ഇന്ത്യയുടെ പ്രതികാരം; ചെന്നൈയില്‍ തകര്‍പ്പന്‍ ജയം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 317 റണ്‌സിന്റെ മിന്നും ജയം. 482 റണ്‌സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം ഉച്ചഭക്ഷണത്തിന് പിന്നാലെ 164 റണ്‌സിന് പുറത്തായി. രണ്ട് ഇന്നിംഗ്‌സിലും ഇംഗ്ലണ്ടിന് സ്‌കോര്‍ 200 കടത്താന്‍ കഴിഞ്ഞില്ല. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1 എന്ന നിലയില്‍ ഒപ്പമെത്തി.
അവസാന വിക്കറ്റില്‍ മൊയിന്‍ അലിസ്റ്റുവര്‍ട്ട് ബ്രോഡ് സഖ്യം നേടിയ 38 റണ്‌സാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. ഒന്‍പതാം വിക്കറ്റും വീണതോടെ എല്ലാം മറന്ന് ആഞ്ഞടിച്ച അലി അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പടെ 18 പന്തില്‍ 43 റണ്‌സ് നേടി.
അഞ്ച് വിക്കറ്റ് നേടിയ അക്ഷര്‍ പട്ടേലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ബൗളിംഗില്‍ തിളങ്ങിയത്. അശ്വിന്‍ മൂന്നും കുല്‍ദീപ് രണ്ടും വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ എട്ട് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയും നേടിയ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്.
53/3 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ബെന്‍ സ്‌റ്റോക്‌സ് (8), ഒലി പോപ് (12), ബെന്‍ ഫോക്‌സ് (2) എന്നിവരെല്ലാം വന്നപോലെ മടങ്ങി. ക്യാപ്റ്റന്‍ റൂട്ട് പൊരുതാന്‍ ശ്രമിച്ചെങ്കിലും 33 റണ്‌സുമായി അക്ഷര്‍ പട്ടേലിന് മുന്നില്‍ വീണു.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 329, രണ്ടാം ഇന്നിംഗ്‌സ് 286. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 134, രണ്ടാം ഇന്നിംഗ്‌സ് 164
പരമ്പരയിലെ മൂന്നാം ടെസ്റ്റ് 24ന് തുടങ്ങും. പുതുക്കി നിര്‍മിച്ച അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ രാത്രിയും പകലുമായി പിങ്ക് ബോളിലാണ് മത്സരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍