പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 25 മുതല്‍ ഫോക്കസ് പോയിന്റുകള്‍; വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ നാളെ
കല്‍പ്പറ്റ: പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ക്ക് പിന്തുണയൊരുക്കുന്നതിനായി വയനാട് ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലും മെയ് 25 മുതല്‍ ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തനസജ്ജമാവും. പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി നാളെ (മെയ് 20) രാവിലെ 10.30 മുതല്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓറിയന്റേഷന്‍ ക്ലാസുകളും സംഘടിപ്പിക്കും. പ്രവേശന നടപടിക്രമങ്ങള്‍, വിഷയ തിരഞ്ഞെടുപ്പ്, ഉപരിപഠന സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും ക്ലാസുകളുടെ ഭാഗമായി നല്‍കും.
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സഹായം ലഭ്യമാക്കുന്നതിനൊപ്പം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പഠനം നടത്തിയ സ്‌കൂളുകള്‍ക്ക് പുറമെ ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലും അധ്യാപകരുടെ സഹായത്തോടെ പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കൃത്യമായി അപേക്ഷ സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രൊമോട്ടര്‍മാരുടെയും പട്ടികവര്‍ഗ്ഗ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്‌കൂളുകളിലെ ഐ.ടി കോഓര്‍ഡിനേറ്റര്‍മാരുടെ സാങ്കേതിക സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കും. പ്രവേശനം ലഭിച്ച വിവരം വിദ്യാര്‍ത്ഥികളെ കൃത്യസമയത്ത് അറിയിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഹെല്‍പ് ഡെസ്‌ക്കുകളില്‍ കരിയര്‍ ഗൈഡന്‍സ് വിഭാഗം, സൗഹൃദ ക്ലബ്, ഹയര്‍ സെക്കന്‍ഡറിഹൈസ്‌കൂള്‍ ഐ.ടി. കോഓര്‍ഡിനേറ്റര്‍മാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍ എന്നിവരുടെ സൗജന്യ സേവനം ലഭ്യമാകും. വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സംബന്ധമായ സംശയനിവാരണത്തിനും ഹയര്‍ സെക്കന്‍ഡറി വിഷയങ്ങളെ പരിചയപ്പെടുത്തുന്നതിനും ഉപരിപഠന, തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഫോക്കസ് പോയിന്റുകള്‍ സഹായകരമാകും. പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കുക. പട്ടികവര്‍ഗ്ഗ വകുപ്പ്, കൈറ്റ് വയനാട്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവ പദ്ധതിക്ക് പിന്തുണ നല്‍കും. വിദ്യാലയങ്ങളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
