അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു

മാനന്തവാടി:അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിച്ചു നീക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ കെട്ടിടം പൊളിച്ചു നീക്കാതെ കച്ചവടം തുടരാന്‍ സ്ഥാപനങ്ങള്‍ക്ക് മൗനാനുമതി നല്‍കിയതും, ബസ് സ്റ്റാന്റ് പ്രവര്‍ത്തനം തുടരുന്നതും ചര്‍ച്ചയാകുന്നു. 2025 മാര്‍ച്ച് 31 ന് ശേഷം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും, സ്ഥാപനങ്ങള്‍ ഒഴിയണമെന്ന നഗരസഭ കൗണ്‍സില്‍ തീരുമാനവും , നഗരസഭാ സെക്രട്ടറിയുടെ ഉത്തരവും നിലനില്‍ക്കെയാണ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇന്നും വിവിധ സ്ഥാപനങ്ങളും ,ഓഫീസുകളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വിണ്ടുകീറിയും , ചോര്‍ന്നൊലിച്ചുമുള്ള കെട്ടിടം വര്‍ഷങ്ങളായി വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ദിനേനെ ആയിരകണക്കിന് ആളുകളാണ് ഈ കെട്ടിടത്തിലെ ബസ് ടെര്‍മിനനില്‍ എത്താറുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത് പോലെ മറ്റൊരു അപകടം സംഭവിക്കാതിരിക്കാന്‍ വ്യാപാരികള്‍ക്കും, മറ്റ് ഗുണഭോക്താക്കള്‍ക്കും പകരം സംവിധാനമൊരുക്കി കെട്ടിടം ഉടനടി പൊളിച്ചുനീക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പൊതുജനാഭിപ്രായം. നിലവില്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും നഗരസഭ വാടക ഈടാക്കുന്നില്ല. കൂടാതെ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും നല്‍കിയിട്ടില്ല. ഇതു മൂലം നഗരസഭയ്ക്ക് ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടവും നേരിടുന്നുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടുമായും, കൗണ്‍സില്‍ യോഗ തീരുമാനങ്ങളെ പറ്റിയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പല നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും, സ്ഥാപന ഉടമകളോട് കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും പരാതികളുണ്ട്. നഗരസഭ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കമ്പിവലകള്‍ സ്ഥാപിച്ചാണ് അപകട ഭീഷണി ഒഴിവാക്കിയിരിക്കുന്നത്. സ്ത്രീകളുടെ ശുചിമുറിയിലും, പോലീസ് എയ്ഡ് പോസ്റ്റിലും കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നുണ്ട്. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഭാഗം ചോര്‍ന്നൊലിക്കുന്നുണ്ട്. 1978ല്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. വളരെ ശാസ്ത്രീയമായി മികച്ച ഉറപ്പോട് കൂടി നിര്‍മ്മിച്ച കെട്ടിടമാണിതെന്നും, ചെറിയ അറ്റകുറ്റ പണികള്‍ നടത്തിയാല്‍ മതിയെന്നും, ഇടിഞ്ഞു വീഴുമെന്ന അപകട ഭീഷണിയൊന്നും കെട്ടിടത്തെ സംബന്ധിച്ചില്ലെന്നും ഒരു വിഭാഗം പറയുന്നുണ്ട്. നഗരത്തില്‍ ഈ കെട്ടിടത്തേക്കാള്‍ പഴകിയ പല കെട്ടിടങ്ങളും ഉണ്ടായിട്ടും ബസ് സ്റ്റാന്റ് കെട്ടിടത്തിന് നേരെ ഉയരുന്നത് അനാവശ്യ ആശങ്കകളാണെന്നും ഇവര്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ഉജിതമായ തീരുമാനം കൈക്കൊള്ളുമെന്ന് നഗരസഭ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍