വള്ളിയൂര്‍ക്കാവ് മഹോത്സവം: ടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം

മാനന്തവാടി: മുന്‍കാലങ്ങളെ അപേക്ഷിച്ച് തുടക്കം മുതലേ മികച്ച ജനപങ്കാളിത്തവുമായി മാനന്തവാടി വള്ളിയൂര്‍ക്കാവ് മഹോത്സവം പുരോഗമിക്കവെ കാര്‍ണിവലില്‍ ഏര്‍പ്പെടുത്തിയ നിരക്കു വര്‍ധനക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധമുയരുന്നു.കഴിഞ്ഞ ഉത്സവത്തിന് വിവിധ റെയിഡുകളില്‍ കയറാന്‍ 50 രൂപയും 60 രൂപയും ടിക്കറ്റ് ഉണ്ടായിരുന്നത് ഇത്തവണ 80 രൂപയും 100 രൂപയുമാക്കി ഉയര്‍ത്തിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഒന്നേകാല്‍ കോടി രൂപയോളം റെക്കോര്‍ഡ് തുക മുടക്കിയാണ് ഇത്തവണ പാലക്കാട് സ്വദേശി ഉത്സവ ചന്ത ലേലത്തില്‍ പിടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് കൂട്ടാതെ പണം തിരികെ പിടിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നുള്ളത് വസ്തുതയാണ്. പക്ഷേ തികച്ചും സാധാരണക്കാരുടെ പ്രത്യേകിച്ച് ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഉത്സവമായി കണക്കാക്കുന്ന വള്ളിയൂര്‍ക്കാവ് മഹോത്സവത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന യഥാര്‍ത്ഥത്തില്‍ സാധാരണക്കാരെയാണ് നേരിട്ട് ബാധിക്കുന്നത്. പലരും സകുടുംബം വന്നിട്ട് ടിക്കറ്റ് വര്‍ധന മൂലം വിനോദോപാധികളില്‍ കയറാതെ നോക്കി നില്‍ക്കുന്ന അവസ്ഥയും കാണുന്നുണ്ട്.
പ്രതികരണശേഷി ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന പ്രസ്ഥാനങ്ങളും പ്രതിഷേധമുയര്‍ത്താതെ ഒതുങ്ങുന്നതായി സോഷ്യല്‍ മീഡിയയില്‍ ആരോപണമുയരുന്നുണ്ട്. ഒരു കോടി രൂപയ്ക്ക് മുകളില്‍ ചന്ത സ്ഥലം ലേലം പോയി എന്ന് ആഹ്ലാദിക്കുമ്പോള്‍ പാവപ്പെട്ടവന്റെയും പോക്കറ്റില്‍ നിന്നാണ് ഈ പണം പോകുന്നത് എന്ന് ചിന്തിക്കാനുള്ള കഴിവ് ആര്‍ക്കുമില്ലെന്നും ഒരു കോടി രൂപയ്ക്ക് മുകളില്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയതുകൊണ്ട് ഒരു സാധാരണക്കാരന്‍ എന്ത് നേട്ടമാണ് ഉണ്ടായതെന്നും ചോദ്യമുയരുന്നു. ഏറെയാളുകള്‍ സന്ദര്‍ശിക്കുന്ന മരണക്കിണറിന് 50 രൂപയില്‍ നിന്നും 100 രൂപയായി ഉയര്‍ത്തിയത് ദയനീയമായ അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.
ഇത് സംബന്ധിച്ച് താഴയങ്ങാടി സ്വദേശി സുധാകരന്‍ പങ്കുവെച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം:
വള്ളിയൂര്‍ക്കാവ് മഹോത്സവം വളരെ ഗംഭീരം മനോഹരം പക്ഷേ ഈ ജനത്തിന് ഇതെന്തുപറ്റി കഴിഞ്ഞ ഉത്സവത്തിന് ഉണ്ടായിരുന്ന കാര്‍ണിവലില്‍ 50 രൂപയും 60 രൂപയും ടിക്കറ്റ് ഉണ്ടായിരുന്നത് 80 രൂപയും 100 രൂപയും പ്രതികരണശേഷി ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ മിണ്ടുന്നില്ല എന്താണ് കാരണം ഒരു കോടി രൂപയ്ക്ക് മുകളില്‍ ചന്ത സ്ഥലം ലേലം പോയി എന്ന് ആഹ്ലാദിക്കുമ്പോള്‍ പാവപ്പെട്ടവന്റെയും പോക്കറ്റില്‍ നിന്നാണ് ഈ പണം പോകുന്നത് എന്ന് ചിന്തിക്കാനുള്ള കഴിവ് ആര്‍ക്കുമില്ല ഒരു കോടി രൂപയ്ക്ക് മുകളില്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയതുകൊണ്ട് ഒരു സാധാരണക്കാരന്‍ എന്ത് നേട്ടമാണ് ഉണ്ടായത് 50 രൂപയുണ്ടായിരുന്ന മരണക്കിണര്‍ 100 രൂപയായി വളരെ ദയനീയമായ കാഴ്ചയായിരുന്നു ഇന്നലെ ഒരു കുടുംബം അവര് വന്നുനിന്നു 100 രൂപ ടിക്കറ്റിന് കേട്ടപ്പോള്‍ അതേപോലെ തിരിച്ചുപോയി അതിനുമാത്രം സാമ്പത്തികമായ പുരോഗതി ഒരു വര്‍ഷം കൊണ്ടുണ്ടായോ എന്തിനും പ്രതികരിക്കുന്ന എന്റെ പ്രസ്ഥാനം പോലും മിണ്ടുന്നില്ല അല്ല അവര്‍ എന്തിന് മിണ്ടണം കമ്മറ്റിയിലെ രാഷ്ട്രീയം വീതം വെച്ച് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നല്ലോ അതുമാത്രമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ കമ്മിറ്റിക്കാര്‍ എല്ലാവര്‍ക്കും ഫ്രീ പാസ് അല്ലേ പിന്നെ അവരെന്തിനു എന്തിനു മിണ്ടണം ചന്ത സ്ഥലം ഒരു കോടിയോ 2 കോടിയോ എത്രയോ പൊയ്‌ക്കോട്ടെ പക്ഷേ സാധാരണക്കാരുടെ ഒരു പ്രതിബദ്ധത കാണിക്കാന്‍ വേണ്ടി ഇവര്‍ക്ക് മെനക്കെടാമായിരുന്നു 60 രൂപയില്‍ കൂടുതല്‍ ഒന്നിനും ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കാന്‍ പാടില്ല എന്നൊരു നിബന്ധന വെക്കാമായിരുന്നില്ലേ അതിനനുസരിച്ചല്ലേ ലേലത്തുക വര്‍ദ്ധിക്കുകയുള്ളൂ ലേലത്തുക വര്‍ദ്ധിച്ചുകൊണ്ട് എന്താണ് ഒരു വ്യക്തിക്ക് നേട്ടം മനസ്സിലാവാത്തത് കൊണ്ടാണ് ആര്‍ക്കെങ്കിലും പ്രതികരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇതിലൂടെ പ്രതികരിക്കുക എനിക്ക് എന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഒന്നില്‍ മാത്രം സാധിക്കുകയുള്ളൂ കാര്‍ണിവലില്‍ വെറുതെ പോവുക തിരിച്ചു വരിക


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍