വള്ളിയൂര്‍ക്കാവ് ആഴ്ചച്ചന്ത പദ്ധതി മെയ് 30 നുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും; മന്ത്രി ഒ ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം; ആഴ്ചച്ചന്ത മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു നടത്ത

കല്‍പ്പറ്റ: മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുന:സ്ഥാപിക്കുന്ന ആഴ്ചച്ചന്ത (വള്ളിയൂര്‍ക്കാവ് ഡെവലപ്‌മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്‍ഡ് എക്‌സിബിഷന്‍ സ്‌പേസ്) പദ്ധതി മെയ് 30 നുള്ളില്‍ തുറന്നു പ്രവര്‍ത്തിക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള, സര്‍ക്കാര്‍ 4.87 കോടി രൂപ ചെലവഴിച്ച പദ്ധതിയിലെ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാന്‍ ബുധനാഴ്ച പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. പദ്ധതിയുടെ നടത്തിപ്പ് മലബാര്‍ ദേവസ്വം ബോര്‍ഡിനായിരിക്കും. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ആകെ വരുമാനത്തില്‍ 80 % മലബാര്‍ ദേവസ്വം ബോര്‍ഡും 20% വിനോദസഞ്ചാരവകുപ്പും പങ്കിടും. ഇതിനുള്ള ധാരണപത്രത്തില്‍ ഇരു കൂട്ടരും ഒപ്പുവെയ്ക്കും.
ആകെ 43 സ്റ്റാളുകളാണ് വള്ളിയൂര്‍ക്കാവ് ഡെവലപ്‌മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്‍ഡ് എക്‌സിബിഷന്‍ സ്‌പേസില്‍ ഉണ്ടാവുക. ഇതില്‍ ഓരോന്ന് വീതം ദേവസ്വം വകുപ്പിനും വിനോദസഞ്ചാര വകുപ്പിനും നല്‍കും. ബാക്കിയുള്ള സ്റ്റാളുകള്‍ ലേലത്തില്‍ നല്‍കും. ഇതില്‍ പട്ടികവര്‍ഗ വിഭാഗത്തിനും സ്ത്രീകള്‍ക്കും ഭിന്നശേഷി വിഭാഗത്തിനുമുള്ള സംവരണം ഉറപ്പാക്കും. പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായി
കെട്ടിട നമ്പര്‍ മാനന്തവാടി നഗരസഭയില്‍ നിന്ന് ഉടന്‍ ലഭ്യമാക്കും. വൈദ്യുതി കണക്ഷനും എടുക്കും.
ആഴ്ചച്ചന്ത മാതൃകയില്‍ ദിവസവും വ്യാപാരവും വാണിജ്യവും വിഭാവനം ചെയ്യുന്ന കെട്ടിടത്തിലെ സ്റ്റാളുകളില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍, ഗോത്രവര്‍ഗക്കാരുടെ തനത് ഉല്‍പ്പന്നങ്ങള്‍, കാര്‍ഷികയന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഫുഡ് കോര്‍ട്ട്, കരകൗശല ഉല്‍പ്പന്നങ്ങള്‍, കൈത്തറി, ഇക്കോ ഷോപ്പുകള്‍, പൂജ സ്‌റ്റോര്‍, ഫാന്‍സി കട, മ്യൂസിയം, കാര്‍ഷിക നഴ്‌സറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വിത്ത് നഴ്‌സറി, മുള ഉല്‍പ്പന്നങ്ങള്‍, പുഷ്പങ്ങളുടെ നഴ്‌സറി, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ ഒരുക്കാനാണ് ആലോചന. ഇതിനുപുറമേ, വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി
നെയ്ത്തും തറിയും, മുള ഉപയോഗിച്ച് കുട്ടയും വട്ടിയും നിര്‍മ്മിക്കുന്നത്, കളിമണ്ണ് ഉപയോഗിച്ച് ചട്ടികളും കലങ്ങളും നിര്‍മിക്കുന്നത് എന്നിവ യുടെ തത്സമയ ഡെമോണ്‍സ്ട്രഷനും സ്റ്റാളുകളില്‍ ഉണ്ടാകും.
കാര്‍ഷിക വിപണന രംഗത്തെ സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങള്‍ നിര്‍മിക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. ആഴ്ചച്ചന്ത പരിപാലിക്കുന്നതിനായി സുരക്ഷാ ജീവനക്കാരെയും
ശുചീകരണ ജീവനക്കാരെയും നിയമിക്കും. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ കെ സി സുനില്‍കുമാര്‍, എഡിഎം കെ ദേവകി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍ രമ, മലബാര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) വിജയി പി ടി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി വി വിജയന്‍, ഡിടിപിസി പ്രതിനിധികളായ രതീഷ് ബാബു പി എം, പ്രവീണ്‍ പി പി, വള്ളിയൂര്‍ക്കാവ് ക്ഷേത്ര ട്രാസ്റ്റിമാരായ ഏചോം ഗോപി, ഇ പത്മനാഭന്‍ തുടങ്ങിയവര്‍
പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍