തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഡിസംബര്‍ 11 നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തവും പ്രകൃതി സൗഹൃദപരമായും നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള സമയങ്ങള്‍ മാലിന്യം രൂപപ്പെടാന്‍ സാധ്യത കൂടുതലാണ്. സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന ഫളക്‌സുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ പാത്രങ്ങള്‍, വെള്ളം നല്‍കുന്ന കുപ്പികള്‍ എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കണം. സര്‍ക്കാര്‍ അംഗീകരിച്ച പുനരുപയോഗ സാധ്യതയുള്ള തുണി നിര്‍മ്മിതമായ ബാനറുകള്‍, പ്രകൃതി സൗഹൃദ പ്രചാരണ ഉപാധികള്‍, പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ച് മാതൃകാപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും ഹരിതചട്ട പാലനം ഉറപ്പാക്കാന്‍ ജില്ലാബ്ലോക്ക് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രചാരണ ബോര്‍ഡുകള്‍ തയ്യാറാക്കാന്‍ നൂറ് ശതമാനം കോട്ടണ്‍ തുണി, റീ സൈക്ലിങ്ങിന് സാധിക്കുന്ന പോളി എത്തിലിന്‍ പേപ്പര്‍ എന്നിവ ഉപയോഗിക്കണം. പ്രചാരണ സാമഗ്രികളില്‍ പോളിസ്റ്റര്‍ കൊടികള്‍, പ്ലാസ്റ്റിക് പോളിസ്റ്റര്‍ തോരണങ്ങള്‍ ഉപയോഗിക്കരുത്. പേപ്പര്‍ കോട്ടണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടികളും തോരണങ്ങളും ഉപയോഗിക്കാം, രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കാന്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍, പുന:ചംക്രമണം ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം, തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍, യോഗങ്ങള്‍, റാലികളില്‍ നിരോധിത പ്ലാസ്റ്റിക് പേപ്പര്‍ കപ്പ് പ്ലെയ്റ്റ് എന്നിവ ഉപയോഗിക്കരുത്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും ഹരിത മാനദണ്ഡങ്ങള്‍ പാലിക്കണം. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ശേഷം ഉണ്ടാവുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കൈമാറണം. മാലിന്യ സംസ്‌കരണത്തില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 നമ്പറില്‍ അറിയിക്കാം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
