വയനാട് ജില്ലയ്ക്ക് സമ്പൂര്‍ണ അവഗണന: സിപിഐഎം
കല്‍പ്പറ്റ: ജീവല്‍ പ്രശ്‌നങ്ങളൊന്നും തൊടാതെ ബജറ്റില്‍ വയനാട് ജില്ലയെ പൂര്‍ണമായും അവഗണിച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഷങ്ങളായി തുടരുന്ന വയനാട് പാക്കേജിന് തുക വകയിരുത്തിയിട്ടില്ല. മുണ്ടക്കൈ-ചൂരല്‍മല ദുരന്തപുനരധിവാസത്തില്‍ നിലപാട് പറയാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ തുടരുമോയെന്നതില്‍ വ്യക്തതയില്ല. വയനാട് മെഡിക്കല്‍ കോളേജിനെ പൂര്‍ണമായും അവഗണിച്ചു. മാനന്തവാടി അന്പുകുത്തിയിലെ സ്ഥലം മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കുന്നതില്‍ മൗനമാണ്. വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരമാകുന്ന ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശംപോലുമില്ല. കിഫ്ബിയില്‍ തുക അനുവദിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവൃത്തി തുടങ്ങിയത്. കിഫ്ബി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന സൂചനയാണ് ബജറ്റില്‍. ഈ സാഹചര്യത്തില്‍ തുരങ്കപാതയുടെ ഭാവി തുലാസിലായി. തുരങ്കപാതയെ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍ പറഞ്ഞത്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബജറ്റിലെ മൗനമെന്നും സിപിഐഎം ആരോപിച്ചു.
മറ്റു ചുരം ബദല്‍പാതകളും അവഗണിച്ചു. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാതയുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയതാണ്. മൂന്ന് പതിറ്റാണ്ട് നിലച്ചുപോയ പദ്ധതിക്ക് ജീവന്‍ വയ്പിച്ചു. ഒന്നരക്കോടി രൂപ അനുവദിച്ചാണ് ഇന്‍വെസ്റ്റിഗേഷനും മറ്റു നടപടികളും പൂര്‍ത്തിയാക്കിയത്. പാതയുടെ അലൈന്‍മെന്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം നേടി. ഡിപിആര്‍ നടപടികളിലേക്കും കടന്നതാണ്. ഇതിന്റെ തുടര്‍ച്ച ബജറ്റില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഒരുരൂപ വകയിരുത്തിയിട്ടില്ല.
ഒരുമാസത്തിനിടെ രണ്ടുപേര്‍ ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും രൂക്ഷമായ വന്യമൃഗപ്രതിരോധത്തിന് പദ്ധതിയില്ല. സംസ്ഥാനത്തിന് മൊത്തമായി വകയിരുത്തിയ തുകയിലും വെട്ടിക്കുറവുണ്ടായി. കാര്‍ഷിക, തോട്ടം, പട്ടികവര്‍ഗ മേഖലയെയും അവഗണിച്ചു. കൃഷിമന്ത്രിയുടെ ജില്ലയായിട്ടും കാര്‍ഷിക മേഖലയില്‍ പ്രത്യേകപദ്ധതികളൊന്നുമില്ല. ടൂറിസം മേഖലയില്‍ ഒരുപദ്ധതിപോലും അനുവദിച്ചില്ല.
ജില്ലയില്‍നിന്ന് മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിജയിച്ചിട്ടും സന്പൂര്‍ണ അവഗണനയാണ്. തെരഞ്ഞെടുപ്പില്‍ ജില്ലയ്ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാനുള്ള ചുവടുവയ്പുപോലും ഉണ്ടായില്ലെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
