രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറില്‍ 2,82,970 പുതിയ കേസുകള്‍,

രാജ്യത്ത് ഇന്ന് 2,82,970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 441 മരണം കൂടി ഔദ്യോഗിക കണക്കില്‍ ചേര്‍ത്തിട്ടുണ്ട്. നിലവില്‍ പതിനെട്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 18,31,000 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം. ഇത് വരെ 8,961 പേര്‍ക്കാണ് കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
1.88 ലക്ഷം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 93.88 ശതമാനമാണ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ 17 ലക്ഷം പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണം കുറവാണ്. രണ്ടാം തരംഗ കാലത്തുണ്ടായത് പോലുള്ള ബുദ്ധിമുട്ട് ഇത് വരെ ആശുപത്രികളില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗത്തില്‍ 10 ശതമാനം വരെ വര്‍ദ്ധന വേണ്ടി വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് കണക്കുകള്‍ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇതിനിടെ രാജ്യത്തെ കൊവിഡ് മരണക്കണക്ക് സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കണക്കുകളാണ് ഈ സൂചന നല്‍കുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയര്‍ന്ന മരണനിരക്കിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഗുജറാത്തും തെലങ്കാനയും സമര്‍പ്പിച്ച കണക്ക് വച്ച് ഇവിടെ ഏഴ് മുതല്‍ ഒമ്പത് മടങ്ങ് വരെ കൂടുതലാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വച്ച് നോക്കുമ്പോള്‍ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്. സുപ്രീം കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണ കണക്ക് കൂടുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്.
ഒരു വ്യക്തി കൊവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം. പുതിയ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ഗുജറാത്തില്‍ നിന്ന് ഇത് വരെ കിട്ടിയത് 89,633 അപേക്ഷകളാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മരണ കണക്ക് പതിനായിരത്തിന് അടുത്താണ്. ഇത് വരെ 68,370 അപേക്ഷകളില്‍ സംസ്ഥാനം അനുകൂല തീരുമാനം എടുത്തിട്ടുണ്ട്. 58,840 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും നല്‍കി.
തെലങ്കാനയാണ് ഉയര്‍ന്ന മരണ കണക്ക് പുറത്ത് വരുന്ന മറ്റൊരു സംസ്ഥാനം. നാലായിരത്തിന് അടുത്ത് ഔദ്യോഗിക മരണം മാത്രമുള്ള ഇവിടെ ഇത് വരെ 29,000 അപേക്ഷകളാണ് കിട്ടിയത്. 15,270 അപേക്ഷകളില്‍ അനുകൂല തീരുമാനം എടുത്ത് കഴിഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം മരണമാണ് ഔദ്യോഗിക കണക്കെങ്കില്‍ ഇത് വരെ കിട്ടിയത് രണ്ടേകാല്‍ ലക്ഷത്തിന് അടുത്ത് അപേക്ഷകളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍