കണക്റ്റട് വയനാട് കെ ഫോണ്‍ പരിധിയില്‍ ഗ്രാമ നഗരങ്ങള്‍; ജൂണ്‍ 5 ന് ജില്ലയില്‍ പ്രാദേശികതല ഉദ്ഘാടനം;ജില്ലയില്‍ 1016 കി.മി കെ ഫോണ്‍ കേബിള്‍ ശൃംഖല;ആദ്യഘട്ടത്തില്‍ പരിധിയില്‍ 578 ഓഫീസുകള്‍

കല്‍പ്പറ്റ: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് വയനാട് ജില്ലയിലും യാഥാര്‍ത്ഥ്യമാകും. സംസ്ഥാനതലത്തില്‍ ഉദ്ഘാടനത്തിനോടൊപ്പം ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും പ്രാദേശിക ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. മാനന്തവാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൈകീട്ട് 4 ന് കെ.ഫോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അദ്ധ്യക്ഷത വഹിക്കും. കല്‍പ്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ഓഫീസില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സര്‍വജന ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേഷ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലയില്‍ ഗ്രാമ നഗര മേഖലകളിലൂടെ 1016 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കെ.ഫോണ്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല തയ്യാറായിട്ടുണ്ട്. 578 സര്‍ക്കാര്‍ ഓഫീസുകള്‍ ആദ്യഘട്ടത്തില്‍ ഈ നെറ്റ്വര്‍ക്കിന്റെ പരിധിയില്‍ വരും. ജില്ലയിലെ റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ നടക്കുന്ന പ്രദേശങ്ങള്‍ ഒഴികെയുള്ള ബാക്കി പ്രദേശങ്ങളെല്ലാം കെ. ഫോണ്‍ കേബിള്‍ ശൃംഖലയെത്തി. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ പ്രദേശങ്ങളിലും കെ. ഫോണ്‍ കേബിളികളെത്തും. കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന 10 പി.ഒ.പി കളിലൂടെയാണ് വേഗതയേറിയ ഇന്റര്‍നെറ്റ് സേവനം ജില്ലയിലെ നഗര ഗ്രാമാന്തരങ്ങളിലെത്തുക.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ-ഫോണ്‍ ഇന്റര്‍നെറ്റ് എത്തും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് കെ-ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു.
40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഐ ടി അടിസ്ഥാന സൗകര്യങ്ങളാണ് കെ-ഫോണ്‍ ഇതിനോടകം സംസ്ഥാനത്ത് സജ്ജമാക്കിയത്. ഇതിനായി 2519 കിലോമീറ്റര്‍ ഒ.പി.ജി.ഡബ്ല്യു ലൈനും 19118 കിലോമീറ്റര്‍ എ.ഡി.എസ്.എസ്. ലൈനും പൂര്‍ത്തിയാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍