മൊബൈല്‍ ടവറിന്റെ ബാറ്ററി മോഷണം: അന്തര്‍ജില്ലാ മോഷ്ടാക്കള്‍ പിടിയില്‍

ബത്തേരി:ബത്തേരി ബീനാച്ചിയിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറില്‍ നിന്നും, പൂതിക്കാടുള്ള ഐഡിയ ടവറില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച കേസിലെ മൂന്ന് പ്രതികളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തോമാട്ടുചാല്‍ കടല്‍മാട് മഞ്ചേരി പത്തായപൂക്കല്‍ എം.പി റഷീദ് (37), സഹോദരന്‍ എം.പി സലീം(40), കടല്‍മാട് ചേരപറമ്പില്‍ സജില്‍ (30) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അമ്പലവയല്‍ മാടക്കരയിലെ ടവറില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരെത്തുകയും മോഷ്ടാക്കള്‍ കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹന നമ്പര്‍ വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.
മാടക്കരയില്‍ ഇന്‍ഡസ് കമ്പനി നടത്തുന്ന ടവറിന്റെ ബാക്കപ് ബാറ്ററികള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ടെക്‌നീഷന്റെ മൊബൈലിലേക്ക് മെസ്സേജ് വരികയും, തുടര്‍ന്ന് ടെക്‌നീഷ്യനും നാട്ടുകാരും സ്ഥലത്തെത്തുകയുമായിരുന്നു. അപ്പോഴേക്കും ടവറിലെ 24 ബാറ്ററികളും മോഷ്ടാക്കള്‍ അഴിച്ചുമാറ്റുകയും, രണ്ടെണ്ണം അവരുടെ വാഹനത്തിലേക്ക് കയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടുകാര്‍ എത്തിയതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ വാഹനവുമായി സ്ഥലം വിട്ടു. തുടര്‍ന്ന് വാഹന നമ്പര്‍ കേന്ദ്രീകരിച്ച് ബത്തേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ വലയിലാകുകയായിരുന്നു.
പ്രതികള്‍ ബീനാച്ചിയിലെ ബിഎസ്എന്‍എല്‍ ടവറില്‍ നിന്നും 24 ബാറ്ററികളും, പൂതിക്കാടുള്ള ഐഡിയ ടവറില്‍ നിന്നും 24 ബാറ്ററികളും മോഷ്ടിച്ച കേസിലെ പ്രതികളാണ് മൂവര്‍സംഘം. കൂടാതെ കാസര്‍കോഡ് മുതല്‍ തൃശ്ശൂര്‍വരെയുള്ള പല സ്ഥലങ്ങളിലും സമാനരീതിയില്‍ മൊബൈല്‍ ബാറ്ററികള്‍ മോഷ്ടിച്ച കേസുകളിലെ പ്രതികളാണിവരെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിന് സ്വന്തമായുള്ള ഓംനി വാനിലെത്തി രാത്രികാലങ്ങളില്‍ ടവറുകളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച ശേഷം ഇവര്‍ വിലക്കുറവില്‍ വില്‍പ്പന നടത്തുകയാണ് പതിവ്. രണ്ടര ലക്ഷത്തോളം വിലവരുന്ന ബാറ്ററികള്‍ 40000 രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തി വന്നിരുന്നത്.
ഇത്തരത്തില്‍ പ്രതികളില്‍ നിന്നും ബാറ്ററികള്‍ വാങ്ങിയവര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഡി സുനില്‍, എസ്‌ഐ മാരായ അബ്ദുള്ള, സണ്ണി തോമസ്, എസ്.സി.പി.ഓ മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് മോഷ്ടാക്കളെ വലയിലാക്കിയത്. പ്രതികളെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍