കലാമാമാങ്കത്തിന് തിരിതെളിഞ്ഞു ;മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത് മുന്നേറുന്നു
മാനന്തവാടി: 44-ാം മത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പഴശ്ശിയുടെ ചരിത്ര നഗരിയില്‍ തിരിതെളിഞ്ഞു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാല് ദിവസങ്ങളിലെ നടക്കുന്ന കൗമാര കലാമേള ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. 44 പ്രതിഭകള്‍ അണിനിരന്ന സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ജില്ലാ കലോത്സത്തിന്റെ രണ്ടാം ദിനത്തില്‍ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്തും സുല്‍ത്താന്‍ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനത്തും വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂള്‍ തലത്തില്‍ മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്താണ്. പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് രണ്ടാമതും മാനന്തവാടി ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും തുടരുന്നു.
മൂന്നൂറിലധികം മത്സരയിനങ്ങളില്‍ മൂവായിരത്തോളം കലാ പ്രതിഭകളാണ് ജില്ലാ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കായാമ്പൂ, കനലി, കെത്തളു, കനവ്, കബനി, കാളിന്ദി,കാവ്, കമ്പള തുടങ്ങിയ എട്ട് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്നലെ (നവംബര്‍ 19) വിവിധ വേദികളിലായി കോല്‍ക്കളി, വട്ടപ്പാട്ട്, യക്ഷഗാനം, ഒപ്പന, നാടോടി നൃത്തം, ഭരതനാട്യം, തിരുവാതിര, പദ്യം ചൊല്ലല്‍, പ്രസംഗം, മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം, സ്‌കിറ്റ്, കഥ പറയല്‍, അറബിഗാനം, ഗദ്ദ്യവായന, ഖുര്‍ആന്‍ പാരായണം, സംഭാഷണം, മുഷാറ, സംഘഗാനം, നാടകം,കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ മത്സരയിനങ്ങള്‍ നടന്നു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനായ ഉദ്ഘാടന പരിപാടിയില്‍ സിനിമാ സംവിധായകയും കോസ്റ്റ്യൂം ഡിസൈനറുമായ സ്‌റ്റെഫി സേവിയര്‍, സിനിമാതാരം അനു സോനാര, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, വി.എച്ച്.എസ്.ഇ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ വി.ആര്‍ അപര്‍ണ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ എം. സുനില്‍കുമാര്‍, ടി. ബാബു, ബി.ജെ ഷിജിത, മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി തോമസ്, മാനന്തവാടി വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ.കെ ജിജി, മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍.ജെ ഷജിത്ത്, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
