രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യമതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ധീര ദേശാഭിമാനികളുടെ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വം നാം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മുന്നേറ്റത്തിനായി വരും നാളുകളിലും ഐക്യത്തോടെ പ്രവര്‍ത്തിക്കണം. സാമ്രാജ്യത്വ ശക്തികള്‍ക്ക് കീഴടങ്ങാതെ സ്വയം പര്യാപ്ത രാഷ്ട്രമായി മാറണം. ചുങ്കത്തിന്റെ മറവില്‍ നമ്മെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് നമ്മുടെ പരമാധികാരം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളില്‍ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ചിന്തകള്‍ പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്വത്രന്ത്ര്യം, ജനാധിപത്യം, പരമാധികാരം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണപരിപോഷണത്തിനായി നാം നിലകൊള്ളണം. പല മേഖലകളിലും കേരളം രാജ്യത്തിന് മാതൃകയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ജാതി മതവര്‍ഗ വിദ്വേഷങ്ങള്‍ക്ക് ഇടനല്‍കാതെ ജനങ്ങളുടെ അടിസ്ഥാനവികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നി മികച്ച പദ്ധതികള്‍ നടപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.
രാജ്യം കണ്ട മഹാ ദുരന്തത്തില്‍ നിന്ന് ജില്ലയെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ദുരന്ത മേഖലയിലെ അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആസ്പിറേഷന്‍ പദ്ധതിയില്‍ ജില്ല മികച്ച പ്രകടനമാണ് നടത്തുന്നത്. ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം മികച്ച പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പരേഡില്‍ അണിനിരന്ന സേനാ വിഭാഗങ്ങളെയും വിദ്യാര്‍ത്ഥികളെയും മന്ത്രി അഭിനന്ദിച്ചു.
എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എമാരായ ടി സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പത്മശ്രീ ചെറുവയല്‍ രാമന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക്ക്, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍