വയനാട്ടില്‍ സംഭവിച്ചത് പ്രളയദുരന്തമല്ല പ്രകൃതിദുരന്തം

വയനാട്ടില്‍ സംഭവിച്ചത് ഒരു പ്രളയദുരന്തമല്ല. വളരെ തീവ്രമായൊരു പ്രകൃതിദുരന്തമാണ്. മഴമാറിയാലോ വെള്ളമിറങ്ങിയാലോ തീരുന്നതല്ല വയനാടിന്റെ കെടുതികള്‍. വയനാടിന്റെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ ഒരു യുദ്ധഭൂമിയുടെ കെടുതികളാണ് കാണാന്‍ സാധിക്കുക. സമീപകാലത്തൊന്നും കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിയാത്ത രീതിയില്‍ മണലും എക്കലും അടിഞ്ഞ വയലുകള്‍, ദിവങ്ങളോളം വെള്ളത്തില്‍ മുങ്ങി നിന്ന കവുങ്ങും, വാഴയും, വെള്ളത്തിലായ കുരുമുളകു തോട്ടങ്ങളുമുണ്ട്. മഴ മാറിയാലും ഇവയൊന്നും പഴയത് പോലെ കര്‍ഷകനെ സംബന്ധിച്ച് പ്രൊഡക്ടീവാകാന്‍ വഴിയില്ല. ഒന്നോ രണ്ടോ മൂന്നോ ഏക്കര്‍ ഭൂമി സ്വന്തമായുള്ള ഇടത്തരം കര്‍ഷകരെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമാണ്. ചെറുകിട കര്‍ഷകരെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം കര്‍ഷക തൊഴിലാളികളുണ്ട് വയനാട്ടില്‍. അവരുടെ വരുമാന ശ്രോതസു കൂടിയാണ് കുറച്ചു മാസത്തേക്കെങ്കിലും പ്രകൃതിദുരന്തം തകര്‍ത്തിരിക്കുന്നത്. ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുന്നതോടെ വയനാട്ടിലെ ഗ്രാമങ്ങളും ചെറു ടൗണുകളും കേന്ദ്രീകരിച്ച് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാകും. പറഞ്ഞു വരുന്നത് വെള്ളമിറങ്ങുന്നതോടെ തീരുന്നതല്ല വയനാടിന്റെ പ്രതിസന്ധിയെന്ന വസ്തുതയാണ്.
പ്രകൃതിദുരന്തം അക്ഷരാര്‍ത്ഥത്തില്‍ വയനാടിനെ ഉഴുതുമറിച്ചിരിക്കുകയാണ്. പ്രധാന റോഡുകള്‍ മുതല്‍ ഗ്രാമീണ റോഡുകള്‍ വരെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. പൂര്‍ണ്ണമായും ഭാഗീകമായും കിടപ്പാടം നഷ്ടപ്പെട്ടവര്‍ ധാരാളമാണ്. പ്രകൃതിക്ഷോഭത്തിന് മുമ്പുണ്ടായിരുന്ന വയനാടിനെ റീ കണ്‍സ്ട്രക്ട് ചെയ്‌തെടുക്കുക ശ്രമകരമായൊരു ദൗത്യം തന്നെയാണ്.
പ്രകൃതിക്ഷോഭം വയനാടിനെ ഒരു മുപ്പത് വര്‍ഷമെങ്കിലും പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് പത്തുകൊല്ലത്തിലേറെ സമയം വേണ്ടിവരും വയനാട്ടിന് പ്രകൃതിദുരന്തത്തിന് മുമ്പുള്ള നില കൈവരിക്കാന്‍. വയനാടിനെ റീ കണ്‍സ്ട്രക്ട് ചെയ്‌തെടുക്കാന്‍ വ്യക്തമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും അത്യാവശ്യമാണ്. ജനങ്ങളുടെ ഉപജീവനവും അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും മുന്‍നിര്‍ത്തി കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ വയനാടിനെ സംബന്ധിച്ച് അത്യാവശ്യമാണ്. ലഭ്യമായ മനുഷ്യവിഭവശേഷിയെക്കൂടി ഗുണപരമായി ഉയോഗപ്പെടുത്താനുള്ള ഏകോപനവും ആസൂത്രണവുമാണ് ബന്ധപ്പെട്ട വകുപ്പുകള്‍ കൈ കൊള്ളേണ്ടത്. വയനാടിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ വ്യവസ്ഥാപിതമായ പദ്ധതി നിര്‍വ്വഹണ ശീലങ്ങളിലുടെയാണ് നടപ്പിലാക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഗുണഭോക്താക്കള്‍ ചോരയൂറ്റുന്ന വയനാട്ടിലെ പരമ്പരാഗത ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകച്ചവടക്കാരായിരിക്കും.
വയനാടിന് പ്രതിസന്ധിയെ മറികടന്ന് സാമ്പത്തികമായ അതിജീവനം സാധ്യമാകണമെങ്കില്‍ കൃഷിയല്ലാത്ത ബദല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ ആരായപ്പെടണം. encash ചെയ്യപ്പെടാവുന്ന വയനാടിന്റെ സാധ്യതകള്‍ പ്രകൃതി സൗഹാര്‍ദ്ദപരമായുള്ള വരുമാന ശ്രോതസ്സുകളാക്കി മാറ്റിയെടുക്കാനുള്ള ആലോചനകള്‍ ആവശ്യമാണ്. ആളുകള്‍ക്ക് ഉപജീവനത്തിനായി ഒരു ശാശ്വത വരുമാനത്തിനുള്ള ചെറുകിട സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങളെക്കുറിച്ച് ഇന്നവേറ്റീവായ ചിന്തയും ആലോചനയും വയനാട്ടിലെ അഭ്യസ്തവിദ്യരായ പ്രൊഫഷണലുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.വയനാട്ടിലെ പാവപ്പെട്ട കര്‍ഷകനും സാധാരണക്കാരനും ആദിവാസി ജനസമൂഹത്തിനും ഒറ്റക്കൊരു അതിജീവനം അസാധ്യമാണ്. വലിയൊരു കൈത്താങ്ങ് അവര്‍ക്ക് അത്യാവശ്യമാണ്. സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൃത്യമായ ദിശാബോധത്തോടെ പ്രകൃതിദുരന്തത്തിന് ശേഷമുള്ള വയനാടിനെ സമീപിച്ചില്ലെങ്കില്‍ സാമൂഹിക അസമത്വത്തിന്റെ കലാപഭൂമിയായി വയനാട് മാറും.
ദിപിന്‍ മാനന്തവാടി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍