വിദഗ്ധസമിതി പണി തന്നു; ദേശീയപാതയില്‍ രാത്രിയാത്ര വിലക്ക് തുടരണമെന്നു റിപ്പോര്‍ട്ട്

കല്‍പ്പറ്റ:കോഴിക്കോട് കൊല്ലേഗല്‍ ദേശീയപാത 766ലെ ബന്ദിപ്പുര വനപ്രദേശത്ത് തുടരുന്ന രാത്രിയാത്ര വിലക്കു നീങ്ങുന്നതിനു ഉതകുന്ന റിപ്പോര്‍ട്ട് വിദഗ്ധസമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന വയനാടന്‍ ജനതയുടെ പ്രതീക്ഷ അസ്ഥാനത്തായി. ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ രാത്രിയാത്രയ്ക്കുള്ള നിയന്ത്രണം ഇപ്പോഴുള്ളതുപോലെ തുടരണമെന്നാണ് വിദഗ്ധ സമിതി സുപ്രീം കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. സമിതിക്കുവേണ്ടി നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോരിറ്റി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ്കുമാര്‍ തയാറാക്കിയതാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ദേശീയ ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി ചെയര്‍മാനായ സമിതി. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്കു വന്ന ജനുവരി പത്തിനു സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് രൂപീകരിച്ചതാണ് വിദഗ്ധ സമിതി. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതി നിര്‍ദേശം. രാത്രിയാത്ര നിരോധന വിഷയത്തില്‍ ആവശ്യമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് കോടതി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് സമിതിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധി. ഡല്‍ഹി, തിരുവനന്തപുരം, ബംഗളൂരു, ബന്ദിപ്പുര എന്നിവിടങ്ങളില്‍ സിറ്റിംഗ് നടത്തിയ വിദഗ്ധ സമിതി ഫീല്‍ഡ് വിസിറ്റും നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ദേശീയപാതയിലെ ബന്ദിപ്പുര കടുവ സങ്കേതം പരിധിയില്‍ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയില്‍ ഗതാഗതം നിരോധിച്ച് കര്‍ണാടക ഹൈക്കോടതി 2010 മാര്‍ച്ച് ഒമ്പതിനാണ് ഉത്തരവായത്. കോഴിക്കോട്‌കൊല്ലേഗല്‍ ദേശീയ പാതയ്ക്കു പുറമേ ഊട്ടിഗുണ്ടില്‍പേട്ട ദേശീയപാതയിലും ബന്ദിപ്പുര വനഭാഗത്ത് രാത്രിയാത്ര വിലക്ക് ബാധകമാണ്. കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌പെഷല്‍ ലീപ് പെറ്റീഷനാണ് സുപ്രീം കോടതിയിലുള്ളത്. ദേശീയപാതയില്‍ വാഹന ഗതാഗതത്തിനു നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും നിരോധനസമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കോഴിക്കോട്‌കൊല്ലേഗല്‍, ഊട്ടിഗുണ്ടില്‍പേട്ട പാതകളില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ രാത്രികാല വാഹനഗതാഗതത്തില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍. ബന്ദിപ്പുര വനപ്രദേശത്തെ രാത്രികാല വാഹന ഗതാഗതവുമായി കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികള്‍ പൊരുത്തപ്പെട്ടുവെന്നും ഇവയുടെ ദീര്‍ഘകാല സംരക്ഷണത്തിനു ഗതാഗതനിയന്ത്രണം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയപാതകളില്‍ കടുവ സങ്കേതം പരിധിയില്‍ രാത്രകാലങ്ങളില്‍ വന്യജീവികള്‍ വാഹനങ്ങള്‍ തട്ടി ചാകുന്നതു ഒഴിവാക്കുന്നതിനു ടൈഗര്‍ കണ്‍സര്‍വേഷന്‍ ആക്ഷന്‍ പ്ലാനിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുസരിച്ചാണ് കര്‍ണാടക രാത്രിയാത്രവിലക്ക് ഏര്‍പ്പെടുത്തിയതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാത 766ന്റെ അതേ നിലവാരമുള്ളതാണ് കര്‍ണാടക പകരം നിര്‍ദേശിക്കുന്ന ഹുന്‍സൂര്‍ഗോണിക്കുപ്പകുട്ടവയനാട് റോഡെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാത്രിയാത്രാവിലക്കുമൂലം യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമതകള്‍ ഒഴിവാക്കുന്നതിനു ഉതകതുന്ന നിര്‍ദേശങ്ങള്‍ ബന്ദിപ്പുരയില്‍ നടത്തിയ സിറ്റിംഗില്‍ വിദഗ്ധ സമിതി മുമ്പാകെ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, അന്നത്തെ വയനാട് ജില്ലാ കലക്ടര്‍ ഡോ.എസ്. സുഹാസ്, ബത്തേരി നഗരസഭ മുന്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ജനതാദള്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ജോയി, ബത്തേരിയിലെ പൊതുപ്രവര്‍ത്തകന്‍ പി.വൈ. മത്തായി തുടങ്ങിയവര്‍ സമര്‍പ്പിച്ചിരുന്നു. സമിതിയംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് ബന്ദിപ്പുരയില്‍നിന്നു തിരിച്ചെത്തിയ എം.എല്‍.എയും മറ്റും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി കണക്കിലെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍