ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു

കല്‍പ്പറ്റ: മഴക്കാലത്ത് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിക്കാന്‍ 251 ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതില്‍ കൂടുതലും സ്‌കൂളുകള്‍ ആയതിനാല്‍ സ്‌കൂളുകള്‍ അല്ലാത്ത സുരക്ഷിതമായ കെട്ടിടങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ കണ്ടെത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍ദ്ദേശിച്ചു.
ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന മഴക്കാല മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
സ്‌കൂളുകളില്‍ ക്യാമ്പ് ആരംഭിച്ചാല്‍ കുട്ടികളുടെ പഠനം മുടങ്ങും. ഇത് ഒഴിവാക്കണം.സുരക്ഷിതമായ മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്താനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗ്രാമപഞ്ചായത്തുകളുടെ യോഗം വിളിച്ചശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ കുഴി അടയ്ക്കുന്ന പ്രവൃത്തി 80 % പൂര്‍ത്തിയായതായി പൊതുമരാമത്ത് (റോഡ്) വിഭാഗം ഉദ്യോഗസ്ഥ അറിയിച്ചു. ബാക്കി പ്രവൃത്തി മഴയ്ക്ക് മുമ്പ് തീര്‍ക്കും.
വൈദ്യുതി ലൈനുകള്‍ക്ക് മേല്‍ ചാഞ്ഞ മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്ന പ്രവര്‍ത്തി ഹൈടെന്‍ഷന്‍ ലൈനില്‍ 80 ശതമാനം പൂര്‍ത്തിയായതായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍ അറിയിച്ചു. കെഎസ്ഇബിയുടെ 18 സെക്ഷനുകളിലും അതാത് ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റി എന്ന് ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയും ഗ്രാമപഞ്ചായത്തുതലത്തില്‍ ശേഖരിക്കണം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളം നവീകരണ പ്രവൃത്തി, ബണ്ട് നിര്‍മ്മാണം എന്നിങ്ങനെ ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്ന 411 പ്രവൃത്തികള്‍ ഏപ്രിലിന് ശേഷം പൂര്‍ത്തിയാക്കിയതായി തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പടിഞ്ഞാറത്തറ ഡാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഗ്രാമീണ റോഡുകള്‍ ജലവിതരണ പദ്ധതിക്കായി വെട്ടി പൊളിച്ചശേഷം കുഴി മണ്ണിട്ട് മൂടാത്തത് ഭീഷണിയാണെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് ടി കെ ചൂണ്ടിക്കാട്ടി. പൊഴുതന ഗ്രാമപഞ്ചായത്തില്‍ സ്‌കൂളുകള്‍ അല്ലാതെ മറ്റു കെട്ടിടങ്ങള്‍ ദുരിതാശ്വാസ
ക്യാമ്പ് ആയി കണ്ടെത്താന്‍ പ്രയാസമാണെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കെ വി ചൂണ്ടിക്കാട്ടി.
കോഴിക്കോട് വൈത്തിരിഗൂഡല്ലൂര്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാത്ത കാര്യം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണിക്കൃഷ്ണന്‍ ശ്രദ്ധയില്‍പ്പെടുത്തി. കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന റോഡും തകര്‍ച്ചയിലാണ്.
മരങ്ങള്‍ മുറിക്കുന്നതില്‍ പൊതുമരാമത്ത് വിഭാഗം കാലവിളംബം വരുത്തുന്നതായി മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു പറഞ്ഞു.
സ്വകാര്യ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നത് സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്തു.
ഉള്‍ക്കാടുകളില്‍ പെയ്യുന്ന മഴയുടെ വിവരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കി. സുഗന്ധഗിരി ഭാഗത്ത് റെയിഞ്ച് പ്രശ്‌നം ഉള്ളതിനാല്‍ അവിടെ ആശയവിനിമയത്തിന് ബദല്‍ സംവിധാനമുണ്ടാക്കണം.
മുണ്ടക്കയംചൂരല്‍മല ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ മഴക്കാലത്ത് അപകടങ്ങള്‍ വരുത്താതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വയനാട് ജില്ലയില്‍ ലഭിച്ച മഴ, സംഭവിച്ച ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കാലാവസ്ഥാമാറ്റം, ജനസംഖ്യ വര്‍ധന, അപകട ഭീഷണിയുള്ള സ്ഥലങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവ വിശദീകരിച്ചു ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി & വൈല്‍ഡ്‌ലൈഫ് ബയോളജി ഡയറക്ടര്‍ സി കെ വിഷ്ണുദാസ് പവര്‍ പോയിന്റ് അവതരിപ്പിച്ചു.
ജില്ലയിലെ 21 % പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള വിഭാഗത്തിലാണ്. 48% പ്രദേശങ്ങള്‍ ശരാശരി സാധ്യതയുള്ള വിഭാഗത്തിലും 30% പ്രദേശങ്ങള്‍ സാധ്യത കുറഞ്ഞ വിഭാഗത്തിലുമാണെന്ന് വിഷ്ണുദാസ് ചൂണ്ടിക്കാട്ടി. ജൂണ്‍ മുതല്‍ ജില്ലയിലെ ഓരോ മലനിരകളിലും പെയ്യുന്ന മഴ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. നിലവില്‍ ജില്ലയിലെ 260 മഴമാപിനികളില്‍ നിന്നുള്ള മഴയുടെ തോത് ദിവസേന ശേഖരിക്കുന്നുണ്ട്.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, എഡിഎം കെ ദേവകി, സബ്ബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ കെ വിമല്‍രാജ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍