വയനാട്ടിലെ ഭൂമിയുടെ മാറ്റം സ്വഭാവികം : മുരളി തുമ്മാരുകുടി

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പലസ്ഥലങ്ങളിലുമുണ്ടായത് ഭൂമിയുടെ സ്വാഭാവികമാറ്റം മാത്രമാണെന്നും ഘടനമാറ്റം പോലുള്ള പ്രതിഭാസമല്ലെന്നും ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദുരന്ത ലഘൂകരണ മേധാവി മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. ഭൂമികുലക്കം പോലുള്ള സാഹചര്യങ്ങളിലാണ് കെട്ടിടം താഴ്ന്നു പോകുന്നതടക്കമുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്. പ്രാദേശികമായ ഭൂമിയുടെ ചിലമാറ്റങ്ങളാണ് കെട്ടിടം താഴ്ന്നു പോകാനിടയായതെന്നാണ് കരുതുന്നത്. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ജില്ലയില്‍ കൂടുതല്‍ ശാസ്ത്രീയ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലടക്കം ഇനിയും പ്രകൃതി ദുരന്തങ്ങളുടെ നിരതന്നെയുണ്ടാവും. മഴയുടെ സാന്ദ്രതയും താപനിലയും വര്‍ദ്ധിക്കും. അതിനാല്‍ പ്രധാനമായും വയനാട് ജില്ല അഭിമുഖികരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയുമായിരിക്കും. പ്രവചന സാധ്യതയുള്ളതാണ് മലയിടിച്ചലും ഉരുള്‍പ്പൊട്ടലുമെല്ലാം. അതിനായി ഉപഗ്രഹ ചിത്രങ്ങളടക്കം ഉപയോഗിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മലമുകളില്‍ വീടുകളും റോഡുകളും നിര്‍മ്മിക്കാനുള്ള സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കാന്‍ കേരളത്തിനും കഴിയണം. നവകേരള നിര്‍മ്മാണം പഴയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണമായിരിക്കരുതെന്നും ചിന്താഗതികളില്‍ മാറ്റം വരണമെന്നും ദുരന്തത്തെ നേരിട്ട കൂട്ടായ്മ നിലനിറുത്താന്‍ മലയാളികള്‍ക്കു കഴിയണമെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
ഭൂമി നിക്ഷേപമായി കാണുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ സുസ്ഥിര വികസനത്തിന് കേരളത്തില്‍ സാധ്യതയുണ്ട്. വീടും ഭൂമിയും നിക്ഷേപമായി കാണുന്നതാണ് പരിസ്ഥിതിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇതിനുമാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിഭൂമി കൃഷിഭൂമിയായി തന്നെ സംരക്ഷിക്കാന്‍ കഴിയണം. ഇതിന്റെ മികച്ച മാതൃകകള്‍ ലോകത്ത് പലയിടത്തുമുണ്ട്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് 25 ശതമാനം കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും കാരണം. ക്വാറി ഉല്‍പ്പന്നള്‍ക്ക് ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നതാണ് പ്രധാന പ്രശ്‌നം. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകള്‍ ആരും താമസിക്കാതെ പൂട്ടിക്കിടക്കുന്നുണ്ട്. ഇത് നിരുത്സാഹപ്പെടുത്തുന്നതിന് ശ്രമം ഉണ്ടാകണം. അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പു വരെ കാലാവസ്ഥ വ്യതിയാന വിഷയങ്ങളില്‍ മലയാളികള്‍ വേണ്ടത്ര താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ പ്രളയം ഹ്രസ്വക്കാലത്തേക്കെങ്കിലും കേരളത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ക്കും വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ദുരന്തനിവാരണ പ്ലാന്‍ ഉണ്ടാക്കണമെന്നും അവ കുട്ടികളില്‍ കൂടുതല്‍ അവബോധം വളര്‍ത്തുകയും അത്യാഹിതം കുറയ്ക്കുകയും ചെയ്യും. നഗര പ്ലാനിംഗിലടക്കം സ്വീകരിച്ചു വരുന്ന അശാസ്ത്രീയ രീതികള്‍ക്കു മാറ്റമുണ്ടാകാനും പുതിയ ചര്‍ച്ചകള്‍ക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സാങ്കേതികത്വം കുറവാവശ്യമുള്ള ജോലികളാണ് കോണ്‍ക്രീറ്റ് നിര്‍മ്മാണ രീതികള്‍. എന്നാല്‍ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് കോണ്‍ക്രീറ്റിന്റെ ഉപയോഗം കുറയ്‌ക്കേണ്ട കാലമതിക്രമിച്ചു കഴിഞ്ഞെന്നും ശാസ്ത്രീയമായ പരിസ്ഥിതി സൗഹൃദ രീതികളാണ് അവലംബിക്കേണ്ടതെന്നും മുരളി തുമ്മാരുകുടി സൂചിപ്പിച്ചു. പ്രളയക്കാലത്തെ കേരളത്തെ ഐക്യം ലോകത്തിനു തന്നെ മാതൃകയാണെന്നും യുവാക്കളുടെതടക്കമുള്ളവരുടെ ഇടപ്പെടല്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
നിര്‍ദ്ദേശങ്ങള്‍
പ്രളയത്തിനു ശേഷമുള്ള പ്രധാന വെല്ലുവിളി പ്രളയാനന്തര മാലിന്യങ്ങളുടെ സംസ്‌കരണമാണ്. അതിനുള്ള സാധ്യതകളെല്ലാം പരിശോധിക്കണം. പ്രളയത്തിനു ശേഷം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സ്‌പോണ്‍സര്‍മാരെ ഹ്രസ്വക്കാലത്തേക്കെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞാല്‍ വിദ്യാഭ്യാസം മുടങ്ങുന്നതടക്കമുള്ള സാഹചര്യം ഒഴിവാക്കാന്‍ കഴിയും. ദുരന്തങ്ങള്‍ ഉണ്ടാകുന്നയിടങ്ങളിലെയെല്ലാം പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മാനസിക പ്രശ്‌നങ്ങള്‍. ഇത് പരിഹരിക്കാന്‍ ദീര്‍ഘക്കാലാടിസ്ഥാനത്തില്‍ കൗണ്‍സലിംഗ് നടത്തണം. തകര്‍ന്ന സാമ്പത്തിക നില തിരിച്ചു കൊണ്ടുവരാനും കുതിച്ചു ചാട്ടം നടത്താനും പ്രദേശത്തിന് അനുയോജ്യമായ ആഘോഷ പരിപാടികളിലൂടെ കഴിയുമെന്നാണ് തന്റെ അനുഭവമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. വന്നു പോയ ദുരന്തത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കാതെ വരാന്‍ സാധ്യതയുള്ള ദുരന്തങ്ങളെകൂടി മുന്‍കൂട്ടി മനസ്സിലാക്കാന്‍ ശ്രമിക്കണം. ദുരന്തങ്ങള്‍ ഇനിയുമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കാര്യക്ഷമമായ ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ ഒരുക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാരത്തോണ്‍ പ്രക്രിയയാണ്. അതിനാല്‍ പൂര്‍വ്വസ്ഥിതിയിലെത്താന്‍ കേരളത്തിന് ചുരുങ്ങിയത്് മൂന്നു വര്‍ഷമെങ്കിലുമെടുക്കുമെന്നും മുരളി തൂമ്മാരുകുടി ഓര്‍മ്മിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍