രാത്രിയില്‍ വനപാതയിലൂടെ ഉല്ലാസയാത്രകള്‍ വര്‍ധിക്കുന്നു; കടിഞ്ഞാണിടാന്‍ വനം വകുപ്പ്
മാനന്തവാടി: രാത്രികാലങ്ങളില്‍ വനപാതയിലൂടെ കാനന സൗന്ദര്യം ആസ്വദിച്ചുള്ള ഉല്ലാസയാത്രക്ക് കടിഞ്ഞാണിടാന്‍ വനം വകുപ്പ് നീക്കം തുടങ്ങി. കാട്ടിക്കുളം തോല്‍പ്പെട്ടി വനപാതയില്‍ തെറ്റുറോഡിന് സമീപം നോര്‍ത്ത് വയനാട് വനം ഡിവിഷനു കീഴിലെ ബേഗൂര്‍ റെയ്ഞ്ച് തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചു.കര്‍ണാടകയിലേക്ക് പോകാന്‍ രാത്രിയില്‍ നിയന്ത്രണമില്ലാത്ത ജില്ലയിലെ ഏക പാതയാണ് മാനന്തവാടി കുട്ട മൈസൂരു റോഡ്. ഇതിന്റെ മറവിലാണ് ജില്ലയ്ക്ക് അകത്തും പുറത്തുംനിന്നുമായി വ്യാപകമായി രാത്രിയില്‍ സഞ്ചാരികളെത്തുന്നത്. നിയമവിരുദ്ധമായി ലൈറ്റ് ഘടിപ്പിച്ച വാഹനത്തില്‍ വലിയ ടോര്‍ച്ച് ഉള്‍പ്പെടെയുള്ളവയുമാണ് സംഘം എത്തുന്നത്. വനപാതയില്‍ സ്വൈര്യവിഹാരം നടത്തുന്ന കാട്ടാനയുള്‍പ്പെടെയുള്ള വന്യജീവികള്‍ക്കു ഇതു വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് കാട്ടാനയ്ക്കു സമീപം മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ നാട്ടുകാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തിരുന്നു. ഇരുച്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കൂട്ടം കൂട്ടമായാണ് വലിയ ശബ്ദമുണ്ടാക്കി രാത്രിയിലെത്തുന്നത്. കടന്നുപോകുന്ന വഴിയില്‍ ആനയെയോ മറ്റോ കണ്ടാല്‍ തിരിച്ചു വന്ന് വീണ്ടും റോഡ് വലംവെക്കും. രാത്രി പട്രോളിങിലുള്ള വനപാലകര്‍ കാണുന്നത് വരെ ഇതു തുടരും. ഇങ്ങനെ പ്രകോപനം സൃഷ്ടിക്കുമ്പോള്‍ പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്കു നേരെയാണ് ആനയുള്‍പ്പെടെ തിരിയുക.
നാട്ടില്‍നിന്നു എന്തെങ്കിലും അത്യാവശ്യത്തിനായി രാത്രിയില്‍ പോകേണ്ടി വരുന്നവര്‍ക്കാണ് ഇതു വലിയ തിരിച്ചടിയാവുന്നത്. സഞ്ചാരികളുടെ രാത്രിയാത്രയ്ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാപോലീസ് മേധാവി നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്ക് കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വനപാലകര്‍ വാഹന പരിശോധന കാര്യക്ഷമമാക്കിയത്. നൈറ്റ് സഫാരിക്കെതിരെ നടപടി കര്‍ശനമാക്കണമെന്നു വന്യമൃഗശല്യ പ്രതിരോധ കര്‍മസമിതിയും ആവശ്യപ്പെട്ടിരുന്നു.
ജില്ലയ്ക്കു പുറത്തുനിന്നും മറ്റുമായി തുറന്ന വാഹനത്തില്‍ ഉള്‍പ്പെടെ സഞ്ചാരികളെത്തിയിരുന്ന അവസ്ഥയ്ക്കു ഇപ്പോള്‍ കുറവു വന്നിട്ടുണ്ട്. രാത്രിയാത്രാ നിയന്ത്രണമില്ലാത്ത പാതയായതിനാല്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. പുലര്‍ച്ചേയും മറ്റും എത്തുന്ന വാഹനങ്ങള്‍ തിരുനെല്ലി ക്ഷേത്രത്തിലേക്ക് എന്ന പേരു പറഞ്ഞാണ് കടന്നു പോകുന്നത്. തെറ്റുറോഡ് കവലയിലാണ് വനപാലകരുടെ പ്രധാന പരിശോധന. വിനോദസഞ്ചാരത്തിനു മാത്രമായി എത്തുന്ന വാഹനങ്ങള്‍ ഇപ്പോള്‍ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. നിയമാനുസൃതമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചും മറ്റും പോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ വനപാലകര്‍ ശേഖരിക്കുന്നുണ്ട്. ഇത് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറുമെന്നാണ് സൂചന.
മറ്റു വാഹനങ്ങള്‍ക്കും പ്രയാസംസഞ്ചാരികള്‍ അമിതമായി രാത്രിയിലെത്തി വന്യജീവികളെ പ്രകോപിപ്പിക്കുന്നതിനാല്‍ എന്തെങ്കിലും ആവശ്യത്തിനായി പോയി മടങ്ങുന്നവര്‍ക്കും പ്രയാസമാണ്. റോഡുവഴി കടന്നുപോകുന്ന അന്തസ്സംസ്ഥാന ബസ്സുകള്‍ ഒഴികേയുള്ള എല്ലാ വാഹനങ്ങളും വനപാലകര്‍ പരിശോധിക്കുന്നുണ്ട്. തോല്‌പെട്ടിയില്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ ജോലിയിലുണ്ട്. പോലീസ് ബോര്‍ഡര്‍ സീലിങ് ഡ്യൂട്ടിയും തോല്‌പെട്ടിയിലുണ്ട്. എന്നാല്‍ ഒരു സുരക്ഷയുമില്ലാതെയാണ് ഇവരെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നവര്‍. മിക്ക ദിവസങ്ങളിലും കാട്ടാനകള്‍ ഇതുവഴി കടന്നുപോകും. കോവിഡ് കാലത്തു നിര്‍മിച്ച താത്കാലിക കെട്ടിടമാണ് ഇവരുടെ ഏക ആശ്രമം. ഇത് കാട്ടാനകള്‍ക്കു നിഷ്പ്രയാസം തകര്‍ക്കാം. രാത്രി മദ്യപിച്ചും ലൈസന്‍സില്ലാതെയും വാഹനമോടിച്ചു വരുന്നവരും നിരവധിയാണ്. മുമ്പ് കാട്ടിക്കുളത്തുള്ള തിരുനെല്ലി പോലീസ് എയ്ഡ് പോസ്റ്റിനു മുന്നില്‍ പോലീസ് വാഹന പരിശോധന നടത്താറുണ്ടായിരുന്നെങ്കിലും മാവോവാദി ഭീഷണിയെ തുടര്‍ന്ന് അത് നിര്‍ത്തിയിരുന്നു. രാത്രിയുള്ള പോലീസ് പട്രോളിങിനിടയില്‍ നിയമം ലംഘിച്ചെത്തുന്ന എല്ലാവരേയും പിടികൂടാന്‍ സാധിക്കില്ല. കാട്ടിക്കുളത്തോ മറ്റോ പോലീസ് പരിശോധന കര്‍ശനമാക്കിയാല്‍ തോല്‌പെട്ടി, ബാവലി ഭാഗങ്ങളിലേക്ക് അനാവശ്യമായി വാഹനങ്ങള്‍ ഓടില്ല.
സഞ്ചാരികളുടെ ജീവനും ഭീഷണിരാത്രിയാത്ര സഞ്ചാരികളുടെ ജീവനും ഭീഷണിയാണ്. ലഹരിയുള്‍പ്പെടെ ഉപയോഗിച്ച് സ്വബോധമില്ലാതെ കടന്നുപോകുന്നവര്‍ എന്തെങ്കിലും ചെയ്ത് വന്യമൃഗാക്രമണം ഉണ്ടായാല്‍ വനംവകുപ്പിനു മാത്രമാണ് കുറ്റമുണ്ടാവുക. വിവേകമില്ലാത്ത പ്രവൃത്തികളൊഴിവാക്കി അനാവശ്യ യാത്രകള്‍ ഒഴിവാക്കി സഹകരിക്കണമെന്നാണ് പോലീസും വനപാലകരും സഞ്ചാരികളോട് ആവശ്യപ്പെടുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
