സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് സമ്പൂര്‍ണ്ണയോഗം ചേരും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് സമ്പൂര്‍ണ്ണയോഗം ചേരും. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, എഇഒ, ഡിഇഒ, ഡിഡിഇ, ആര്‍ഡിഡി തലം വരെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10:30ന് തിരുവനന്തപുരം ശിക്ഷക് സദനിലാണ് യോഗം.
സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രവേശനോത്സവം, എസ്എസ്എല്‍സി - പ്ലസ് ടു ഫലങ്ങള്‍, പ്ലസ് ടു പ്രവേശനം, സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്‌കൂള്‍ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി, പാഠപുസ്തക - യൂണിഫോം വിതരണം, ലഹരി വിമുക്ത സ്‌കൂള്‍ ക്യാമ്പസ്, പ്രീ പ്രൈമറി ക്ലാസുകള്‍, അക്കാദമിക മികവ് ഉയര്‍ത്താനുള്ള പദ്ധതികള്‍,ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കും. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. ഹയര്‍ സെക്കന്‍ഡറിയില്‍ 4,42,067 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍