സുരക്ഷിത ഭൂമിയും വീടും നല്‍കാം; സങ്കടപ്പേമാരിക്ക് മന്ത്രിയുടെ പരിഹാരം

ജനിച്ചതു മുതല്‍ ഞങ്ങള്‍ക്കിത് പതിവാണ്. നന്നായൊന്ന് മഴ പെയ്താലുടന്‍ കിടപ്പാടം വിട്ടോടി സ്‌കൂളുകളിലും മറ്റും മാറിത്താമസിക്കേണ്ടി വരുന്നു. ഈ കാലവര്‍ഷക്കാലത്ത് തന്നെ ഇത് മൂന്നാം തവണയാണ് ഞങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തിലെത്തുന്നത്. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് എസ്.എ.എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനു മുമ്പില്‍ സങ്കടപേമാരിയായി കൊളവയല്‍- ചെറിയമൊട്ടംകുന്ന് പട്ടികവര്‍ഗ്ഗ കോളനി വാസികള്‍.മഴ പെയ്താലുടന്‍ വെള്ളം കയറുന്ന ഇപ്പോഴത്തെ വാസ സ്ഥലം മറ്റൊരിടത്തേക്ക് മാറ്റിത്തരണമെന്ന അവരുടെ ആവശ്യം കേട്ട മന്ത്രി അഞ്ചോ പത്തോ വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ളാറ്റ് മാതൃകയിലുള്ള വീടുകള്‍ പറ്റുമോ എന്നാരാഞ്ഞപ്പോള്‍ ഏക സ്വരത്തില്‍ അവര്‍ സമ്മതമറിയിച്ചു.
സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതികളിലൊന്നായ ലൈഫ് മിഷനില്‍ ഇത്തരം വീടുകള്‍ വിഭാവന ചെയ്യുന്നുണ്ടെന്നും അതിനായി സ്ഥലം കണ്ടെത്താനാവുമോയെന്നും മന്ത്രി ഒപ്പമുണ്ടായിരുന്ന സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യോട് ആരാഞ്ഞു. എത്രയും വേഗം സ്ഥലം കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ കോട്ടത്തറ വില്ലേജ് ഓഫീസര്‍ ടി.വി.കുര്യാക്കോസിന് മന്ത്രി നിര്‍ദ്ദേശവും നല്‍കി. സാധാരണ വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം ലഭ്യമാണെങ്കില്‍ അക്കാര്യവും അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ക്യാമ്പിലെ സൗകര്യങ്ങളില്‍ ക്യാമ്പിലുള്ളവര്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചു. ഇവര്‍ ആവശ്യപ്പെടുന്ന ഭക്ഷണം നല്‍കണമെന്നും മെനുവില്‍ ചക്കനും മീനും ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടാതെതന്നെ മന്ത്രി നിര്‍ദ്ദേശിച്ചു.
നേരത്തെ മന്ത്രി മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് തരിപ്പണമായ കോട്ടത്തറ അങ്ങാടി സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രളയം ബാധിച്ച വെണ്ണിയോട് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തിലെത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും തൊട്ടടുത്ത സി.പി.ഐ (എം) വെണ്ണിയോട് ലോക്കല്‍ കമ്മിറ്റി ഓഫീസിലുമാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനിപൊയില്‍ ആദിവാസി കോളനിവാസികളാണ് ഈ ക്യാമ്പില്‍ കഴിയുന്നവരിലേറെയും. ക്യാമ്പില്‍ ലഭിക്കുന്ന ഏതെങ്കിലും സൗകര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നാവശ്യപ്പെട്ട മന്ത്രി കുട്ടികളോട് കുശലാന്വേഷണവും നടത്തി. പുസ്തകങ്ങളുള്‍പ്പെടെ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തു തരുമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. രണ്ട് പശുക്കളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട തുരുത്തി ബഷീര്‍, ലക്ഷങ്ങളുടെ വളം നഷ്ടപ്പെട്ട പാറക്കോട്ടില്‍ ജോയ് ജോര്‍ജ്, പ്രളയത്തില്‍ സാധനങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട അപ്പൂസ് ബേക്കറി ഉടമ കെ.എം.ബെന്നി, വീടു തകര്‍ന്ന ജീബോധി അമ്മദ് തുടങ്ങിയവര്‍ മന്ത്രിക്കു മുമ്പില്‍ സങ്കടങ്ങള്‍ നിരത്തി. തലപ്പുഴ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പും തിരുനെല്ലി ബാവലി ഗവ.യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു. ക്യാമ്പില്‍ നിന്ന് തിരിച്ച് പോകുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് പകരം പഞ്ചായത്ത് തലത്തില്‍ പകരം വീടുണ്ടാകുന്നതു വരെ താമസ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഒ.ആര്‍ കേളു എം.എല്‍.എ,കോട്ടത്തറ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് വി.എന്‍.ഉണ്ണികൃഷ്ണന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ.സരോജിനി, സി.പി.ഐ (എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സി.മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് കരിങ്ങാള, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സാജിത തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍