ത്രാസ്സില്‍ തൂങ്ങുന്ന പക്ഷങ്ങള്‍..!; വ്യാപാരികള്‍ ചേരികളാകുമ്പോള്‍ നട്ടംതിരിയുന്ന നിഷ്പക്ഷര്‍

'ഉസ്മാനും വേണ്ട..ആസിഫും വേണ്ട..നമ്മക്ക് വേണ്ടത് നീതി മാത്രം..' ഇന്നത്തെ വ്യാപാരസംഘര്‍ഷ സ്ഥലത്തുനിന്നും ഇടയ്ക്കിടക്ക് ഒറ്റതിരിഞ്ഞ് കേട്ട ചില മുദ്രാവാക്യങ്ങളിലൊന്നാണിത്. പതിനെട്ട് വര്‍ഷമായി നേതൃസ്ഥാനത്തുള്ള കരുത്തനായ കെ ഉസ്മാനെയും, മാനന്തവാടിയിലെ ചിരപരിചിത മുഖവും, നേതൃപാടവവുമുള്ള മുഹമ്മദ് ആസിഫിനെയും തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് പാവം മാനന്തവാടിയിലെ ചില വ്യാപാരികള്‍. സംഘടനയുടെ നിലനില്‍പ്പിനെ മുന്നില്‍കണ്ട് വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത പക്ഷം മാര്‍ച്ചന്റ്സ് അസോസിയേഷനിലെ ഭിന്നത നാള്‍ക്ക് നാള്‍ രൂക്ഷമാകുമെന്നുറപ്പാണെന്നും ഇവര്‍.
പതിനെട്ട് വര്‍ഷങ്ങളായി നേതൃസ്ഥാനത്തുള്ള കെ ഉസ്മാനെതിരെ ഏഴ് ടേമുകളില്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ മുഹമ്മദ് ആസിഫ് മത്സരരംഗത്ത് വന്നതോടെയാണ് മാനന്തവാടിയിലെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് അത്യധികം വീറും വാശിയുമുള്ള അവസ്ഥയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. അഴിമതിയാരോപണങ്ങളെ തുടര്‍ന്നും സംഘടനവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നും പുറത്താക്കിയവരാണ് ആസിഫിനോടൊപ്പം ഒത്തുചേര്‍ന്ന് നല്ലരീതിയില്‍ പ്രവര#ത്തിച്ചുവരുന്ന യൂണിറ്റിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഉസ്മാന്‍ പക്ഷം ആരോപിക്കുന്നത്. എന്നാല്‍ സ്വജനപക്ഷപാതവും, അഴിമതിയുമാണ് ഉസ്മാന്‍ വര്‍ഷങ്ങളായി നടത്തിവരുന്നതെന്നും ചോദ്യം ചെയ്യുന്നവരെ ഏകാധിപതിയെപോലെ പുറത്താക്കുകയാണെന്നും മുഹമ്മദ് ആസിഫ് പക്ഷവും ആരോപിക്കുന്നു. സംഘടന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇരുപക്ഷവും ആദ്യഘട്ടത്തില്‍ പരോക്ഷമായി കരുക്കള്‍ നീക്കി തുടങ്ങിയെങ്കിലും വോട്ടേഴ്സ് ലിസ്റ്റ് പുറത്തുവന്നതോടെ പ്രത്യക്ഷപോരിലേക്ക് ഇരുവിഭാഗവും നീങ്ങുകയായിരുന്നു.
കഴിഞ്ഞ മെയ് 24ന് നടത്തേണ്ടിയിരുന്ന യൂണിറ്റ് തെരഞ്ഞെടുപ്പ് , 20 ദിവസം മുമ്പ് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെന്ന ആസിഫ് പക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മേല്‍ക്കമ്മിറ്റി ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടേഴ്സ് ലിസ്റ്റിലെ അപാകത പരിഹരിക്കാത്തതിനാല്‍ എതിര്‍പക്ഷം കോടതിയെ സമീപിക്കുകയും കോടതി തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഒഴികേയുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ ഔദ്യോഗികപക്ഷം തീരുമാനിച്ചതാണ് ഇന്നത്തെ സംഘര്‍ഷത്തിന് കാരണമായത്. കോടതി വിധി നിലനില്‍ക്കെ ഇത്തരം ചടങ്ങുകള്‍ നടത്തുന്നത് വ്യാപാരികളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അത് യാതൊരുകാരണവശാലും നടത്താന്‍ അനുവദിക്കില്ലെന്നും മുഹമ്മദ് ആസിഫും സംഘവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അസോസിയേഷന്റെ നിയമഘടനക്കുള്ളില്‍ നിന്നുകൊണ്ട് ജനറല്‍ബോഡിയോഗവും, ജിഎസ്ടി ക്ലാസ്സും,പുരസ്‌കാര വിതരണവും നടത്തുന്നത് ആര്‍ക്കും തടയാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ച് ചടങ്ങാരംഭിക്കാന്‍ ഉസ്മാന്‍ പക്ഷം തുനിഞ്ഞതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.
ഇരുവിഭാഗവും തമ്മില്‍ പോര്‍വിളി നടത്തുമ്പോള്‍ നിഷ്പക്ഷരായി നോക്കിനില്‍ക്കുന്ന ചില വ്യാപാരികളുടെ അവസ്ഥയും ഇതിനിടെ കാണാന്‍ കഴിയുന്നുണ്ടായിരുന്നു. ആര് വന്നാലും പോയാലും തങ്ങള്‍ക്ക് കുഴപ്പമില്ലെന്നും സ്ഥാനത്തിന്റെ പേരില്‍ തൊട്ടടുത്ത കടക്കാര്‍ തമ്മില്‍ തമ്മിലടിക്കുന്നത് അതീവ ദയനീയ അവസ്ഥയാണെന്നും അവരില്‍ ചിലര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. സംഘടനയുടെ നിലനില്‍പ്പിനേക്കാള്‍ വലുത് തങ്ങളുടെ നിലനില്‍പ്പും സ്ഥാനവുമാണെന്ന് പറയുന്ന ഒരു കൂട്ടം വ്യാപാരികളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും എല്ലാം കലങ്ങതെളിയുന്നത് വരെ ഒരു പക്ഷത്തിലും നില്‍ക്കാതെ സ്വതന്ത്രനിലപാട് ്സ്വീകരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇവര്‍ വ്യക്തമാക്കി. തോളില്‍കയ്യിട്ട് നടക്കുന്നവവര്‍ തമ്മില്‍ തല്ലുന്നതും രണ്ട് നേതാക്കള്‍ ആശുപത്രിയിലാകുന്നതും വളരെ വേദനയോടെയാണ് നിഷ്പക്ഷരായി വ്യാപാരികള്‍ നോക്കികാണുന്നത്. പക്ഷേ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പക്ഷം ചേര്‍ന്നാലെ നിവര്‍ത്തിയുള്ളൂവെന്ന യാഥാര്‍ത്ഥ്യവും ഇവര്‍ മനസ്സിലാക്കുന്നു. വൈകാതെ തന്നെ സംഘടനാപ്രശ്നങ്ങള്‍ പരഹരിച്ച് ഇരുവിഭാഗവും ഒന്നിച്ചുമുന്നോട്ട് പോകുന്ന സുദിനത്തിനായി കാത്ത് നില്‍ക്കുകയാണ് ഇക്കൂട്ടര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍