സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്താനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നത തല സമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വാക്‌സീനേഷന്‍ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂര്‍ണ്ണ ആദ്യഡോസ് വാക്‌സിന്‍ കവറേജാണ് ലക്ഷ്യം. വാക്‌സീനേഷന്‍ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏഴ് ലക്ഷം വാക്‌സീന്‍ കൈയ്യിലുള്ളത് ഇന്നത്തോടെ കൊടുത്തുതീര്‍ക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേര്‍ക്ക് ഒരു ഡോസും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.