലിലേക്ക്…
ഒന്നര മണിക്കൂര്‍.
?നടന്ന് ക്ഷീണിച്ചു.
കാത്തിരുന്ന് ക്ഷീണിച്ചു.
മാനസികമായി തളര്‍ന്നു.
അപ്പോഴാണ് ഒരു കാര്യം കൂടുതല്‍ വ്യക്തമായി മനസ്സിലായത്:
ഇത് എന്റെ മാത്രം പ്രശ്‌നമല്ല.
ഇവിടെ ദിവസവും എത്രയോ രോഗികളും അവരുടെ ബൈസ്റ്റാന്‍ഡര്‍മാരും ഇതേ ഓട്ടം നടത്തുന്നുണ്ടാകാം.
ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ആരാണ്?
തീവ്രപരിചരണ വിഭാഗത്തില്‍ ഒരു രോഗി കിടക്കുന്നു.
രോഗിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയില്‍ ബന്ധുക്കള്‍ പുറത്തിരിക്കുന്നു.
ആ സമയത്ത് അവരോട് പറയുന്നത്
'ഇവിടെ സീല്‍ വാങ്ങണം…'
'അവിടെ ഒപ്പിടണം…'
'അവിടെ കൊണ്ടുപോകണം…'
'ഇവിടെ മരുന്നില്ല…'
'അവിടെ നിന്ന് 'ഇല്ല' എന്ന സീല്‍ വാങ്ങണം…'
എന്നിങ്ങനെയാണ്.
രോഗി ഒരു വാര്‍ഡില്‍ കിടക്കുമ്പോള്‍, രോഗിയുടെ ബൈസ്റ്റാന്‍ഡര്‍ ആശുപത്രിയുടെ മറ്റൊരു ഭാഗത്ത് സീലിനായി ഓടിക്കൊണ്ടിരിക്കുന്നു.
ഇത് വെറും ഒരു ഭരണപരമായ പ്രശ്‌നമായി മാത്രം കാണാന്‍ കഴിയില്ല.
ഇത് ഒരു രോഗിയുടെ സമയത്തിന്റെ പ്രശ്‌നമാണ്.
ഒരു ബൈസ്റ്റാന്‍ഡറുടെ അധ്വാനത്തിന്റെ പ്രശ്‌നമാണ്.
ഒരു കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പ്രശ്‌നമാണ്.
അതിനേക്കാള്‍ വലിയതായി, ഒരു രോഗിയുടെ കുടുംബം അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രശ്‌നമാണ്.
പ്രത്യേകിച്ച് ആദിവാസി കുടുംബങ്ങളുടെ കാര്യം?
എഴുത്തും വായനയും അറിയുന്ന എനിക്ക് പോലും ഈ നടപടിക്രമം ഇത്രയും ബുദ്ധിമുട്ടായെങ്കില്‍…
ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളും കൗണ്ടറുകളും അറിയാത്ത ഒരു ആദിവാസി കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും?
ആദ്യമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന ഒരു വയോധികന്റെ അവസ്ഥ?
രോഗിയുടെ കൂടെ നില്‍ക്കുന്ന ഒരു സ്ത്രീയുടെ അവസ്ഥ?
തീവ്രപരിചരണ വിഭാഗത്തിലെ രോഗിയുടെ ബന്ധുവിന്റെ അവസ്ഥ?
പ്രത്യേകിച്ച് അതിദുര്‍ബല ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട പല കുടുംബങ്ങള്‍ക്കും ആശുപത്രിയിലെ ഈ ഓട്ടം ശാരീരികവും മാനസികവും സാമ്പത്തികവുമായ വലിയ ഭാരമാണ്.
മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ ആവശ്യമായ ചെറിയ തുക പോലും കൈയില്‍ ഇല്ലാത്ത കുടുംബങ്ങളുണ്ട്.
അങ്ങനെയുള്ള ഒരാള്‍ക്ക് അവകാശമായി ലഭിക്കേണ്ട ആരോഗ്യ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി ഇത്രയും വാതിലുകള്‍ തട്ടേണ്ടിവരുന്നത് എത്രത്തോളം നീതിയുക്തമാണ്?
പരിഹാരം വേണം.
ആശുപത്രിയിലെ എല്ലാ നടപടിക്രമങ്ങളും ഒരുദിവസം കൊണ്ട് മാറ്റണമെന്നല്ല പറയുന്നത്.
പക്ഷേ രോഗിയെയും ബൈസ്റ്റാന്‍ഡറെയും അനാവശ്യമായി പല കൗണ്ടറുകളിലൂടെ ഓടിക്കേണ്ടി വരാത്ത ലളിതവും രോഗിസൗഹൃദവുമായ ഒരു സംവിധാനം ഉണ്ടാകണം.
ആദിവാസി രോഗികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണം.
മരുന്നോ പരിശോധനയോ ആശുപത്രിയില്‍ ലഭ്യമല്ലെങ്കില്‍, അത് കണ്ടെത്താന്‍ രോഗിയുടെ ബന്ധുവിനെ പല സ്ഥാപനങ്ങളിലേക്കും അയയ്ക്കുന്നതിന് പകരം ഒറ്റജാലക സംവിധാനമോ കേന്ദ്രീകൃത സഹായ സംവിധാനമോ ഉണ്ടാകണം.
എഴുത്തും വായനയും അറിയാത്തവര്‍ക്കും ആശുപത്രിയിലെ സംവിധാനങ്ങളെക്കുറിച്ച് പരിചയമില്ലാത്തവര്‍ക്കും സഹായിക്കാന്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്/സഹായ സംവിധാനം ശക്തിപ്പെടുത്തണം.
രോഗിയുടെ കൂടെ നില്‍ക്കുന്ന ബൈസ്റ്റാന്‍ഡര്‍ ആശുപത്രിയിലെ സീലുകളും കൗണ്ടറുകളും തേടി ഓടുന്ന ആളായി മാറരുത്.
?അയാള്‍ രോഗിയുടെ കൂടെ നില്‍ക്കേണ്ട ആളാണ്.
ഇന്ന് എന്റെ മൂത്തമ്മ അഡ്മിറ്റായതിനെ തുടര്‍ന്ന് ഈ നടപടിക്രമത്തിലൂടെ ഞാന്‍ തന്നെ കടന്നുപോയപ്പോഴാണ് ഒരു ബൈസ്റ്റാന്‍ഡര്‍ ഓരോ ദിവസവും എന്താണ് അനുഭവിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായി മനസ്സിലായത്.
അഞ്ച് രൂപയുടെ മരുന്നിനായി ഒന്നര മണിക്കൂര്‍ ഓടിനടക്കേണ്ടി വരുന്ന ഒരു സംവിധാനം…
അത് രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്ന ആരോഗ്യസംവിധാനമാണോ?
അതോ രോഗിയുടെ ബുദ്ധിമുട്ടിനൊപ്പം ബൈസ്റ്റാന്‍ഡറുടെയും ബുദ്ധിമുട്ട് കൂട്ടുന്ന സംവിധാനമാണോ?
നമ്മള്‍ ചിന്തിക്കണം.
മാനന്തവാടി മെഡിക്കല്‍ കോളേജ് വയനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ ഇടമാകണം.
സീലുകള്‍ക്കും കൗണ്ടറുകള്‍ക്കും ഇടയില്‍ രോഗിയുടെ ബൈസ്റ്റാന്‍ഡര്‍ തളര്‍ന്നുവീഴുന്ന ഇടമാകരുത്.
പ്രത്യേകിച്ച് അതിദുര്‍ബല ആദിവാസി വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക്.
അവകാശമായി ലഭിക്കേണ്ട ആരോഗ്യ ആനുകൂല്യങ്ങള്‍ക്കായി ഇത്രയും വാതിലുകള്‍ തട്ടേണ്ടിവരാത്ത ഒരു സംവിധാനം ഉണ്ടാകണം.
ഇത് ഒരു വ്യക്തിയുടെ മാത്രം പരാതി അല്ല.
ഒരു രോഗിയുടെ മാത്രം പ്രശ്‌നവുമല്ല.
രോഗിയുടെ കൂടെ നില്‍ക്കുന്ന ഓരോ ബൈസ്റ്റാന്‍ഡറുടെയും പ്രശ്‌നമാണ്.
മാനന്തവാടി മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.
അഞ്ച് രൂപയുടെ മരുന്നിന് ഒന്നര മണിക്കൂര്‍ വേണ്ടിവരുന്നിടത്ത്,
മാറ്റം ആവശ്യപ്പെടുന്നത് അധികമൊന്നുമല്ല.
രോഗിയുടെ സമയം, അധ്വാനം, മാന്യത, അവകാശം എന്നിവ സംരക്ഷിക്കണമെന്നുമാത്രമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
