സംസ്ഥാന കര്‍ഷക അവാര്‍ഡ്; അഭിമാന നേട്ടവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.

മീനങ്ങാടി: സംസ്ഥാന കര്‍ഷക അവാര്‍ഡില്‍ കാര്‍ഷിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള സി അച്ച്യുതമേനോന്‍ സ്മാരക അവാര്‍ഡ് നേടി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്‌കാരത്തില്‍ മൂന്നാം സ്ഥാനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ജ്യോതി സി ജോര്‍ജും കരസ്ഥമാക്കി.സുസ്ഥിര കാര്‍ഷിക വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാതൃകയായ പദ്ധതികളാണ് ഗ്രാമപഞ്ചായത്തിന് അംഗീകാരം നേടിക്കൊടുത്തത്. കാര്‍ബണ്‍ ന്യൂട്രല്‍ പുരസ്‌കാരം നേടിയ മീനങ്ങാടി, കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ ധനവിനിയോഗം നടത്തിയ പഞ്ചായത്തായും ശ്രദ്ധ നേടിയിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വര്‍ഷമായി കാര്‍ഷിക വികസനം, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, പ്രാദേശിക കര്‍ഷകര്‍ക്ക് പിന്തുണ എന്നിവയില്‍ ഗ്രാമപഞ്ചായത്ത് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചു.
ഓക്‌സിജന്‍ പാര്‍ക്ക്, നെല്‍വയലില്‍ ജൈവ കാര്‍ബണ്‍ വര്‍ധനവ്, പ്രകൃതിദത്ത കൃഷി പ്രോത്സാഹനം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, മില്ലറ്റ് കൃഷി, പച്ച തുരുത്ത്, ജൈവ വൈവിധ്യ സംരക്ഷണ പരിപാടികള്‍, സോളാര്‍ പമ്പ് ഇറിഗേഷന്‍ സിസ്റ്റം തുടങ്ങി നിരവധി നവോത്ഥാന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
'മണ്ണറിയാം കൃഷി ചെയ്യാം' എന്ന കാര്‍ഷിക പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് അവരുടെ മണ്ണിലെ പോഷക ഘടകങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാക്കി. സമഗ്രമായ മണ്ണ് പരിശോധനയ്ക്ക് ശേഷം ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ വളങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കി. കുട്ടികളില്‍ കാര്‍ഷിക താല്‍പ്പര്യം വളര്‍ത്താനും സംരക്ഷണ മനോഭാവം വളര്‍ത്താനുമായി പഞ്ചായത്ത് സ്‌കൂള്‍ പൗള്‍ട്രി പദ്ധതി ആരംഭിച്ചു.
തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കാനുള്ള പദ്ധതിയില്‍ 2023–24 വര്‍ഷം 3.6 ഹെക്ടര്‍ നെല്‍കൃഷിയും, 2024-25ല്‍ 2.4 ഹെക്ടര്‍ നെല്‍കൃഷിയും 4 ഹെക്ടര്‍ കാലിത്തീറ്റ കൃഷിയും നടപ്പിലാക്കി.
പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിലൂടെ ആവശ്യമായ കാര്‍ഷിക ഇന്‍പുട്ടുകളും പരിസ്ഥിതി സൗഹൃദ കീടനാശിനികളും വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴിയും നിരവധി കാര്‍ഷിക അടിസ്ഥാനസൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കി. 2 ലക്ഷം കാപ്പിത്തൈകള്‍, 10,000 തെങ്ങിന്‍ തൈകള്‍, 10,000 നാരങ്ങ തൈകള്‍, ജിയോ ടെക്‌സ്‌റ്റൈല്‍ കുളങ്ങള്‍, നദീതീര ലൈനിംഗ്, വ്യക്തിഗത കര്‍ഷകര്‍ക്ക് കൃഷിക്കുളങ്ങള്‍, കനാല്‍ നവീകരണം, മഴവെള്ള സംഭരണിയിലൂടെ കിണര്‍ റീചാര്‍ജ് സംവിധാനങ്ങള്‍ തുടങ്ങി അനേകം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
വൈവിധ്യമാര്‍ന്ന പദ്ധതികള്‍, കര്‍ഷകകേന്ദ്രിത സമീപനം, പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത, ഇതെല്ലാം ചേര്‍ന്നാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ സംസ്ഥാനത്തെ കാര്‍ഷിക രംഗത്ത് അഭിമാനസ്ഥാനത്ത് എത്തിച്ചത്.
പുരസ്‌കാരമായി ഗ്രാമപഞ്ചായത്തിന് 10 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
288whd