മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
മാനന്തവാടി: മെഡിക്കല്‍ കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം സെപ്തംബര്‍ 14 തിങ്കളാഴ്ച മുതല്‍ ക്ലബ്ബുകുന്നിലെ കെട്ടിടത്തിലേക്ക് മാറ്റും. രാവിലെ 10ന് ഉഷാ വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 11 വര്‍ഷം മുമ്പാണ് മാനന്തവാടി ഗ്രാമപ്പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയത്. 1995 മുതലാണ് നിലവിലുള്ള കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. മുമ്പ് മാനന്തവാടി ടൗണ്‍ഹാള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് പുതിയ ഓഫീസ് നിര്‍മിച്ചിട്ടുള്ളത്. 11 മാസം മുമ്പ് പ്രിയങ്കാഗാന്ധി എം.പി. ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നു. തിരക്കേറിയ മെഡിക്കല്‍ കോളേജ് റോഡിലാണ് ഇപ്പോഴുള്ള ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്തെങ്കിലും ആവശ്യത്തിനായി എത്തുന്നവര്‍ക്കു വാഹനം നിര്‍ത്തിയിടാനുള്ള സൗകര്യം പോലുമില്ല. പുതിയ കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവും. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗിച്ച് 15000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴില്‍ വരും. കോണ്‍ഫറന്‍സ് ഹാള്‍, ആയിരത്തോളംപേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ഓഡിറ്റോറിയം, കാന്റീന്‍ എന്നിവ അടുത്ത ഘട്ടത്തില്‍ ഓഫീസിന്റെ ഭാഗമായി നിര്‍മിക്കും. ലിഫ്റ്റ് സംവിധാനവും സജ്ജീകരിക്കും. കഴിഞ്ഞ സര്‍ക്കാര്‍ കെട്ടിടം നിര്‍മിക്കുന്നതിനായി മൂന്നുകോടി രൂപ പാസാക്കിയിരുന്നു. ഇതില്‍ 25 ലക്ഷം രൂപ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചു. ഇനി ലഭിക്കുന്ന തുക ഉപയോഗിച്ചു മൂന്നാമത്തെ നില നിര്‍മിക്കാനുദ്ദേശിക്കുന്നത്. മാനന്തവാടി നഗരസഭാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സ്ഥിരം സമിതിയധ്യക്ഷരായ പി.വി. ജോര്‍ജ്, ലേഖാ രാജീവന്‍, പി.വി.എസ്.മൂസ, ഷീജാ ഫ്രാന്‍സിസ്, ഷിബു കെ. ജോര്‍ജ്, കൗണ്‍സിലര്‍ വി.ആര്‍. പ്രവീജ്, നഗരസഭാ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
