വയനാടിന് ഇനി തനത് സ്പീഷിസുകള്‍; വയനാട് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു
കല്‍പ്പറ്റ: ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകള്‍. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേര്‍ന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവ പ്രഖ്യാപിച്ചു. വയനാട്ടില്‍ ഉയരം കൂടിയ മലകളിലെ ചോലക്കാടുകളില്‍ മാത്രം കാണാന്‍ കഴിയുന്ന തനതു പക്ഷിയായ ബാണാസുര ചിലപ്പന ജില്ലയുടെ പക്ഷിയായും, തേങ്കോലനെ ജില്ലയുടെ മൃഗമായും പ്രഖ്യാപിച്ചു.
പ്രധാനമായും മാംസഭോജിയായ തേങ്കോലന്‍ കൂടുതലും മരങ്ങളിലാണ് വസിക്കുന്നത്. ചിലപ്പോള്‍ നിലത്തുകൂടിയും സഞ്ചരിക്കും. മലയണ്ണാന്‍, കൂരമാന്‍, ചെറുപക്ഷികള്‍, ചെറു ഉരഗങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയെ വേട്ടയാടുകയും ഇലകള്‍, പഴങ്ങള്‍ എന്നിവയും ആഹരിക്കുകയും ചെയ്യും. ബ്രഹ്മഗിരി, പേരിയ, ബാണാസുരന്‍, കുറിച്ചര്‍മല, ക്യാമല്‍സ് ഹമ്പ് മലകളിലെ കാടുകളിലും വളരെ അപൂര്‍വ്വമായി ഇവയെ കാണാം.
വയനാടന്‍ കാടുകളില്‍ ഏറ്റവുമധികം വളരുന്ന ചെറുമരമായ കാട്ടു ചാമ്പയാണ് ജില്ലയുടെ വൃക്ഷം. ഇതിന്റെ ഫലം ഭക്ഷ്യയോഗ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തില്‍ നന്നായി വളരും. പൂക്കോട് തടാകത്തില്‍ കണ്ടെത്തിയ അപൂര്‍വ മത്സ്യ ഇനമായ പൂക്കോടന്‍ പരല്‍ ജില്ലയുടെ മത്സ്യമായി. ചെറു തോടുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ ഇവ വംശനാശ ഭീഷണി നേരിടുകയാണ്.
കരിനീലക്കടുവയെ ജില്ലയുടെ ചിത്രശലഭമായും വയനാടന്‍ കാടുകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കായാമ്പൂവിനെ ജില്ലയുടെ പുഷ്പമായും പ്രഖ്യാപിച്ചു. മഴക്കാലത്ത് മാത്രം പുറത്തെത്തി വീണ്ടും മണ്ണിനടിയിലേക്ക് പോകുന്ന അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന വിഷമില്ലാത്ത ചെങ്കറുപ്പനെ ജില്ലയുടെ പാമ്പായി പ്രഖ്യാപിച്ചു. കുറിച്യര്‍മല വെള്ളരിമല എന്നിവിടങ്ങളിലാണ് ഈ പാമ്പിനെ കണ്ടെത്തിയിട്ടുള്ളത്.
വര്‍ഷത്തില്‍ ഒരു മാസം മാത്രം കാണുന്ന വയനാടന്‍ തീ കറുപ്പനെ ജില്ലയുടെ തുമ്പിയായി പ്രഖ്യാപിച്ചു. ജില്ലയുടെ പൈതൃക മരമായി പന്തപ്പയിനും തവളയായി കാപ്പിത്തോട്ടങ്ങളില്‍ മാത്രം കാണപ്പെടുന്ന മഞ്ഞകരയന്‍ മരത്തവളയെയും പ്രഖ്യാപിച്ചു. വയനാടിന്റെ തനത് സ്പീഷിസുകളായ വൃക്ഷം, മൃഗം, പക്ഷി, മല്‍സ്യം, ചിത്രശലഭം, പുഷ്പം, പൈതൃക മരം, തുമ്പി, പാമ്പ്, തവള എന്നിവ പൈതൃകമായി സംരക്ഷിക്കും. ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കലാമുദ്ധീന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ജില്ലാ ആസൂത്രണ സമിതി അംഗം എ.എന്‍ പ്രഭാകരന്‍, ബി.എം.സി ജില്ലാ കണ്‍വീനര്‍ ടി.സി ജോസഫ്, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
