ജില്ലയിലെ നാലിടങ്ങളില്‍ 'ഓപ്പറേഷന്‍ അഭ്യാസ്' വിജയകരമായി നടത്തി

കല്‍പ്പറ്റ: ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷയ്ക്കുള്ള മുന്നൊരുക്കം ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ഇന്ന് വൈകിട്ട് നടത്തിയ സിവില്‍ ഡിഫെന്‍സ് മോക്ക് ഡ്രില്‍, 'ഓപ്പറേഷന്‍ അഭ്യാസ്' വയനാട് ജില്ലയിലെ നാലിടങ്ങളില്‍ വിജയകരമായി സംഘടിപ്പിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ചൂണ്ടേല്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്, അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം (ആര്‍എആര്‍എസ്), വൈത്തിരിയിലെ എന്‍ ഊര് എന്നിവിടങ്ങളിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 'ബോംബ് ആക്രമണ'മായിരുന്നു. വൈകീട്ട് നാലിന് ഉണ്ടായ 'ആക്രമണ'ത്തില്‍ രണ്ടു പേര്‍ 'മരണപ്പെട്ടു'.
അപകട അലാം മുഴങ്ങിയപ്പോള്‍ പരിക്കേറ്റ എട്ടു പേരെ ഉടന്‍ തന്നെ ആശുപത്രി യിലെ അത്യാഹിത വിഭാഗത്തിലെ ട്രയാജ് മേഖലയിലേക്ക് മാറ്റി പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ചു ചികിത്സ ലഭ്യമാക്കി.
24 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും 22 എന്‍സിസി കേഡറ്റുകളും 7 അഗ്‌നിരക്ഷ സേനാംഗങ്ങളും
രണ്ട് ഹോം ഗാര്‍ഡുകളും ആരോഗ്യ വിഭാഗത്തില്‍നിന്ന് 52 പേരും പൊലീസില്‍ നിന്ന് 15 പേരും പട്ടാളത്തില്‍നിന്ന് മൂന്നുപേരും എന്‍സിസി ഓഫീസറായ ഒരാളും ഇവിടെ രക്ഷാ ദൗത്യത്തില്‍ പങ്കാളികളായി. മൂന്നു ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു.
മാനന്തവാടി തഹസില്‍ദാര്‍
എം ജെ അഗസ്റ്റിന്‍ ആയിരുന്നു ഇന്‍സിഡന്റ് കമാന്‍ഡര്‍.
'മിസൈല്‍ ആക്രമണ'ത്തില്‍ ഒരു വ്യവസായ യൂണിറ്റില്‍ 'തീപിടിച്ചുണ്ടായ' അത്യാഹിതമായിരുന്നു കിന്‍ഫ്ര പാര്‍ക്കില്‍.
ഉടന്‍ തന്നെ കല്‍പ്പറ്റ അഗ്‌നി രക്ഷാസേന യൂണിറ്റില്‍ നിന്നും
വാഹനങ്ങള്‍ എത്തി തീയണച്ചു. പരിക്കേറ്റ അഞ്ചു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷ സേന കല്പറ്റ സ്‌റ്റേഷന്‍ ഓഫീസര്‍ പി കെ ബഷീര്‍ ആയിരുന്നു ഇന്‍സിഡന്റ് കമാന്‍ഡര്‍.
ആര്‍എആര്‍എസ് ക്യാമ്പസിലും എന്‍ ഊരിലും ആക്രമണ സൂചന ലഭിച്ചാലുള്ള തയ്യാറെടുപ്പ് ആയിരുന്നു പരിശോധിച്ചത്.
ആര്‍എആര്‍എസ് ക്യാമ്പസ്സില്‍ ആകാശം വഴിയുള്ള
ആക്രമണത്തിന്റെ അലാം മുഴങ്ങിയപ്പോള്‍ തന്നെ കോളേജ് പരിസരത്ത് ഉണ്ടായിരുന്ന 150 പേരെ മിനിറ്റുകള്‍ക്കുള്ളില്‍ 4 ഗ്രൂപ്പായി തിരിച്ച് ക്ലാസ് മുറികളിലേക്ക് മാറ്റി. മുറികളുടെ ജനലുകളും വാതിലും അടച്ചു, വിളക്ക് അണച്ചു തയാറായി നിന്നു.
സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ ശിവദാസന്‍ എം എസ് ആയിരുന്നു ഇന്‍സിഡന്റ് കമാന്‍ഡര്‍.
എന്‍ ഊരില്‍ നിന്ന് 82 പേരെ 21 വാഹനങ്ങളിലായി അലാം മുഴങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സമീപത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് മാറ്റി.
ഇവിടെ 32 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും 30 പോലീസുകാരും 19 എന്‍സിസി കേഡറ്റുകളും
സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അംഗങ്ങളും 10 റവന്യൂ ജീവനക്കാരും അഗ്‌നിരക്ഷാസേന യിലെ ആറു പേരും രണ്ട് ഹോംഗാര്‍ഡുമാരും എന്‍ ഊരിലെ 70 ജീവനക്കാരും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
വൈത്തിരി തഹസില്‍ദാര്‍ വി കുമാരി ബിന്ദുവായിരുന്നു ഇന്‍സിഡന്റ് കമാന്‍ഡര്‍. വൈത്തിരി
ഇന്‍സ്‌പെക്ടര്‍ സി ആര്‍ അനില്‍കുമാര്‍,
അഗ്‌നിരക്ഷാ സേന അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ സതീഷ് ബാബു,
ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ അശോകന്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ഓപ്പറേഷന്‍ അഭ്യാസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും റസ്‌പോണ്‍സിബിള്‍ ഓഫീസറും ജില്ലാ കളക്ടറുമായ ഡി ആര്‍ മേഘശ്രീ മേല്‍നോട്ടം വഹിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍