ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
മാനന്തവാടി: ഒന്‍പത് വയസ്സുകാരിയായ ആദിവാസി ബാലികയ്ക്ക് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതായി പരാതി. തോല്‍പ്പെട്ടി ബാര്‍ഗിരിക്കുന്നേല്‍ ജ്യോതിഷാണ് മകള്‍ തനൂജയ്ക്ക് ചികിത്സ വൈകിച്ചതിനെതിരെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ സ്‌കൂളില്‍ വെച്ച് വീണ് തനൂജയുടെ ഇടതുകൈക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കുട്ടിയെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എക്‌സറേ പരിശോധനയില്‍ കൈയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് എല്ലുരോഗ വിഭാഗത്തിലെ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ ആദ്യം ചൊവ്വാഴ്ച തന്നെ ശസ്ത്രക്രിയ നടത്താമെന്ന് അറിയിച്ചെങ്കിലും, പിന്നീട് അടുത്ത വ്യാഴാഴ്ചയേ ശസ്ത്രക്രിയ നടത്താന്‍ കഴിയൂ എന്ന് മാറ്റിപ്പറഞ്ഞതായും, അതും കുട്ടിയുടെ ആരോഗ്യവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമേ ചെയ്യുവെന്നും പറഞ്ഞതായി പരാതിയില്‍ പറയുന്നു. കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജ്യോതിഷ് കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസി അടിയ വിഭാഗത്തില്‍പ്പെട്ട തന്റെ മകള്‍ക്ക് ചികിത്സ നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നത് മൂലം തനിക്ക് വന്ന സാമ്പത്തിക നഷ്ടം നികത്തണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. ജീവന്‍ലാലിനാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും പിതാവ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
