ഉരുള്‍ദുരന്തം: വിദ്യാര്‍ഥികളെ ചേര്‍ത്തുനിര്‍ത്താന്‍ 'ഉയിര്‍പ്പ്' പദ്ധതിക്ക് സാധിച്ചത് അഭിനന്ദനാര്‍ഹം: പ്രിയങ്കാഗാന്ധി എം.പി; ഉയിര്‍പ്പ് വിദ്യാഭ്യാസ പദ്ധതി ലോഞ്ചിംഗ് നടത്തി

കല്‍പ്പറ്റ: രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായ ചൂരല്‍മലമുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് ശേഷം ദുരന്തമേഖലയിലെ ഒരു വിദ്യാര്‍ഥിയെ പോലും നിരാശരാക്കാതെ അവരെ ചേര്‍ത്തുനിര്‍ത്താന്‍ ഉയിര്‍പ്പ് പദ്ധതിക്ക് സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് പ്രിയങ്കാഗാന്ധി എം പി. മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'ഉയിര്‍പ്പ്' വിദ്യാഭ്യാസ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിംഗ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രിയങ്ക. ദുരന്തത്തില്‍ ഓരോ വ്യക്തിയും, കുടുംബവും നേരിട്ട ആഘാതം നേരിട്ടുകണ്ടു മനസിലാക്കിയതാണ്. നിങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സാധിക്കുന്നതും അതിന് കഴിയാത്തതുമുണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗം തിരിച്ചുപിടിക്കാന്‍ സാധിക്കാത്തതാണെങ്കില്‍ ബാക്കിയെല്ലാം തിരിച്ചുനല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകളും പൊതുസമൂഹത്തിനുമുണ്ട്. അതാണ് ഇവിടെ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ദുരന്തത്തില്‍ നിരവധി കുട്ടികള്‍ക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട പലരുടെയും പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നത് ആശങ്കയിലായിരുന്നു. പഠനം മുടങ്ങുമെന്ന് കരുതിയിരുന്ന കുട്ടികളെ എം എല്‍ എ കെയര്‍ ചേര്‍ത്തുനിര്‍ത്തി. ആ കുട്ടികള്‍ക്ക് സഹായമെത്തിക്കാന്‍ ടി സിദ്ധിഖ് എം എല്‍ എ ഓഫീസ് തുറന്നു പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ ഇടപെടല്‍ മാതൃകാപരമാണെന്ന് പ്രിയങ്ക പറഞ്ഞു.
ഇതില്‍ വിദ്യാര്‍ഥികളുടെ ട്യൂഷന്‍ഫീസ് മാത്രമല്ല, മറിച്ച് യൂണിവേഴ്സിറ്റി പരീക്ഷാഫീസ്, ഹോസ്റ്റല്‍ ഫീസുകളും, ലാബ്, പ്രൊജക്ട്, ഇന്റേണ്‍ഷിപ്പ് തുടങ്ങിയ എല്ലാവിധ ചിലവുകളും ഈ പദ്ധതിയിലൂടെ നല്‍കാനായി. ഇതിനെല്ലാം പുറമെ വിദ്യാര്‍ഥിക്കുള്ള പോക്കറ്റ് മണിയും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചത് വെറെയൊരിടത്തും നടപ്പിലാക്കാത്ത പദ്ധതിയായി തനിക്ക് തോന്നിയെന്നും പ്രിയങ്ക പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 134 വിദ്യാര്‍ഥികളുടെ എം ബി ബി എസ്, എഞ്ചിനീയറിംഗ്, ഐ ടി ഐ, അധ്യാപക പരിശീലനം, വിവിധ സര്‍വകലാശാലകളുടെ ആര്‍ട്സ്, സയന്‍സ് ആന്റ് കൊമേഴ്സ് കോഴ്സുകള്‍ തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച്, അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളുമായി സംസാരിച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ മുഴുവന്‍ ചിലവുകളും മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാകുന്നത് വരെയുള്ള എല്ലാ ചിലവുകളും പദ്ധതിയുട ഭാഗമായി നിര്‍വഹിക്കപ്പെടുന്നു. ഉയിര്‍പ്പ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 64 ലക്ഷം രൂപ ഫീസ് ആയി നല്കി കഴിഞ്ഞു. ചടങ്ങില്‍ ചൂരല്‍മലമുണ്ടക്കൈ മേഖലയിലെ മൂന്ന് കുടുംബങ്ങള്‍ക്ക് മലബാര്‍ ഗോള്‍ഡ് നല്കുന്ന വിവാഹ ധനസഹായം 'ഗോള്‍ഡന്‍ ഹെര്‍ട്ട്' പദ്ധതിയുടെ ഭാഗമായി കൈമാറി. പദ്ധതിയുമായി സഹകരിച്ച എല്ലാ സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ഉയിര്‍പ്പിന്റെ ഭാഗമായ 134 കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും കൈമാറി. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അധ്യക്ഷനായിരുന്നു. എ പി അനില്‍കുമാര്‍ എം എല്‍ എ, എം വി ശ്രേയാംസ്കുമാര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എം പി അഹമ്മദ്, നിഷ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ടെസ്സി തോമസ്, തണല്‍ ചെയര്മാന് ഡോ. ഇദ്രിസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എന്‍ ഡി അപ്പച്ചന്, കല്‍പ്പറ്റ നഗരസഭാ ചെയര്മാന് അഡ്വ. ടി ജെ ഐസക്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു, കേയംതൊടി മുജീബ്, പി പി ഖാദര്‍, പി പി ആലി, സി കെ ശിവരാമന്, പ്രൊഫ. വി കബീര്‍, സുനില്‍കുമാര്‍ മാസ്റ്റര്‍, ബിനീഷ് മാസ്റ്റര്‍, മൂപ്പന്‍സ് മെഡിക്കല്‍ കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബഷീര്‍, നിഷാദ്, അബൂബക്കര്‍, ജലീല്‍ (മലബാര്‍ ഗോള്‍ഡ്) തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍