കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന് രഞ്ജിത്ത് ചുമതലയേറ്റു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന് രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെത്തിയാണ് ചാര്‍ജ് എടുത്തത്. ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തം ആണെന്നും മുന്നോട്ടു പോകാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ വേണം എന്നും രഞ്ജിത്ത് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായില്ലെങ്കില്‍ ചലച്ചിത്ര മേള മുന്‍നിശ്ചയിച്ചത് പ്രകാരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണയുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.
1987ല്‍ ഒരു 'മെയ് മാസ പുലരി' എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടര്‍ന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ല്‍ 'ദേവാസുരം' എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ ഒരു വഴിത്തിരിവായി മാറി. ആറാം തമ്പുരാന്, സമ്മര്‍ ഇന്‍ ബെത്ലഹേം, നരസിംഹം, വല്യേട്ടന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു.
2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകന്റെ തൊപ്പിയും അണിഞ്ഞു. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. നടന് എന്ന നിലയിലും പ്രതിഭ തെളിയിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഭീഷ്മപര്‍വ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍