ശ്രദ്ധേയമായി 'സമന്വയം':രജിസ്റ്റര്‍ ചെയ്തത് 627 ഉദ്യോഗാര്‍ത്ഥികള്‍
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ന്യൂനപക്ഷ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി 'സമന്വയം' തൊഴില്‍ - നൈപുണി രജിസ്‌ട്രേഷന്‍ ക്യാമ്പ്. രാവിലെ മുതല്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ ക്യാമ്പയിനില്‍ മുസ്ലിം, കൃസ്ത്യന്‍, ജൈന ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട 627 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു. 18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡി.ഡബ്ല്യു.എം.എസ് മുഖേനയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതക്കും അഭിരുചിക്കും ഇണങ്ങിയ തൊഴില്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും. സൂക്ഷ്മ ന്യൂനപക്ഷമായ ജൈന വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചാണ് ക്യാമ്പയിന് തുടക്കമിട്ടത്. മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമില്‍ നിലവില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മുന്നൂറിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ പ്രാദേശിക തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്താനാകും. രജിസ്റ്റര്‍ ചെയ്തവരെ പരിശീലനത്തിലൂടെ തൊഴില്‍ സജ്ജരാക്കും. തുടര്‍ന്ന് പ്ലാറ്റ്ഫോമില്‍ ലഭ്യമായ തൊഴിലുകളിലേക്ക് എത്തിക്കും. സ്വകാര്യ തൊഴില്‍ ദാതാക്കളുമായി കൈകോര്‍ത്ത് ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകള്‍ തരംതിരിച്ചാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. തൊഴില്‍ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ തുടര്‍നടപടികളും സഹായവും പിന്തുണയും നോളജ് മിഷന്‍ ഉറപ്പാക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടല്‍, ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ജോലിക്ക് അപേക്ഷിച്ച ശേഷമുള്ള തുടര്‍നടപടികള്‍, നിയമന രീതി തുടങ്ങിയവ സംബന്ധിച്ച് നോളജ് എക്കോണമി മിഷന്‍ ഡൈവേഴ്സിറ്റി ഇന്‍ക്ലൂഷന്‍ മാനേജര്‍ പി.കെ പ്രജിത്ത്,നോളജ് എക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍ എന്നിവര്‍ ക്ലാസെടുത്തു.
കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ. ദേവകി, ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി റോസ, എ. സൈഫുദ്ധീന്‍ ഹാജി, കേരളാ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യം, ജില്ലാ കോഡിനേറ്റര്‍ യൂസഫ് ചെമ്പന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രൊജക്റ്റ് മാനേജര്‍ ഡയാന തങ്കച്ചന്‍, കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ.ഒ അഹമ്മദ്കുട്ടി ബാഖവി, കെ.എന്‍.എം പ്രതിനിധി സയ്യിദ് അലി സ്വലാഹി, കാലിക്കറ്റ് രൂപത ലാറ്റിന്‍ കെ.എല്‍.സി പ്രതിനിധി തോമസ് ചെമ്മനം, ഡബ്ല്യൂ.എം.ഒ പ്രസിഡന്റ് കാദര്‍ പട്ടാമ്പി, ജയ്ന്‍ വയനാട് സമാജം ഡയറക്ടര്‍ രാജേഷ്, പ്രസിഡണ്ട് നേമി രാജ്, കെ.കെ മുഹമ്മദലി ഫൈസി, ഐ.പി.എഫ് ഡയറക്ടര്‍ ഡോ. ഇര്‍ഷാദ്, കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദലി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ അഹമ്മദ് കുട്ടി, കെ.കെ.ഇ.എം സ്റ്റേറ്റ് നോഡല്‍ഓഫീസര്‍ (മൈനോരിറ്റി ഡയറക്ടറേറ്റ് ഓഫ് വെല്‍ഫെയര്‍) സനീഷ് കുമാര്‍, ജൈന സമാജം ഡയറക്ടര്‍ മഹേന്ദ്രകുമാര്‍, മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. മനോജ്, മാനന്തവാടി രൂപത മൈനോരിറ്റി സെല്‍ വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
--
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍