നവംബര്‍ 1 വഞ്ചനാദിനമായി ആചരിക്കുമെന്ന് സംയുക്ത സംഘടനകള്‍
 
          
            
                കല്‍പ്പറ്റ: നവംബര്‍ 1ന് കേരളത്തെ അതി ദാരിദ്ര്യമുക്തമായ സംസ്ഥാനമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോവുകയാണ്. വയനാട് ജില്ലയെ ഇതിനകം അതിദാരിദ്ര്യമുക്തമായ ജില്ലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ വ്യാപകമായ എതിര്‍പ്പാണ് ഇക്കാര്യത്തില്‍ പൊതു സമൂഹത്തില്‍ നിന്നും പ്രത്യേകിച്ച് ആദിവാസി സമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു.ആദിവാസികളും ദളിതരും തോട്ടം തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മറ്റ് അസംഘടിത തൊഴിലാളികളും അടക്കം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുകയും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധം ദുസ്സഹമായ സാഹചര്യത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഇന്ത്യയിലും കേരളത്തിലുമുണ്ട്. ഈ പശ്ചാത്തലത്തില്‍ അതിദാരിദ്ര മുക്ത പ്രഖ്യാപനം പ്രഹസനമാണെന്നാരോപിച്ച് നവംബര്‍ 1 വഞ്ചനാദിനമായി ആചരിക്കുമെന്ന് അഡ്വ.പി.എ.പൗരന്‍ (പിയുസിഎല്‍),പ്രൊഫ. കുസുമം ജോസഫ്, മണിക്കുട്ടന്‍ പണിയന്‍, ഡോ.ഹരി. പി.ജി, കെ.മുരളി (മാവോയിസ്റ്റ് സൈദ്ധാന്തികന്‍) എന്നിവരും, സജീദ് ഖാലിദ് (വെല്‍ഫയര്‍ പാര്‍ട്ടി), ഷാന്റോ ലാല്‍ (പോരാട്ടം), എം.പി. കുഞ്ഞിക്കണാരന്‍ (സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍), സി.പി റഷീദ് (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), ടി.ആര്‍ ചന്ദ്രന്‍ (സംസ്ഥാന കണ്‍വീനര്‍, ആദിവാസി ഭാരത് മഹാ സഭ എബിഎം), എം.കെ. ഷിബു (ഭൂസമരസമിതി), നിഹാരിക (ഡിഎസ്എ)
, സി.പി നഹാസ് (പുരോഗമന യുവജനപ്രസ്ഥാനം) എന്നീ സംഘടനാ വക്താക്കളും അറിയിച്ചു.
തലചായ്ക്കാനും കൃഷി ചെയ്യാനും ഒരുതുണ്ട് ഭൂമിയില്ലാത്ത ആദിവാസി സമൂഹങ്ങള്‍ സവിശേഷമായ വിഭവ ശോഷണവും വംശീയ ഉന്മൂലനവും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യവും ആണ് നിലവിലുള്ളത്. 1947ല്‍ അധികാരത്തില്‍ വന്ന ഇന്ത്യ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് ദാരിദ്ര്യരേഖക്ക് താഴെയുള്ള മുഴുവന്‍ ജനങ്ങളെയും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. 77 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എ.പി.എല്‍  ബി.പി.എല്‍ തരംതിരിവ് റേഷന്‍ അരി വിഹിതത്തില്‍ മാത്രം ഒതുങ്ങുകയാണ് ഉണ്ടായത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായതോടുകൂടി ലക്ഷക്കണക്കിന് ദരിദ്രര്‍ റേഷന്‍ ആനുകൂല്യങ്ങളില്‍ നിന്നും പുറത്തു പോകുന്ന സാഹചര്യവും ഉണ്ടായി. എ.പി.എല്‍  ബി.പി.എല്‍ തരംതിരിവിന് പുറമേ ബി.പി.എല്‍ വിഭാഗങ്ങളെ പലതായി തരംതിരിച്ച് ഭക്ഷ്യധാന്യ ആനുകൂല്യങ്ങളില്‍  നിന്ന് പുറത്താക്കിയതിലൂടെ ദാരിദ്ര്യം മറച്ചു പിടിക്കാനുള്ള നടപടികള്‍ ആയിരുന്നു കേന്ദ്രം അടക്കം സ്വീകരിച്ചത്. അത്തരം ഒരു നടപടിയുടെ ഭാഗമായിക്കൊണ്ടാണ് കേരളത്തില്‍ ഇനി ദരിദ്രരേ ഇല്ല അതിദാരിദ്ര്യം മാത്രമേ ഉള്ളൂ എന്ന സമീപനം സ്വീകരിക്കുകയും അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍ രംഗത്ത് വരുന്നത്.  കേന്ദ്രസര്‍ക്കാരിന്റെ എപിഎല്‍-ബിപിഎല്‍ മാനദണ്ഡങ്ങള്‍ ഉണ്ട്. ഈ മാനദണ്ഡപ്രകാരമുള്ള ബിപിഎല്‍ കാരെ മുഴുവന്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെ എപിഎല്‍ ആക്കുകയാണ് പ്രശ്‌ന പരിഹാരത്തിന് വേണ്ടത്. അതിന്  കേന്ദ്രനയങ്ങള്‍ക്കെതിരായ സമരവും വേണ്ടിവരും. അല്ലാതെ ദരിദ്രരെ വീണ്ടും വീണ്ടും തരംതിരിച്ച് വിഭജിച്ച് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന പൊതുലക്ഷ്യത്തെ അട്ടിമറിക്കുകയല്ല വേണ്ടത്. അതാണ് ഞങ്ങളുടെ എതിര്‍പ്പ്. മറ്റൊന്ന് അട്ടിമറിക്കപ്പെട്ട ദാരിദ്രനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയിരക്കണക്കിന് അതിദരിദ്രര്‍ ഉള്‍പ്പെടാതെ പോയി എന്നുള്ളതാണ്. ഏത് മാനദണ്ഡങ്ങള്‍ വച്ച് നോക്കിയാലും ദാരിദ്ര്യവും ആതിദാരിദ്ര്യവും പരിഹരിക്കാതെ സര്‍ക്കാരിന് മേനി നടിക്കാന്‍ വേണ്ടി മാത്രം പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടുള്ളത് എന്ന് കാണാന്‍ കഴിയും. ഈ വഞ്ചനക്കെതിരെ ഞങ്ങള്‍ സംയുക്ത സംഘടനകള്‍ നവംബര്‍ 1 വഞ്ചന ദിനമായി ആചരിക്കുകയാണ്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സംഘടനകളും പുരോഗമനകാരികളും ഒരുമിക്കണമെന്നും ശബ്ദമുയര്‍ത്തണമെന്നും 2025 നവംബര്‍ 1 കേരള സര്‍ക്കാരിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ദിനം വഞ്ചനാദിനമായി ആചരിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
 
 
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
