റവന്യൂ പട്ടയഭൂമിയിലെ ഈട്ടിമുറി: ഉത്തരവിനായി മുന്‍ എം.എല്‍.എ മുഖ്യമന്ത്രിക്കു നല്‍കിയ കത്ത് പുറത്ത്
കല്‍പ്പറ്റ: വയനാട്ടിലെ റവന്യൂ പട്ടയഭൂമികളിലുള്ള ഈട്ടിമരങ്ങള്‍ കൈവശക്കാര്‍ക്കു മുറിച്ചെടുക്കുന്നതിനു ഉതകുന്ന ഉത്തരവിനായി കല്‍പറ്റ മണ്ഡലം മുന്‍ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്ത് പുറത്ത്. വയനാട് റവന്യൂ പട്ടയഭൂമി സംരക്ഷണ സമിതിക്കായി പ്രസിഡന്റ് ടി.എം.ബേബി സമര്‍പ്പിച്ച നിവേദനം ഉള്ളടക്കം ചെയ്തു 2020 ഫെബ്രുവരി 12നാണ് എം.എല്‍.എ കത്ത് നല്‍കിയത്. വീട്ടിമരങ്ങള്‍ മുറിക്കുന്നതിനു പൊതുഫയലില്‍ ഇല്ലാത്ത പാക്കേജായി ഉത്തരവിറക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നാണ് കത്തിലെ അഭ്യര്‍ത്ഥന. റവന്യൂ പട്ടയഭൂമിയിലെ വീട്ടി ഉള്‍പ്പെടെ എല്ലായിനം മരങ്ങളും മുറിച്ചെടുക്കാന്‍ കൈവശക്കാരെ അനുവദിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്ന സംഘടനയാണ് വയനാട് റവന്യൂ പട്ടയഭൂമി സംരക്ഷണ സമിതി. സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പടെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള കര്‍ഷകര്‍ സമിതിയില്‍ അംഗങ്ങളാണ്.
സമിതി എം.എല്‍.എ. മുഖേന മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനു പിന്നാലെയാണ് റവന്യൂ പട്ടയഭൂമികളിലെ റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി 2020 മാര്‍ച്ചില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയത്. തൃശൂരിലെ വണ്‍ ലൈഫ് വണ്‍ എര്‍ത്ത് എന്ന പരിസ്ഥിതി സംഘടനയുടെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് സര്‍ക്കാര്‍ ഈ സര്‍ക്കുലര്‍ മരവിപ്പിച്ചത്. പിന്നീട് 2020 ഒക്ടോബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് ഇപ്പോള്‍ വിവാദമായ മരംമുറി നടന്നത്. റവന്യൂ വകുപ്പ് ഇറക്കിയ സര്‍ക്കുലറും ഉത്തരവും മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെയും അറിവോടെയായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് സി.കെ.ശശീന്ദ്രന്റെ കത്ത്.