കണ്ണീര്‍ക്കയങ്ങളില്‍ നിന്നും വെളളാര്‍മലയുടെ വിജയം

മേപ്പാടി: ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്നുപോയ വെള്ളാര്‍മല വിദ്യാലയം അവരുടെ കളിക്കൂട്ടുകാരെയെല്ലാം ചേര്‍ത്ത് മേപ്പാടിയിലെത്തിയപ്പോഴും വിജയ പ്രതീക്ഷ കൈവിട്ടില്ല. 55 കുട്ടികള്‍ പരീക്ഷയെഴുതിയ ഈ വിദ്യാലയത്തില്‍ നിന്നും ഒരു ഫുള്‍ എ പ്ലസ് അടക്കം എല്ലാവരും വിജയിച്ചു. ഉരുള്‍ ദുരന്തത്തിന്റെ ആഴക്കയങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയ കുട്ടികള്‍ ഇന്ന് പുതിയ ലോകത്തിലാണ്. ഇരുള്‍ നിറഞ്ഞ ആ പ്രളയകാലത്തെയും പിന്നിലാക്കി അവര്‍ ഒരു അധ്യയന വര്‍ഷത്തെയും മറികടന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന മുണ്ടക്കൈ, വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളാണ് മേപ്പാടിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഇത്തവണ പഠനം തുടര്‍ന്നത്. മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 61 കുട്ടികളും വെളളാര്‍മല ജി.വി.എച്ച്.എസ്.എസ്സിലെ 546 കുട്ടികളുമാണ് മേപ്പാടിയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പുതിയ ക്ലാസ്സ് മുറികളില്‍ പഠനം തുടര്‍ന്നത്. ഇവര്‍ക്കായി ഇവരുടെ അധ്യാപകരെയും ഇവിടേക്ക് എത്തിച്ചിരുന്നു. ഈ വേദനകള്‍ക്കിടയില്‍ നിന്നാണ് ഇത്തവണ ഇവരുടെ പത്താം ക്ലാസ്സ് പരീക്ഷ.
ദുരന്തത്തില്‍ നാടും ഉറ്റവരുമെല്ലാം നഷ്ടമായതിന്റെ വേവലാതികളില്‍ നിന്നും പതിയെയാണ് ഇവര്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയത്. കരുതലാര്‍ന്ന കൈത്താങ്ങുകളിലൂടെ ഈ കുട്ടികളെയും ക്ലാസ്സ് മുറികള്‍ പുതിയ പാഠങ്ങളിലേക്ക് കൈപിടിച്ചു. നഷ്ടപ്പെട്ടുപോയ പാഠപുസ്തകങ്ങളും പുതുവസ്ത്രങ്ങളും ബാഗുകളുമെല്ലാമായി ദുരന്തഭൂമിയിലെ കുട്ടികള്‍ക്കായി പുനപ്രവേശനോത്സവവും നടത്തിയിരുന്നു. മേപ്പാടിയിലും സമീപ പ്രദേശങ്ങളിലുമായി താല്‍ക്കാലിക പുനരധിവാസ ക്യാമ്പുകളില്‍ നിന്നാണ് ഇവര്‍ വിദ്യാലയത്തിയിരുന്നത്. ചൂരല്‍മലയില്‍ നിന്നും രാവിലെയും വൈകീട്ടും കെ.എസ്.ആര്‍.ടി.സി ബസ്സും ഇവര്‍ക്കായി പ്രത്യേക സര്‍വ്വീസുകള്‍ നടത്തി. ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകളെ കണ്ണില്‍ നിന്നും മായാത്ത കുരുന്നു മനസ്സുകള്‍ക്ക് ദുരന്ത അതിജീവനത്തിനുള്ള പാഠങ്ങളും പാഠ്യപദ്ധതിയില്‍ അധ്യാപകര്‍ കൂട്ടി ചേര്‍ത്തു. ദുരന്തമേഖലയിലുള്ളവരുടെ താല്‍ക്കാലിക പുനരധിവാസം ഉള്‍പ്പെടെ നാലാഴ്ചകള്‍ക്കുള്ളിലാണ് ബദല്‍ വിദ്യാലയം സാധ്യമാക്കിയത്. മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച മുണ്ടക്കെയിലെയും വെള്ളാര്‍മലയിലെയും രണ്ട് മാതൃക പൊതുവിദ്യാലയങ്ങളാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാഞ്ഞുപോയത്. ദുരന്തത്തില്‍ മരിച്ച കുട്ടികളും ഈ വിദ്യാലയങ്ങളുടെ തീരാവേദനയായി മാറി. ദുരന്തത്തില്‍ 36 കുട്ടികള്‍ മരിക്കുകയും 17 കുട്ടികളെ കാണതാവുകയും ചെയ്തിരുന്നു. 316 കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. ഒട്ടുമിക്ക കുട്ടികളുടെ കുടുംബത്തെയും ദുരന്തം സാരമായി ബാധിച്ചിരുന്നു. ഉറ്റവരെയും വീടിനെയും വിദ്യാലയത്തിനെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുകയെന്നതും താല്‍ക്കാലിക പുനരധിവാസം പോലെ പ്രധാനപ്പെട്ടതായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍