തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
വയനാട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 828 ബൂത്തുകളിലായി 6,47,378 വോട്ടര്‍മാരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടര്‍മാരും 3,34,321 സ്ത്രീ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും 20 പ്രവാസി വോട്ടര്‍മാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാര്‍ഡുകളിലേക്കും 59 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റികളിലെ 103 വാര്‍ഡകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3988 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ മുഴുവന്‍ സമയവും നിരീക്ഷിക്കും. ജില്ലയിലെ 47 പ്രദേശങ്ങളിലായി 64 പ്രശ്‌ന ബാധ്യതാ ബൂത്തുകളും കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 9497935224 എന്ന നമ്പറില്‍ അറിയിക്കാം. വോട്ടെടുപ്പ് പൂര്‍ത്തിയായാലും ഡിസംബര്‍ 18 വരെ മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിലുണ്ടാവും. എല്ലാ വോട്ടര്‍മാരും വിലയേറിയ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു.
മുണ്ടക്കൈ ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ പ്രത്യേക വാഹന സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
