സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം 75 ആഴ്ചകള്‍ നീണ്ട പരിപാടികളോടെ ആഘോഷിക്കും

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പുമായി രാജ്യം. നാളെ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലുളള പരിപാടി ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ആഘോഷം സംബന്ധിച്ച് ആലോചനയ്ക്കായി ചേര്‍ന്ന ഉന്നത തല യോഗം വിപുലമായ ആഘോഷ പരിപാടികള്‍ക്ക് നിര്‍ദേശിച്ചു. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, തുടങ്ങി മറ്റ് പ്രധാന ദേശീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 75 ആഴ്ചകള്‍ നീണ്ട പരിപാടിക്കാണ് യോഗം രൂപം നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലായി 75 സ്ഥലങ്ങളിലാകും പരിപാടി സംഘടിപ്പിക്കുക എന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിച്ചു. 2022ല്‍ ആരംഭിക്കുന്ന ആഘോഷം 2023 ഓഗസ്റ്റ് 15 വരെ തുടരും.
മുഴുവന്‍ പരിപാടികളുടേയും മേല്‍നോട്ടം നേരിട്ട് പ്രധാനമന്ത്രി നിര്‍വഹിക്കും. ആഘോഷങ്ങളുടെ മുന്നോരുക്കം എന്ന നിലയില്‍ മഹാത്മാ ഗാന്ധി നടത്തിയ 24 ദിവസം നീണ്ടുനിന്ന ദണ്ഡി മാര്‍ച്ച് പുനരാവിഷ്‌ക്കരിക്കും. രാജ്യത്തെ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമാക്കാന്‍ നേതാക്കള്‍ നടത്തിയ പ്രയത്‌നത്തെ അനുസ്മരിച്ചാണ് ദണ്ഡി മാര്‍ച്ച് നടത്തുന്നത്. 21 ദിവസം നീണ്ടുനില്‍ക്കുന്ന ദണ്ഡി യാത്ര പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യും. അഹമ്മദാബാദിലെ അഭയ് ഘട്ടില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍