ഉത്തരാഖണ്ഡ് മിന്നല്‍പ്രളയം: 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ 171 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണു മിന്നല്‍പ്രളയമുണ്ടായത്. പ്രദേശത്തെ രണ്ടു വൈദ്യുത പദ്ധതികള്‍ക്കു സാരമായ നാശനഷ്ടമുണ്ടായി. കാണാതായവരില്‍ വൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളും ഏതാനും നാട്ടുകാരും ഉള്‍പ്പെടുന്നു.
വൈദ്യുതപദ്ധതിയുടെ ടണലിനകത്ത് അകപ്പെട്ട 35 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാക്കി.കരസേന, ഐടിബിപി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവ സംയുക്തമായാണു തപോവന്‍വിഷ്ണുഗഡ് പദ്ധതിയുടെ ടണലിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഞായറാഴ്ച രാത്രി മുതല്‍ ശ്രമിക്കുന്നത്. വന്‍തോതില്‍ മണ്ണും ചെളിയും ടണലില്‍ അടിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടോടെ80 മീറ്റര്‍ ദൂരത്തെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്തു. 100 മീറ്റര്‍ ചെളിയും അവശിഷ്ടങ്ങളും നീക്കേണ്ടതുണ്ട്. ടണലിലേക്ക് ഒരു പ്രവേശനകവാടം മാത്രമാണുള്ളത്. 12 അടി ഉയരമുള്ള ഹെഡ് റേസ് ടണലിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്.
27 പേരെ രക്ഷപ്പെടുത്തിയെന്നു സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ഇതില്‍ 12 പേരെ തപോവന്‍വിഷ്ണുഗഡ് പദ്ധതി പ്രദേശത്തുനിന്നും 15 പേരെ ഋഷിഗംഗ പദ്ധതിപ്രദേശത്തുനിന്നുമാണു രക്ഷപ്പെടുത്തിയത്.<യൃ> <യൃ> ഡിആര്‍ഡിഒ സംഘം ചമോലിയില്‍ ഇന്നലെ വ്യോമനിരീക്ഷണം നടത്തി. മഞ്ഞുമല ഇടിഞ്ഞതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായില്ലെന്നു ഡിആര്‍ഡിഒ സംഘം അറിയിച്ചു. ഗ്ലോഫ്(ഗ്ലേസിയല്‍ ലേക്ക് ഔട്ട്ബസ്റ്റ് ഫ്‌ലഡ്) ആണോ മിന്നല്‍പ്രളയത്തിനു കാരണമെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ) ഡയറക്ടര്‍ ജനറല്‍ രഞ്ജിത് രഥ് പറഞ്ഞു. ഉറഞ്ഞുകൂടിയ മഞ്ഞ് തടാകരൂപത്തിലായതു പൊട്ടുന്നതാണു ഗ്ലോഫ്.
ഹിമപാതമല്ല, പര്‍വതഭാഗത്തുനിന്നു ലക്ഷക്കണക്കിനു ടണ്‍ മഞ്ഞ് പെട്ടെന്ന് ഇടിഞ്ഞുവീണതാണു മിന്നല്‍പ്രളയത്തിനു കാരണമായതെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍