വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്താനായില്ല: ഇന്നത്തെ തിരച്ചിലും വിഫലം

മാനന്തവാടി: പിലാക്കാവ് മണിയന്‍കുന്നില്‍ നിന്നും കാണാതായ ലീല (77) യെ ഇന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകീട്ട് 3.30 മുതലാണ് മാനസിക അസ്വാസ്ഥ്യമുള്ള ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ വനമേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ ഇവരുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്റേയും ആര്‍ആര്‍ടിയുടേയും പൊലീസിന്റേയും സഹായത്തോടെ ഇന്നും രാവിലെ മുതല്‍ വൈകീട്ട് വരെ വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പൊലീസ് ഡോഗ് സ്‌ക്വാഡിന്റേയും ഡ്രോണിന്റേയും സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. മാനന്തവാടി പ്രിന്‍സിപ്പല്‍ എസ്‌ഐ എം സി പവനന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ന് തിരഞ്ഞത്. കൂടാതെ നോര്‍ത്ത് വയനാട് ആര്‍ആര്‍ടി അംഗങ്ങളും നാട്ടുകാരും തിരച്ചിലില്‍ പങ്കാളിയായി. മാനന്തവാടി അഗ്‌നിരക്ഷാസേനയെത്തി സമീപത്തെ ഉപയോഗശൂന്യമായ ക്വാറിക്കുളത്തിലും തിരച്ചില്‍ നടത്തി.
രാവിലെ ഒമ്പതരയോടെ രണ്ട് ഭാഗങ്ങളായിട്ടാണ് തിരച്ചില്‍ തുടങ്ങിയത്. തിരച്ചില്‍ നടത്തുന്ന ഭാഗത്ത് കാട്ടാനയുള്ളതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ അകറ്റിയാണ് ഈ ഭാഗങ്ങള്‍ തിരഞ്ഞത്. മാനന്തവാടി തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള റവന്യസംഘവും സ്ഥലത്തെത്തിയിരുന്നു.
വനംവകുപ്പ് സ്ഥാപിച്ച രണ്ടു ക്യാമറയില്‍ കഴിഞ്ഞ ദിവസം ലീലയുടെ ചിത്രം പതിഞ്ഞിരുന്നു. പുതിയ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടുമില്ല. തിരച്ചില്‍ വ്യാഴാഴ്ച രാവില എട്ടോടെ വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍