കേന്ദ്ര കേരള സര്‍ക്കാരുകള്‍ മനുഷ്യ ജീവന് വിലകൊടുക്കണം: പ്രിന്‍സ് അബ്രഹാം.

കണ്ണൂര്‍: പൊതുജനത്തിനും സ്വത്തിനും ജീവനും ഭീഷണിയായി വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബത്തേരി രൂപതയിലെ കണ്ണൂര്‍ മേഖലയിലെ മലങ്കര കത്തോലിക്കാ സഭയുടെ അല്‍മായ സംഘടനയായ മലങ്കര കാത്തലിക് അസോസിയേഷന്‍, സഹോദര സംഘടനകള്‍ ആയ സാമൂഹിക ക്ഷേമ വിഭാഗം ശ്രേയസ് കണ്ണൂര്‍ മേഖല , എംസിവൈഎം, എംസിഎംഎഫ് എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ബത്തേരി രൂപത പ്രസിഡണ്ട് പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്തു. കര്‍ഷകനോ കര്‍ഷക തൊഴിലാളികളോ, സാധാരണക്കാരനോ മൃഗങ്ങള്‍ക്കോ പ്രകൃതിക്കോ എതിരല്ല എന്നും, അങ്ങനെ ഒരു ചിന്ത വളര്‍ത്തിയെടുക്കുകയാണ് എന്നും, സര്‍ക്കാര്‍ മനുഷ്യജീവന് വില കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ എംസിഎ ബത്തേരി രൂപത വൈദിക ഉപദേഷ്ടാവ് റവ. ഫാ.ജെയിംസ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ശ്രേയസ് കണ്ണൂര്‍ മേഖലാ ഡയറക്ടര്‍ റവ. ഫാ. ജോണ്‍ കയത്തിങ്കല്‍ ആമുഖ പ്രഭാഷണം നടത്തി.അത്തിക്കലില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കീഴ്പ്പള്ളിയില്‍ വച്ച് നടന്ന പൊതുയോഗത്തോടെ സമാപിച്ചു. പരിപാടിയില്‍ എംസിഎ കണ്ണൂര്‍ മേഖല പ്രസിഡണ്ട് തോമസ്, സാബു അടക്കാത്തോട്, ജെസ്‌നറ്റ് എന്നിവര്‍ സംസാരിച്ചു. എം സി വൈ എം, എം സി എം എഫ്, എംസിഎ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.