ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണം 18 മുതല്‍
കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഏകാരോഗ്യ പക്ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നവംബര്‍ 18 മുതല്‍ 24 വരെ ജില്ലയില്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവല്‍ക്കരണ വാരാചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി. മനുഷ്യരിലും മൃഗങ്ങര്‍, മത്സ്യങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയിലും ആന്റിബയോട്ടിക് മരുന്നുകള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മരണങ്ങള്‍ തടയുകയും ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് പരമാവധി കുറയ്ക്കുകയാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. നിലവില്‍ നവംബര്‍ മൂന്ന് മുതല്‍ 15 വരെ ഏകാരോഗ്യ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നുവരികയാണ്.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിലൂടെ രോഗാണുക്കള്‍ ശക്തരാവുകയും നിലവിലുള്ള ചികിത്സ അവയ്‌ക്കെതിരെ ഫലവത്താകാതിരിക്കുകയും ചെയ്യുന്നു. ബാക്ടീരിയകള്‍ ആന്റിബയോട്ടിക്ക് മരുന്നുകളെ ചെറുത്തു തോല്‍പ്പിക്കുകയും അത് കാരണമായി ചികിത്സയുടെ ദൈര്‍ഘ്യം കൂടുകയും ചികിത്സാ ചെലവ് ഉയരുകയും ചിലപ്പോള്‍ രോഗിയുടെ മരണത്തിന് കാരണമാവുന്നു. അതുകൊണ്ടുതന്നെ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കുറക്കാന്‍ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, വനം, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകളുടെയും ഐ.എം.എ, ഐ.ഡി.എ, ഐ.എ.പി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സംയുക്ത പ്രവര്‍ത്തനം ഉറപ്പ് വരുത്താനാണ് പദ്ധതി. യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം നടത്തും.
വാരാചരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 18ന് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. ബോധവത്കരണ ക്ലാസുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍, വിവിധ വകുപ്പുകളെയും സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തിയുള്ള ജില്ലാതല ശില്‍പ്പശാല എന്നിവ സംഘടിപ്പിക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഏകാരോഗ്യ കമ്മിറ്റി യോഗത്തില്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.കെ സുഷമ, മാനന്തവാടി മെഡിക്കല്‍ കോളേജ് എ.എം.ആര്‍ നോഡല്‍ ഓഫീസര്‍ ഡോ. സൂര്യ കല എന്നിവര്‍ ഏകാരോഗ്യ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ അവതരിപ്പിച്ചു. യോഗത്തില്‍ കൃഷി, മൃഗസംരക്ഷണ, വനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പോലീസ്, സാമൂഹ്യനീതി, കുടുംബശ്രീ മിഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തൊഴില്‍, ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
