മാമൂക്കയെന്ന ഈ ആംബുലന്‍സ് ഡ്രൈവറെ നമുക്ക് മാതൃകയാക്കാം..!

പനമരം:അജ്ഞാതയായ രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ആയിരം കിലോമീറ്ററോളം സഞ്ചരിച്ച് രക്താണുക്കള്‍ ദാനം ചെയ്ത് തിരികെയെത്തിയ പനമരം സ്വദേശി മാമുക്കയെന്ന പി.കെ മുഹമ്മദ് മാതൃകയാകുന്നു. ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായ മാമു തമിഴ്‌നാട് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെത്തിയാണ് രക്താണുക്കള്‍ ദാനം ചെയ്തത്. അങ്കമാലി സ്വദേശിയായ ബിസിനസുകാരന്റെ ഭാര്യയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായാണ് 500 കിലോമീറ്ററോളം താണ്ടി വെല്ലൂരിലേക്കും,തിരിച്ചും മാമു യാത്ര ചെയ്തത്. ദാതാവില്‍ നിന്നും രക്താണുക്കളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സങ്കീര്‍ണ്ണതകളെ ഭയന്ന് നൂറ് കണക്കിനാളുകള്‍ മാറി നിന്നപ്പോഴാണ് അജ്ഞാതയായ ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി മാമു മുന്നോട്ട് വന്നത്.
എ നെഗറ്റീവ് രക്ത ഗ്രൂപ്പിനുടമയായ മാമുവിന്റെ രക്തത്തിലെ ശ്വേത രക്താണുക്കളാണ് രോഗിക്കായി നല്‍കിയത്. ദാതാവിന്റെ ശരീരത്തില്‍ 8 മണിക്കൂര്‍ മുമ്പ് കുത്തിവെപ്പ് നടത്തി രക്താണുക്കള്‍ കൂടുതല്‍ ഉത്പാദിപ്പിച്ച ശേഷം മൂന്ന് മണിക്കൂര്‍ നീളുന്ന പ്രക്രിയയിലൂടെ അധികമായി സൃഷ്ടിച്ച അണുക്കള്‍ ശേഖരിച്ച് സ്വീകര്‍ത്താവിന് കൈമാറുന്ന സങ്കീര്‍ണ്ണ പ്രക്രിയയാണ് വെല്ലൂരില്‍ നടന്നത്. ഇന്ത്യയില്‍തന്നെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമുള്ള ഈ സംവിധാനത്തിലൂടെ ഒരു ജീവന്‍ നഷ്ടമാകാതെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായതില്‍ അതീവ സന്തുഷ്ടനാണ് താനെന്ന് മാമു ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ആംബുലന്‍സ് െ്രെഡവര്‍മാരടക്കമുള്ള രക്ത ദാന വാട്‌സാപ് കൂട്ടായ്മയിലൂടെയാണ് രക്താണുക്കള്‍ ആവശ്യമുള്ള കാര്യം മാമു അറിയുന്നത്. തുടര്‍ന്ന് ആ നമ്പറില്‍ വിളിച്ചപ്പോഴാണ് വെല്ലൂരിലെത്തി രക്തം നല്‍കണമെന്നുള്ള കാര്യം അറിയുന്നത്. തനിക്കറിയാവുന്നതും അല്ലാത്തതുമായ നൂറ് കണക്കിന് എ നെഗറ്റീവ് രക്ത ഗ്രൂപ്പ് കാരെ ഇക്കാര്യത്തിനായി വിളിച്ചൂവെങ്കിലും ആരും തയ്യാറായില്ലെന്ന് രോഗിയുടെ ഭര്‍ത്താവ് മാമുവിനോട് പറഞ്ഞിരുന്നു. ഒടുവില്‍ താന്‍ കാരണം ആ മനുഷ്യജീവന്‍ ഒരുദിവസമെങ്കിലും കൂടുതല്‍ ഭൂമിയില്‍ നില്‍ക്കുമെന്നുള്ളതിനാല്‍ മറ്റൊന്നും നോക്കാതെ മാമു വെല്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. ഞായറാഴ്ച പുറപ്പെട്ട മാമു തിങ്കളാഴ്ച എല്ലാ പരിശോധനകള്‍ക്കും വിധേയനായ ശേഷം ഇന്നലെ രാവിലെ രക്താണുക്കള്‍ നല്‍കിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രോഗിയുടെ ഭര്‍ത്താവ് വിമാനടിക്കറ്റടക്കം നല്‍കാമെന്ന് പറഞ്ഞിട്ടും അതിനൊന്നും തയ്യാറാകാതെ ട്രെയിനിലാണ് മാമു യാത്രനടത്തിയത്.
രക്തദാന രംഗത്തേക്ക് വരാന്‍ പലരും മടിക്കുന്നതിന് പിന്നില്‍ അകാരണമായ ഭയാശങ്കകളാണെന്ന് മാമു പറയുന്നു. തന്റെ ഈ ഒരു പ്രവൃത്തികാരണം ഒരാളെങ്കിലും രക്തം ദാനം ചെയ്ത് ഒരു ജീവനെങ്കിലും നഷ്ടമാകാതെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ താനത്രക്കും സന്തുഷ്ടനായിരിക്കുമെന്നും മാമുക്ക പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍