ഒമിക്രോണ്‍ : മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്സിനേഷന് ഊര്‍ജ്ജിതമാക്കാനുളള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഓണ്‍ലൈനായാണ് യോഗം.
സംസ്ഥാനത്ത് ഇന്നലെ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.
19 പുതിയ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എല്ലാവരും ശരിയായവിധം മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സിന് എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന് എടുക്കേണ്ടതാണെന്നും മന്ത്രി നിര്‍ദേശിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന് വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍