സിദ്ധാര്‍ത്ഥന്റെ മരണം: മരണശേഷം ഉള്ള സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ച് സിബിഐ
പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഊര്‍ജ്ജിത നടപടികളുമായി സിബിഐ രംഗത്ത്. മൃതദേഹത്തിന് സമാനമായ ഡമ്മി ഉപയോഗിച്ചായിരുന്നു സംഭവങ്ങളുടെ പുനരാവിഷ്‌കരണം. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.
മര്‍ദ്ദിച്ച ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി. മൃതദേഹം ആദ്യം കണ്ടവരുടെയും ആംബുലന്‍സിലേക്ക് കയറ്റിയവരുടെയും മൊഴികള്‍ രേഖപ്പെടുത്തി. തുടര്‍ നടപടികളുടെ ഭാഗമായി വരും ദിനങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയുമായി സിബിഐ. ഹോസ്റ്റല്‍ ഡോര്‍മെറ്ററിയിലെ ശുചിമുറിയില്‍ മൃതദേഹം കണ്ട സാഹചര്യം ഹോസ്റ്റലില്‍ ഡമ്മിയുടെ സഹായത്താല്‍ പുനരാവിഷ്‌കരിച്ചായിരുന്നു പരിശോധന. . സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകം ആണെന്ന ബന്ധുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ശാസ്ത്രീയ പരിശോധന ഉച്ചയോടെ പൂര്‍ത്തിയാക്കിയത്. അടുത്ത ദിവസങ്ങളില്‍ പ്രാധാന പ്രതികള്‍ക്കായി സിബിഐ കസ്റ്റഡി അപേക്ഷ നല്‍കും.
സിബിഐ ഡി ഐ ജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഹോസ്റ്റലില്‍ എത്തിയത് രാവിലെ ഒമ്പതരയോടെ സംസ്ഥാന പോലീസിന് കീഴിലെ ഫോറന്‍സിക് ടീമും, സിബിഐയിലെ വിദഗ്ധരും സംഘത്തില്‍ ഉണ്ടായിരുന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച ഹോസ്റ്റലിന്റെ നടുത്തളം, ഇരുപത്തിയൊന്നാം നമ്പര്‍ മുറി എന്നിവിടങ്ങളിലും പരിശോധന നടത്തി . ഇതിനുശേഷമാണ് ഡോര്‍മെറ്ററിയിലെ ശുചി മുറിയില്‍ ശാസ്ത്രീയ പരിശോധന തുടങ്ങിയത് . ശുചിമുറിയില്‍ ജനലിലാണ് അടിവസ്ത്രത്തില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും സംഘം തെളിവുകള്‍ ശേഖരിച്ചു . പതിനൊന്നരയോടെയാണ് മൃതദേഹത്തിന് സമാനമായ ഡമ്മി ഉപയോഗിച്ച് പരിശോധന തുടങ്ങിയത്. മൃതദേഹത്തിന്റെ ഭാരവും ഉയരവുമുള്ള ഡമ്മിയാണ് ഇതിനായി ഉപയോഗിച്ചത് . മരണം കൊലപാതകം ആണെന്ന് ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു .മൃതദേഹം ആദ്യമായി കണ്ട വിദ്യാര്‍ത്ഥികളോട് ഉള്‍പ്പെടെ മൊഴിയെടുപ്പിന് ഹാജരാകാനുള്ള നിര്‍ദ്ദേശം സിബിഐ നല്‍കിയിട്ടുണ്ട്. കോളേജ് മുന്‍ ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും . സിബിഐ എസ് പി മാരായ എ കെ ഉപാധ്യായ, സുന്ദര്‍വേല്‍ എന്നിവര്‍ക്കൊപ്പം നേരത്തെ കേസ് അന്വേഷിച്ചിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി എന്‍ കെ സജീവനും സംഘത്തില്‍ ഉണ്ട്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍