അതിര്‍ത്തി ഗ്രാമത്തെ ആവേശത്തിലാറാടിച്ച് മൂരി അബ്ബ സമാപിച്ചു

ബൈരക്കുപ്പ: കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയിലെ പ്രധാനഉത്സവമായ മൂരിഅബ്ബയ്ക്ക് ഇത്തവണയും ആയിരങ്ങളെത്തി. നട്ടുച്ചയിലെ വെയിലിനെ വകവെക്കാതെ അണിയിച്ചൊരുക്കിയ മൂരികളെയും അണിനിരത്തിയുള്ള ഘോഷയാത്രയാണ് ഏറെ കൗതുകമായത്. ചെറുപ്പം മുതലെ പ്രത്യേകമായി പരിപാലിച്ച് വളര്‍ത്തിയ കാളകളെയാണ് മൂരിഅബ്ബയില്‍ പങ്കെടുപ്പിക്കുന്നത്. ഉത്സവദിവസം കുളിപ്പിച്ച് കുങ്കുമം ചാര്‍ത്തി, പൂമാലയണിയിച്ച്, പട്ടുപുതപ്പിച്ചാണ് മൂരികളെ ക്ഷേത്രസന്നിധിയിലെത്തിച്ചത്.
പ്രത്യേക വഴിപാടുകള്‍ക്ക് ശേഷം ബസവേശ്വരക്ഷേത്രത്തില്‍ നിന്ന് ബൈരശ്വര ക്ഷേത്രത്തിലേക്ക് ഇവയെ ഓടിച്ചു. നേര്‍ച്ചയുടെ ഭാഗമായി കുട്ടികളും മുതിര്‍ന്നവരും കാളപ്പുറത്തേറി ക്ഷേത്രങ്ങള്‍ ചുറ്റുന്ന ചടങ്ങും നടന്നു.
കബനീനദിയുടെ തീരത്ത് നടക്കുന്ന ഈ ഉത്സവം ഒത്തൊരുമയുടേയും ആത്മസംഗമങ്ങളുടെയും പ്രതീകം കൂടിയാണ്. മൂരി അബ്ബ ബൈരക്കുപ്പ ഗ്രാമത്തിന്റെ വെറുമൊരു ഉത്സവം മാത്രമല്ല. അതിന് പൂര്‍വ്വീകരുടെ ജീവിതത്തിന്റെ ഗന്ധം കൂടിയുണ്ട്. ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ് കര്‍ണാടക ഗ്രാമമായ ബൈരക്കുപ്പയിലെ ജനങ്ങള്‍ മൂരി അബ്ബ എന്ന ഉത്സവം ആഘോഷിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് പലവിധ കാരണങ്ങളാല്‍ ഓടിപ്പോന്ന വേടൈ സമുദായത്തില്‍പ്പെട്ടവര്‍ അവരുടെ പൂര്‍വ്വീകരുടെ രക്ഷപ്പെടലിന്റെ ഓര്‍മ്മപുതുക്കുന്ന ചടങ്ങാണ് മൂരി അബ്ബ. പൂര്‍വ്വീകര്‍ ഓടി രക്ഷപ്പെടുമ്പോള്‍ ശിവ-പാര്‍വ്വതിമാര്‍ കാളകളുടെ രൂപത്തിലെത്തി വഴികാട്ടിയായെന്നും ബൈരക്കുപ്പയില്‍ സ്ഥിരതാമസമാക്കാന്‍ ആജ്ഞാപിച്ചെന്നുമാണ് വിശ്വാസം..
ബൈരക്കുപ്പയിലും പരിസരപ്രദേശങ്ങളിലും ഒതുങ്ങാതെ ബാവലി മുതല്‍ മൈസൂരു താലുക്ക് വരെയുള്ള ഗ്രാമങ്ങളിലെ വിവിധ ഭാഗങ്ങളിലേക്ക് വേടൈ സമുദായത്തില്‍പ്പെട്ടവര്‍ കുടിയേറിപാര്‍ത്തെങ്കിലും മൂരിഅബ്ബയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളിലുള്ളവരെല്ലാവരും കുടുംബസമേതം ബൈരക്കുപ്പയിലെത്തിച്ചേരും.
മൂരിഅബ്ബയിലെ പ്രധാനപരിപാടിയായ ഘോഷയാത്ര കാണാന്‍ നിരവധി പേരാണ് റോഡിനിരുവശത്തുമായി തമ്പടിച്ചത്.
ഘോഷയാത്രയില്‍ കേരളത്തിന്റെ ഉത്സവങ്ങളെ അനുസ്മരിപ്പിക്കും വിധം അമ്മന്‍കുടവും, താലപ്പൊലിയുമുണ്ടായിരുന്നു. ഡി ബി കുപ്പെയിലെയും പരിസരപ്രദേശങ്ങളിലെയും ഗ്രാമീണരെ ഒന്നിപ്പിക്കുന്ന പ്രധാന ആഘോഷം കൂടിയാണ് മൂരിഅബ്ബ. ദീപവലിക്ക് ശേഷമുള്ള അമാവാസി ദിവസമാണ് എല്ലാവര്‍ഷവും ഈ ആഘോഷമെന്നൊരു പ്രത്യേകത കൂടിയുണ്ട്.
ബൈരക്കുപ്പ പഞ്ചായത്തിന്റെ പൂര്‍ണപിന്തുണയും ഈ ഉത്സവത്തിനുണ്ട്. ഉത്സവദിവസം ബൈരേശ്വരന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടന്നു. മൂരിഅബ്ബയില്‍ പങ്കെടുക്കുന്നതിനായി പുല്‍പ്പള്ളിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേരാണ് കടവ് കടന്ന് ബൈരക്കുപ്പയിലെത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍