തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത സഭ ജൂണ്‍ 5 ന്

കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വയനാട് ജില്ലയില്‍ എല്ലാ നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും ഹരിത സഭ നടത്തുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് വയനാട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് ഹരിതസഭ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 1 വരെ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ പുരോഗതി, മാറ്റങ്ങള്‍, ഇതിനായി നടത്തിയ പ്രത്യേക പ്രവര്‍ത്തനങ്ങള്‍, നൂതന പരിപാടികള്‍, പ്രവര്‍ത്തനങ്ങളില്‍ നേരിട്ട പ്രതിസന്ധികളും തടസ്സങ്ങളും, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ തുടങ്ങിയവ ജനകീയ പരിശോധനക്ക് വിധേയമാക്കുക എന്നിവയാണ് ഹരിത സഭയുടെ മുഖ്യ ലക്ഷ്യങ്ങള്‍.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ 2024 മാര്‍ച്ചോടെ മാലിന്യമുക്തമാക്കുന്നതിനും ഇതിന്റെ ഭാഗമായി 2023 നവംബര്‍ 30 വരെയുള്ള ഹ്രസ്വകാല ലക്ഷ്യവും 2024 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ ജനകീയ ചര്‍ച്ചക്ക് വിധേയമാക്കുന്നതിനും ഹരിത സഭയിലൂടെ ലക്ഷ്യമിടുന്നു. ഇതിലൂടെ വലിയ തോതിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കി പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിന് തദ്ദേശവാസികളെ സജ്ജമാക്കുന്നതിനും ഹരിത സഭ സഹായകമാകും.
എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭ ജൂണ്‍ 5 ന് നടത്തും. തദ്ദേശ സ്വയംഭരണ പ്രദേശത്തെ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് ഹരിതസഭാ പ്രതിനിധികളെ നിശ്ചയിക്കുന്നത്. ജനപ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വായനശാല പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, ശാസ്ത്ര-സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍, തൊഴിലാളി-സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍, സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, എന്‍.എസ്.എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകര്‍ - വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വാര്‍ഡ്തല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികള്‍, ഘടക സ്ഥാപന പ്രതിനിധികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍, പെന്‍ഷനേഴ്സ് യൂണിയന്‍ പ്രതിനിധികള്‍, സീനിയര്‍ സിറ്റിസണ്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങി എല്ലാ വിഭാഗത്തിന്റേയും പങ്കാളിത്തം മുന്‍കൂട്ടി നിശ്ചയിച്ച് 150 അംഗങ്ങള്‍ പങ്കെടുക്കുന്ന രീതിയിലാണ് ഹരിത സഭകള്‍ ആസൂത്രണം ചെയ്യുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍