OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മതമല്ല വലുത്..! മനസ്സാണ്.. സിദ്ദീഖ് മുസ്ല്യാരെ 'രക്ഷിച്ച' പനമരംകാരന്‍ നിതിന്‍ താരമാകുന്നു 

  • Mananthavadi
10 Aug 2017

പ്രതിസന്ധി ഘട്ടത്തില്‍ തുണയായി വന്ന പനമരം സ്വദേശിയായ ഹൈന്ദവ യുവാവിനെ കുറിച്ച് തലശ്ശേരി സ്വദേശിയായ സിദ്ദീഖ് മുസ്ല്യാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വരികള്‍ ഹൃദയസ്പര്‍ശിയാകുന്നു. ജാതി മത ചിന്തകളുടെ അതിര്‍വരമ്പുകള്‍ മനുഷ്യബന്ധങ്ങള്‍ക്ക് അകലങ്ങള്‍ സമ്മാനിക്കുമ്പോള്‍ കുറിയും, തൊപ്പിയും തമ്മില്‍ യാതൊരു അന്തരവുമില്ലെന്ന് അനുഭവവെളിച്ചത്തില്‍ പറയുന്ന മുസ്ല്യാരുടെ വരികള്‍ എന്തുകൊണ്ടും നാമോരുരുത്തരും വായിച്ചിരിക്കണം.

വിദേശത്തേക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്കുള്ള ബസ്സ് യാത്രയില്‍ സമയം വൈകിയതിനാല്‍ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും, ഒടുവില്‍ എവിടെ നിന്നോവന്ന്  ബസ്സില്‍ കയറിയ ഒരു യുവാവ്..എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് തന്നെ ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ മുന്നിട്ടറങ്ങിയ സംഭവത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായ വാക്കുകള്‍കൊണ്ട് തലശ്ശേരി സ്വദേശി സിദ്ധീഖ് മുസ്ല്യാല്‍ കടവത്തൂര്‍ വാട്‌സ്അപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് .അദ്ദേഹത്തിന്റെ സുഹൃത്ത് തന്റെ ഫെയിസ് ബുക്ക് അക്കൗണ്ട് വഴി പുറത്തുവിട്ട ആവരികള്‍ ഓപ്പണ്‍ ന്യൂസര്‍ കടമെടുക്കുന്നു.. ജാതിമത രാഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞാടുന്ന സമകാലിന ജീവിതയാത്രയില്‍ ഒരോരുത്തര്‍ക്കും ഒരു തിരിഞ്ഞുനോട്ടത്തിനും, നന്മകള്‍ അവശേഷിക്കുന്നൂവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിതരുന്നതിനുമായി..

സിദ്ധീഖ് മുസ്ല്യാര്‍ കടവത്തൂരിന്റെ അനുഭവ കുറിപ്പ് :

രാത്രി 9 .10 ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും അബുധാബിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് പറന്നുയരും. ഏഴര മണിക്ക് കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം. രണ്ടു മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങാന്‍ കരുതിയതായിരുന്നു. കൂടെ വരാമെന്നു പറഞ്ഞ ആളെ കാത്തിരുന്നു മണി രണ്ടരയും കഴിഞ്ഞു.ഇനിയും കാത്തിരിക്കുന്നത് ബുദ്ധിയെല്ലന്നു മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ തന്നെ ദുആ ഇരന്നു വീട്ടുകാരോട് യാത്ര പറഞ്ഞു സാധാരണ കരുതാറുള്ള ഹാന്‍ഡ്ബാഗ് കയ്യിലെടുത്തു പുറത്തിറങ്ങിയത്. സമയം മൂന്നടുക്കുന്നു.തലശ്ശേരിയിലെത്താന്‍ അര മണിക്കൂറിലേറെ സമയം വേണ്ടി വരും.പിന്നെ കോഴിക്കോട്ടേയ്ക്ക് ഒന്നര മണിക്കൂറും. വൈകുന്നേരം,നല്ല തിരക്കുള്ള സമയമാണ്. രണ്ടു മണിക്കൂര്‍ കരുതേണ്ടി വരും. കൃത്യമായി പോയാല്‍ ആറു മണിയാകുമ്പോഴേയ്ക്കും കോഴിക്കോട് പിടിക്കാം. പിന്നെയൊരു ഒരു മണിക്കൂര്‍ യാത്ര. കരിപ്പൂര്‍ എയര്‍പ്പോര്‍ട്....എന്റെ കണക്കു കൂട്ടലുകളില്‍ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാം തുടങ്ങാനിരിക്കുകയായിരുന്നു. കണക്കു കൂട്ടലുകളിലെ കണക്കപ്പിഴകള്‍...

തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയാണ് എന്നില്‍ ആധി വാരി നിറച്ചത്. ഇറങ്ങി ഒന്ന് ആഞ്ഞു നടക്കുകയാണെങ്കില്‍ ഇതിലും വേഗത്തിലെത്തുമെന്നു തോന്നി.അത്ര വേഗത്തിലാണ് ബസ്സിന്റെ ഓരോ നീക്കവും. ക്ലച്ചും ബ്രായ്ക്കും മത്സരിച്ചു വേഷമിട്ട നാടകത്തില്‍ ആക്സിലേറ്ററിനു കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല. സമയം നാലരയും കഴിഞ്ഞു. യാത്രയിപ്പോഴും തുടങ്ങിയിടത്തു തന്നെ. പതിനായിരം കൊടുത്ത് രണ്ടു ദിവസം മുന്‍പ് ബുക്ക് ചെയ്തെടുത്ത റീഫന്‍ഡബിള്‍ അല്ലാത്ത ഫ്ളൈറ് ടിക്കറ്റ് എന്റെ ഹാന്‍ഡ് ബാഗില്‍ കിടന്നു എന്നെക്കാള്‍ കൂടുതല്‍ ആദി പൂണ്ടു. ഇടയ്ക്കിടെ കണ്ടക്ടറോടു ചോദിച്ചു,'അല്ല മാഷേ ഇതെത്ര മണിക്ക് കോഴിക്കോട് എത്തും?'

ആറു മണിക്ക് മുന്‍പ് എത്തേണ്ടതാ ,പക്ഷെ, ഇന്നത്തെ കാര്യം ഒന്നും പറയാന്‍ കഴിയില്ല.

അതെന്തു പറ്റി ഇന്നേക്ക്?

റോഡ് പണിയാ മുസ്ലിയാരെ .

പിറകിലിരുന്ന മധ്യ വയസ്‌കന്‍ വിളിച്ചു പറഞ്ഞു. വടകര എത്തിയപ്പോള്‍ ശരിക്കും കണ്ടറിഞ്ഞു. റോഡിന്റെ ഒരു ഭാഗം കിലോമീറ്ററുകളോളം വലിച്ചു കെട്ടി ക്ളോസ് ചെയ്തു വെച്ചിരിക്കുകയാണ്.ബാക്കി പകുതി വഴി വേണം,അങ്ങോട്ടും ഇങ്ങോട്ടും ഇക്കണ്ട വാഹനങ്ങള്‍ക്ക് തിങ്ങിയും നിരങ്ങിയും നീങ്ങാന്‍. വേച്ചു വേച്ചു നീങ്ങുന്നതിനിടെ വടകരയില്‍ നിന്നാണ് അവന്‍ കയറിയത്.

അവന്റെ കാതിലെ കടുക്കനിലേക്കാണ് എന്റെ ആദ്യ ശ്രദ്ധ പോയത്. എന്റെ തൊട്ടടുത്ത സീറ്റ് കാലിയായിരുന്നു. കൃത്യമായി അവന്‍ അവിടെ തന്നെ വന്നിരുന്നു. ഇരിക്കേണ്ട താമസം മൊബൈലിന്റെ ഹെഡ് സെറ്റുകള്‍ രണ്ടുമെടുത്തു ഇരു ചെവിട്ടിലും തിരുകി. വൈകിയെണീറ്റ കുട്ടിയുടെ കരച്ചിലൊതുക്കാന്‍ മാതാവ് മുലക്കണ്ണെടുത്തു വായില്‍ തിരുകുന്ന പോലെ. മൊബൈലില്‍ എന്തൊക്കെയോ ചികയുന്നു.നീക്കുന്നു,തോണ്ടുന്നു.ഞാന്‍ ഇടം കണ്ണിട്ട് അവന്റെ മൊബൈലിലേക്കൊന്നു പാളി നോക്കി.ശിവനും പാര്‍വതിയും പിന്നെ രാമനും ലക്ഷ്മണനും .പിന്നെയുമുണ്ട് കുറെ പേര്‍ . ദേവന്മാരും അസുരന്മാരും സ്‌ക്രീനില്‍ മാറി മാറി വരുന്നു. ഞാനൊരു ശുഭ്ര വസ്ത്ര ധാരിയായ ഇസ്ലാമിക പാരമ്പര്യം വസ്ത്ര വിധാനത്തില്‍ കാത്തു സൂക്ഷിക്കുന്ന ഒരു മുസ്ല്യാരും.എന്റെ നോട്ടം അദ്ദേഹത്തിന് അസ്വസ്ഥത തീര്‍ക്കുമോ എന്ന വിചാരത്തില്‍ ഞാന്‍ പിന്നീട് അങ്ങോട്ട് മുഖം തിരിക്കതിരിക്കാന്‍ ശ്രമിച്ചു.

ഇടയ്ക് എന്നില്‍ ഞെട്ടിയുണരുന്ന ആധി വീണ്ടും കണ്ടക്ടറുമായി പങ്കു വെച്ചു ,ഇനി എത്ര സമയം വേണം?..കണ്ടക്റ്റര്‍ പരുഷയമായൊന്നു നോക്കി.ആവര്‍ത്തിച്ചുള്ള ചോദ്യം അദ്ദേഹത്തിന് സുഖിക്കുന്നുണ്ടാവില്ല. അത് വരെ മൊബൈലില്‍ മുഖം പൂഴ്ത്തിയിരുന്നിരുന്ന ചെറുപ്പക്കാരന്‍ സ്‌ക്രീനില്‍ നിന്നും കണ്ണെടുത്തു എന്നെയൊന്നു നോക്കി. എന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞത് കൊണ്ടോ എന്തോ അദ്ദേഹം എന്നോട് ചോദിച്ചു. എന്താ നിങ്ങളുടെ പ്രശ്നം ?ഞാന്‍ കയറിയത് മുതല്‍ ശ്രദ്ധിക്കുന്നു ,താങ്കളുടെ പരിവേഷം.എന്ത് പറ്റി ,ഇതിനു മാത്രം?ഞാന്‍ എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് വിശദീകരിച്ചു.ഫ്ളൈറ് സമയവും ബസ്സിന്റെ മെല്ലെ പോക്കും. അദ്ദേഹം ഒക്കെയും മൂളി കേട്ടു .ഇടയ്ക്കു എന്തോ ആവശ്യത്തിന് സീറ്റില്‍ നിന്നും എഴുന്നേറ്റ് മുന്‍ ഭാഗത്തേക്ക് അദ്ദേഹം നടന്നു.അപ്പോഴദ്ദേഹം മൊബൈലില്‍ ആരുമായോ സംസാരിക്കുന്നുണ്ടായിരുന്നു. എന്റെയടുത്തു സീറ്റ് കാലി കിടക്കുന്നതു കണ്ടു മറ്റൊരാള്‍ അവിടെ ഇരിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അദ്ദേഹത്തോട് എന്റെ സഹ യാത്രികനെ കുറിച്ച് പറഞ്ഞു. മുന്നിലേക്ക്പോയ സഹ യാത്രികന്‍ ഉടന്‍ തിരിച്ചു വന്നു എന്റെ അടുത്തിരുന്നു. ആര്‍ക്കൊക്കെയോ വിളിക്കുന്നുണ്ട്. എന്റെ കാര്യമാണ് പറയുന്നത് എന്ന് മനസ്സിലായി. എന്നെ കുറിച്ചും എന്റെ യാത്രാ വിവരങ്ങളും ഇതിനകം കൂടുതലായി അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. ഞാനും അദ്ദേഹവുമായി പരിചയപ്പെട്ടു. പേര് നിതിന്‍. സ്ഥലം വയനാട് ജില്ലയിലെ പനമരം. ജോലി കോഴിക്കോട് തൊണ്ടയാട് എന്ന സ്ഥലത്തു എ സി ടെക്നീഷ്യന്‍ . ഇപ്പൊ വടകര ഭാഗത്തു ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞു തിരിച്ചു കമ്പനിയിലേക്കുള്ള വരവാണ്.

ആറു മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ച ബസ്സ് ഏഴു മണിയായി കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍. വൈകുന്നേരത്തെ ഈ തിരക്കിനിടയില്‍ അടുത്ത ബസ്സ് കയറി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടാല്‍ അര മണിക്കൂര്‍ പോയിട്ട് ഒരു മണിക്കൂര്‍ സമയം കൊണ്ട് പോലും നിശ്ചിത സ്ഥലത്ത് ഏത്താന്‍ കഴിയില്ല. ടാക്സി വിളിക്കണോ ബസ്സിന് പോകണോ എന്ന് ആശങ്കപെട്ട് നില്‍ക്കുമ്പോഴുണ്ട് അത് വരെ ഒരുമിച്ചിരുന്നു ബസ്സില്‍ യാത്ര ചെയ്ത സഹയാത്രികന്‍ വരുന്നു.

താങ്കള്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് അല്ലെ പോകേണ്ടത് ? ഞാന്‍ പറഞ്ഞു , അതെ .

എങ്കില്‍ വരൂ . അദ്ദേഹം എന്നെയും കൂട്ടി അല്പം ഒഴിഞ്ഞ ഭാഗത്തേയ്ക്ക് നടന്നു. അവിടെ ഒരു മോട്ടോര്‍ ബൈക്കുമായി മറ്റൊരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഞാന്‍ മോഹന്‍ ദാസ്. നിതിന്റെ കൂട്ടുകാരനാണ്. സിദ്ധീഖ് മുസ്ലിയാര്‍.ഞാനും എന്നെ കുറിച്ച് വിവരിച്ചു. എന്റെ വേഷവും സംസാര ശൈലിയും അദ്ദേഹം ഒന്ന് മനസ്സിരുത്തി ശ്രദ്ധിച്ചുവോ ..നേരം ഇരുട്ടി തുടങ്ങി.എയര്‍ പോര്‍ട്ടില്‍ ചെക്കിങ് തുടങ്ങിയിട്ടുണ്ടാകും. ഇനിയും പത്തു മുപ്പത്തിരണ്ട് കിലോ മീറ്റര്‍ യാത്ര ചെയ്യണം.അതും തിരക്ക് പിടിച്ച നിരത്തിലൂടെ ഈ തിരക്കൊഴിയാത്ത നേരത്ത്. എന്റെ യാത്ര നടക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ മനസ്സിലുറപ്പിച്ചു. മുസ്ലിയാരെ ,നിങ്ങള്‍ ഈ ബൈക്കിന്റെ പുറകില്‍ കയറൂ. ഞാന്‍ ഒന്ന് ഞെട്ടി. ഇത്രയും ദൂരം ബൈക്കിലോ?..അതും ഒട്ടും പരിചയമില്ലാത്ത ഒരാളുമായി ഈ നേരം കേട്ട സമയത്തു. ഒരായിരം ദുഷ്ചിന്തകള്‍ എന്റെ മനസ്സിനെ കൊത്തി വലിച്ചു. കയറണോ വേണ്ടയോ..അവസാനം ഞാന്‍ ബൈക്കില്‍ കയറി. വരുന്നിടത്ത് വെച്ച് കാണാം. മോഹന്‍ ദാസിനോട് യാത്ര പറഞ്ഞു നിതിന്‍ ബൈക്ക് ആദ്യ റൈസിംഗ് എടുത്തപ്പോഴേ എന്നില്‍ അപകടം മണത്തു. വണ്ടിയൊന്ന് പൊങ്ങി. പിന്നെ നേരെ നിരത്തിലേക്ക്. ഒരു മരണക്കിണര്‍ അഭ്യാസിയെപ്പോലെ. ജീവിതത്തില്‍ ആരുടേയും കൂടെ ഇങ്ങിനെയൊരു ബൈക്ക് യാത്ര ഞാന്‍ ചെയ്തിട്ടില്ല. ചിലപ്പോ ഞാന്‍ കണ്ണടച്ചിരുന്നു.അപ്പൊ എന്നില്‍ ആധി കൂടി. ഇരുട്ടിയ നേരത്ത് ഈ ചെറുപ്പക്കാരന്‍ എങ്ങോടാണ് എന്നെ കൊണ്ട് പോകുന്നത് എന്നറിയേണ്ടേ. ഇടയ്ക്ക് ഒരു പമ്പില്‍ എണ്ണയടിക്കാന്‍ നിറുത്തി. ഞാന്‍ പറഞ്ഞു. ഫുള്‍ ടാങ്ക് അടിച്ചോയെന്ന്. പക്ഷെ, അദ്ദേഹം സമ്മതിച്ചില്ല.നൂറു രൂപയ്ക്കു മാത്രം പെട്രോളടിച്ചു വണ്ടി വീണ്ടും മുന്നോട്ടെടുത്തു. നേരം ശരിക്കും ഇരുട്ടി. റോഡില്‍ ക്രമാതീതമായ തിരക്കുമുണ്ടായിരുന്നു.ടൗണ്‍ ഭാഗങ്ങളില്‍ വാഹനങ്ങള്‍ വലിയ ശബ്ദത്തില്‍ ഹോണടിച്ചു നിരങ്ങി നീങ്ങുന്നു. ബൈക്ക് യാത്ര വിജയിക്കില്ലേ ..ഒരു വേള ഞാന്‍ സംശയിച്ചു. ഏതോ വലിയ വാഹനത്തിന്റെ പുറകില്‍ നിന്നും കുറച്ചു നേരം ഹോണടിച്ച നിതിന്‍, ക്ഷമ നശിച്ചിട്ടെന്നോണം ബൈക്ക് റോഡില്‍ നിന്നും പുറത്തേക്കെടുത്തു. കാത്തു കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെയും അരികിലൂടെയും ഒരു കുതിച്ചു പാച്ചിലായിരുന്നു പിന്നീട്. എയര്‍പോര്‍ട്ടില്‍ എത്തണമെന്നു കണക്കു കൂട്ടിയ ഏഴരയും കഴിഞ്ഞു. പക്ഷെ,നിതിന്റെ ആത്മ വിശ്വാസത്തിനു ഒരു കുറവുമുണ്ടായിരുന്നില്ല. 'നിങ്ങള്‍ പിടിച്ചിരുന്നോളൂ ട്ടോ '..ഇടയ്ക്കു അവന്‍ ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു. ഇപ്പൊ എന്റെ പേടിയെല്ലാം മാറി.അവനെനിക്കിപ്പോ വെറും ഒരു സഹയാത്രികനെല്ല. എന്റെ രക്ഷകനാണ്.കുറച്ചു നേരത്തേക്കാണെങ്കിലും എനിക്ക് വേണ്ട തീരുമാനങ്ങള്‍ ഇനി അവനാണെടുക്കേണ്ടത്.പുറകിലൂടെ ഹാന്‍ഡ്ബാഗ് തൂക്കിയ ഞാന്‍ കുറച്ചു കൂടെ അവനോടു ചേര്‍ന്നിരുന്നു. രണ്ടു കൈകൊണ്ടും അവനെ ശരിക്കും കെട്ടിപിടിച്ചു. എന്റെ തൊപ്പിയോ അവന്റെ കുറിയോ ഒന്നും അതിനു തടസ്സമായില്ല. ഒരിക്കല്‍ സീറ്റില്‍ നിന്നും അവന്‍ എഴുന്നേറ്റ് പോയ നേരം മറ്റൊരാള്‍ ഇരിക്കാന്‍ വന്നപ്പോള്‍ ഞാനതു മുടക്കിയത് എത്ര നന്നായെന്ന് തോന്നി. മഴ പെയ്യാതിരുന്നാല്‍ നന്നായിരുന്നു. അവന്‍ പറഞ്ഞു. എന്തെ ? ഞാന്‍ ചോദിച്ചു. അല്ല ,നിങ്ങളുടെ വെള്ള ജുബ്ബയൊക്കെ നനഞ്ഞു പിന്നെ യാത്രക്ക് ബുദ്ധിമുട്ടാകില്ലേ.?..ഇപ്പൊ അവനു എന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൈവന്ന പോലെ തോന്നുന്നു. സംസാരമുണ്ടെങ്കിലും ബൈക്കിന്റെ വേഗതക്കു ഒരു കുറവുമില്ല.എയര്‍പോര്‍ട് എത്തുന്നതിനു മുന്‍പുള്ള വളഞ്ഞു പുളഞ്ഞു പോകുന്ന കയറ്റവും ഇറക്കവും കൂടിയ വീതി കുറഞ്ഞ നിരത്തിലൂടെ അവന്‍ അതിസാഹസികമായി എന്നെയും കൊണ്ട് പാഞ്ഞു. എട്ടു മണിക്ക് പത്തു മിനുറ്റ് അവശേഷിക്കുമ്പോള്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ കിതച്ചു നിന്നു .കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ മണി അഞ്ഞൂറ് രൂപ ഒരു സന്തോഷത്തിനായി അവന്റെ നേരെ നീട്ടി ഞാന്‍ പറഞ്ഞു. 'ഇത് കൊണ്ട് തീരുന്ന ഉപകാരമല്ല താങ്കള്‍ ചെയ്തിട്ടുള്ളത്.എങ്കിലും എന്റെ ഒരു സന്തോഷത്തിനു താങ്കള്‍ ഇത് സ്വീകരിക്കണം.' അവന്‍ മൃദുവായൊന്നു ചിരിച്ചു.ഉസ്താദേ ,ഇനിയും സംസാരിച്ചു നിന്നാല്‍ നമ്മുടെ ഓട്ടം വേസ്റ്റ് ആകും. പണത്തിനു വേണ്ടിയല്ല ഞാന്‍ ഇത്രയും ദൂരം ഓടിയത്.എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. കഴിയുമ്പോഴെക്കെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഉള്‍പ്പെടുത്തണം. അത് മാത്രം മതി.വേഗം അകത്തേക്ക് കയറിക്കോളൂ .സമയം ഇപ്പോഴേ വൈകി. എന്‍ട്രി ഗേറ്റില്‍ നില്‍ക്കുന്ന പോലീസുകാരന് പാസ്പോര്‍ട്ടും ടിക്കറ്റും കാണിച്ചു അകത്തു കടക്കുമ്പോഴും ഞാന്‍ അവനെ തന്നെ തിരിഞ്ഞു നോക്കുകയായിരുന്നു. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ അവന്‍ അവിടെ തന്നെ എന്നെയും നോക്കി നില്‍ക്കുന്നുണ്ടായിരുന്നു, അപ്പോള്‍. അവന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് എനിക്കറിയാം. ചെക്കിങ് കൗണ്ടറില്‍ നിന്നും എമിഗ്രെഷനിലേക്കു നടക്കുമ്പോള്‍ ഞാന്‍ അവനു വിളിച്ചു. എന്റെ സംസാരം തുടങ്ങും മുന്‍പ് അവന്‍ ഇങ്ങോട്ട് ചോദിച്ചു. എന്തായി ഉസ്താദേ ,ഒക്കെ ക്ലിയര്‍ ആയില്ലേ?..എല്ലാം റെഡിയായി കൂട്ടുകാരാ.അല്ല നീ എല്ലാം ശരിയാക്കി.

അവന്റെ മനസ്സ് തുറന്ന ശബ്ദമില്ലാത്ത ചിരി ഞാന്‍ കേട്ടു .ആസുരതയുടെ തീവ്രഭാവങ്ങള്‍ പകര്‍ന്നാടി മനുഷ്യനിണത്തിന്റെ ജാതിയും മതവും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മോര്‍ച്ചറിയിലേക്കെടുക്കുന്ന മതമില്ലാത്തവന്റെ ആധുനിക മത ഭ്രാന്തിനു നേരെ അവന്‍ പരിഹാസ പൂര്‍വം ചിരിച്ചു. ഒരു അവിശ്വാസിയുടെ മൃത ശരീരം കണ്ടു എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചു പുണ്യ പൂമേനിയുടെ തിരു വചസ്സുകള്‍ എന്റെ ചിന്തകളിലൂടെ ഓടി മറഞ്ഞു.രാഷ്ട്രീയ ലാഭത്തിനു മതത്തെ വില്‍ക്കുന്ന അഭിനവ കോമരങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ തീര്‍ത്തിരിക്കുന്നു മുള്ളു വേലികള്‍ തകര്‍ക്കാന്‍ കുറെ നിതിനുമാര്‍ ഇവിടെ ജീവിച്ചിരിപ്പുള്ളതു ഓര്‍ത്തപ്പോള്‍ എനിക്കെന്റെ നാടിനോടും സംസ്‌കാരത്തോടും വീണ്ടും വീണ്ടും സ്നേഹവും ബഹുമാനവും തോന്നി. 

 

സിദ്ദീഖ് മുസ്ലിയാര്‍ കടവത്തൂര്‍

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show