വീണ്ടും ലാപ്‌ടോപ് വിവാദം- വിദ്യാര്‍ത്ഥിനികള്‍ക്കായി എത്തിച്ച ലാപ് ടോപ്പുകള്‍ തിരിച്ചയച്ചു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട് മാനന്തവാടി നഗരസഭ

മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്പ്‌ടോപ് നല്‍കുന്ന പദ്ധതിയില്‍ വിതരണത്തിനായെത്തിച്ച 54 ലാപ് ടോപ്പുകള്‍ തിരിച്ചയച്ചു. നഗരസഭ ഭരണസമിതി യോഗത്തിലോ പ്രൊക്യര്‍മെന്റ് കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെയും, നഗരസഭ അധികൃതരുമായി കൃത്യമായി ആശയവിനിമയം നടത്താതെയും ചില ജീവനക്കാര്‍ നടത്തിയ ഇടപെടല്‍ മൂലമാണ് ലാപ്‌ടോപ്പുകള്‍ നഗരസഭയിലെത്തിച്ചതെന്ന് ആരോപിച്ചാണ് ഭരണസമിതി മുന്‍കയ്യെടുത്ത് വിതരണ കമ്പനിക്ക് ലാപ്‌ടോപ്പുകള്‍ തിരിച്ചയച്ചത്. പൊതുവിപണിയില്‍ 35,000 രൂപയോളം വിലവരുന്ന 44,000 ത്തോളം രൂപ നല്‍കിയാണ് വാങ്ങിയതെന്നും, പെരുമാറ്റച്ചട്ടം ലംഘിച്ചാണ് ജിവനക്കാര്‍ സപ്ലൈ ഓര്‍ഡര്‍ നല്‍കിയതെന്നുമുള്ള ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ തവണ ലാപ്‌ടോപ്പുകള്‍ അമിതവില നല്‍കി വാങ്ങിയെന്ന പരാതിയില്‍ നഗരസഭക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. കൂടാതെ അന്ന് അധികമായി ചെലവഴിച്ച 27ലക്ഷം രൂപതിരിച്ചടക്കണമെന്ന നിര്‍ദേശവും നിലവിലുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ടെണ്ടര്‍വഴിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് സപ്ലൈ ഓര്‍ഡര്‍ കിട്ടിയതെന്നും, പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് ആ സമയത്ത് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാതിരുന്നതെന്നും, പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനാലാണ് ഇപ്പോള്‍ വിതരണം ചെയ്തതെന്നും ലാപ്‌ടോപ്പ് നല്‍കിയ കൊയിലാണ്ടിയിലെ അഡ്മയര്‍ ബിസിനസ് സൊല്യൂഷന്‍ അധികൃതര്‍ വ്യക്തമാക്കി. ജെം മുഖേനെയാണ് ടെണ്ടര്‍ നടപടിയെങ്കിലും ആയത് പ്രൊക്യര്‍മെന്റ് കമ്മിറ്റിയും, കൗണ്‍സിലും അംഗീകരിച്ചാല്‍ മാത്രമെ സപ്ലൈ ഓര്‍ഡര്‍ നല്‍കാവൂ എന്നിരിക്കെ ചില ജീവനക്കാര്‍ വരുത്തിവെയ്ക്കുന്ന പിഴവുകളും, അശ്രദ്ധയും മൂലം ഭരണസമിതി അനാവശ്യ വിവാദങ്ങള്‍ക്ക് മറപടി പറയേണ്ട ഗതികേടിലായെന്നാണ് ഒരുവിഭാഗം പറയുന്നത്.
വിദ്യാര്‍ത്ഥിനികള്‍ക്ക് വിതരണം ചെയ്യുന്നതിനായി 54 ലാപ് ടോപ്പുകളാണ് കഴിഞ്ഞദിവസം നഗരസഭയിലെത്തിച്ചത്. ലെനവോ ബ്രാന്‍ഡിലുള്ള ലാപ് ടോപ്പിന് 43,980 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ മോഡലിലുള്ള ലാപ് ടോപ്പുകള്‍ക്ക് പൊതുവിപണിയില്‍ 30,000 രൂപ മുതല്‍ 35,000 രുപ വരെയാണ് വിലയുള്ളതെന്നും പറയപ്പെടുന്നുണ്ട്. 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുമ്പ് നഗരസഭ വിതരണം ചെയ്തിരുന്ന ലാപ് ടോപ്പുകള്‍ക്ക് 56,900 രൂപയാണ് വില നല്‍കിയിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. കൂടാതെ ലോക്കല്‍ ഓഡിറ്റില്‍ ലാപ് ടോപ്പിന് നല്‍കിയ തുക പൊതു വിപണിയേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തുകയും അധികമായി ചിലവഴിച്ച തുക തിരിച്ചടക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഭരണ സമിതിയും ,ജീവനക്കാരും ചേര്‍ന്നുള്ള വലിയ അഴിമതി നടന്നിട്ടുള്ളതായി പ്രതിപക്ഷം കൂറ്റപ്പെടുത്തി. അതോടൊപ്പംതന്നെ എസ് സി പി പദ്ധതിയില്‍ 54 ഗുണഭോക്താക്കളില്ലെന്നും പറയപ്പെടുന്നുണ്ട്. അതെ സമയം ചില ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് പിന്നിലെന്നും, ഭരണസമിതി അറിയാതെ എത്തിച്ച ലാപ് ടോപ്പുകള്‍ അന്നുതന്നെ തിരിച്ചയച്ചതായും നഗരസഭാ ഭരണസമിതി വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍