സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ പരാതിയും: നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി

കല്‍പ്പറ്റ: സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ ഫയല്‍ പരാതിയെന്നും അതിനാല്‍ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി അധ്യക്ഷന്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ.കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടന്‍ ചെട്ടി സമുദായ അംഗങ്ങളുടെ കൂട്ടായ്മയായ എലിമെന്ററി സ്‌കൂള്‍ അസോസിയേഷന്‍ നടത്തിവരുന്ന ചീരാല്‍ എയുപി സ്‌കൂളിന് അനുവദിച്ചു കിട്ടിയ മൂന്ന് ഏക്കര്‍ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം ആവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയം സന്നദ്ധ പദ്ധതി പ്രകാരം റിസര്‍വ് വന ഭൂമിയില്‍ നിന്നും ഒഴിഞ്ഞു പോകുന്നവര്‍ക്കുള്ള സാമ്പത്തിക സഹായവിതരണം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 14 സെറ്റില്‍മെന്റുകളില്‍ നിന്നായി 422 കുടുംബങ്ങള്‍ക്ക് തുക അനുവദിച്ചിട്ടുണ്ട്. 384 കുടുംബങ്ങള്‍ക്ക് 2017 വരെയുള്ള പുനരധിവാസ ധനസഹായ തുകയായ 10 ലക്ഷം രൂപയും 38 കുടുംബങ്ങള്‍ക്ക് പുതുക്കിയ തുകയായ 15 ലക്ഷം രൂപയും അനുവദിച്ചു.
സ്വയം സന്നദ്ധ പുനരധിവാസ ധനസഹായ തുക ലഭിച്ച 422 കുടുംബങ്ങളില്‍ 320 കുടുംബംങ്ങള്‍ സെറ്റില്‍മെന്റില്‍ നിന്നും വനത്തിന് പുറത്തേക്ക് മാറി താമസം തുടങ്ങിയതായി സമിതി അറിയിച്ചു.
മനുഷ്യ വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന് നാട്ടിലിറങ്ങിയ വന്യ മൃഗങ്ങളെ കാട്ടിലേക്ക് തിരികെ അയക്കുന്നതിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവൃത്തിക്കുന്നു. സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കി വരുന്നു. മനുഷ്യവന്യമൃഗ സംഘര്‍ഷത്തില്‍ ജീവഹാനി സംഭവിക്കുന്ന വ്യക്തികളുടെ നിയമപരമായ അവകാശികള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിവരുന്നു.
തേനീച്ച, കടന്നല്‍ എന്നിവയുടെ കുത്തേറ്റ് വനത്തിനുള്ളില്‍ ജീവഹാനി സംഭവിക്കുകയാണെങ്കില്‍ പത്ത് ലക്ഷം രൂപയും വനത്തിന് പുറത്ത് വച്ച് സംഭവിക്കുന്ന ജീവഹാനിയ്ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും. വനത്തിന് പുറത്ത് പാമ്പ് കടിയേറ്റ് മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിവരുന്നു.
സംഘര്‍ഷത്തില്‍ സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്ക് പറ്റുന്നവര്‍ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലും നല്‍കുന്നുണ്ട്. പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സാര്‍ത്ഥം ചെലവാകുന്ന മുഴുവന്‍ തുകയും നല്‍കി വരുന്നു.
ജില്ലയില്‍ നിന്നും ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹര്‍ജികളിന്മേല്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാധിനിധ്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും മൂന്ന് പരാതികള്‍ സ്വീകരിച്ചു.
പിന്നാക്ക സമുദായ ക്ഷേമ അംഗങ്ങളും നിയമസഭ സാമാജികരുമായ കുറുക്കോളി മൊയ്തീന്‍, എ പ്രഭാകരന്‍,
ജി സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, നിയമസഭ പിന്നാക്ക സമുദായ ക്ഷേമ ജോയിന്റ് സെക്രട്ടറി ദീപ ആര്‍ കൃഷ്ണന്‍,
വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍